Connect with us

Kerala

ഡിജിപി പൊന്നാമറ്റം വീട് സന്ദര്‍ശിച്ചു; ഷാജുവിനേയും ജോണ്‍സന്റെ ഭാര്യയേയും കൊലപ്പെടുത്താന്‍ പദ്ധതിയിട്ടുവെന്ന് ജോളിയുടെ മൊഴി

Published

|

Last Updated

കോഴിക്കോട്:കൂടത്തായിയില്‍ കൂട്ടക്കൊലപാതകങ്ങള്‍ പൊന്നാമറ്റം വീട് ഡി ജി പി ലോക്‌നാഥ് ബെഹ്‌റ സന്ദര്‍ശിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്‍ റൂറല്‍ എസ് പി സൈമണിനൊപ്പമാണ് ബെഹ്‌റ ഇന്ന് രാവിലെ പൊന്നാമറ്റം വീട്ടിലെത്തി പരിശോധന നടത്തിയത്. വടകര റൂറല്‍ എസ പി ഓഫീസിലെത്തുന്ന ഡി ജി പി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തല അന്വേഷണ പുരോഗതി വിലയിരുത്തും.തുടര്‍ന്ന് അദ്ദേഹം മാധ്യമങ്ങളെ കാണുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന.

അതേ സമയം കേസിലെ മുഖ്യപ്രതി ജോളി തന്റെ രണ്ടാം ഭര്‍ത്താവ് ഷാജുവിനേയും കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നുവെന്ന് മൊഴി നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഷാജുവുമായി അസ്വാരസ്യത്തിലായിരുന്ന ജോളി ഷാജുവിനെ ഇല്ലാതാക്കി ബി എസ് എന്‍ എല്‍ ജീവനക്കാരന്‍ ജോണ്‍സണെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു. ഇതിനായി ജോണ്‍സന്റെ ഭാര്യയെ അപായപ്പെടുത്താനും ശ്രമിച്ചു. ഇരു കുടുംബങ്ങളും തമ്മില്‍ നല്ല സൃഹൃദം നിലനില്‍ക്കെ വിനോദയാത്ര പോയപ്പോള്‍ ജ്യൂസില്‍ വിഷം നല്‍കിയാണ് ജോണ്‍സന്റെ ഭാര്യയെ കൊല്ലാന്‍ ശ്രമിച്ചത്. എന്നാല്‍ ജോണ്‍സന്റെ ഭാര്യ ജ്യൂസ് കഴിക്കാത്തതിനാല്‍ രക്ഷപ്പെടുകയായിരുന്നു. അതേ സമയം ജോളിയുമായി നല്ല സൗഹൃദമുണ്ടായിരുന്നുവെന്ന് ജോണ്‍സണ്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ജോണ്‍സനെ കാണാന്‍ ജോളി നിരവധി തവണ കോയമ്പത്തൂരില്‍ പോയതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

കൂടത്തായി കൂട്ടമരണത്തില്‍ ആറു കേസുകള്‍ ആറു സംഘങ്ങളായാണ് ഇനി അന്വേഷിക്കുക. അന്വേഷണം കൂടുതല്‍ സൂക്ഷ്മമായി നടത്തുന്നതിനുവേണ്ടിയാണ് ഈ തീരുമാനം.കോടഞ്ചേരി പൊലീസ് സ്‌റ്റേഷനിലാണ് അഞ്ച് കേസുകളും രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ അന്നമ്മ തോമസിന്റെ മരണം പേരാമ്പ്ര സി ഐ കെ കെ ബിജുവും ടോം തോമസിന്റെ മരണം കുറ്റ്യാടി സി ഐ എന്‍ സുനില്‍കുമാറും മഞ്ചാടി മാത്യു കൊലപാതകം കൊയിലാണ്ടി സി ഐ ഉണ്ണികൃഷ്ണനും ആല്‍ഫൈന്‍ കൊലപാതകം തിരുവമ്പാടി സി ഐ ഷാജു ജോസഫും താമരശ്ശേരി പൊലീസില്‍ രജിസ്റ്റര്‍ ചെയ്ത സിലിയുടെ മരണം വടകര കോസ്റ്റല്‍ പൊലീസ് സി ഐ സിജുവും അന്വേഷിക്കും.