Connect with us

Ongoing News

ഡബിളടിച്ച് കോലി; ഇന്ത്യക്ക് ഇരട്ടി സന്തോഷം

Published

|

Last Updated

പുനെ: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് ഇരട്ടസെഞ്ച്വറി. ഇതോടെ പരമ്പരയില്‍ മുന്നിലുള്ള ഇന്ത്യ രണ്ടാം മത്സരത്തില്‍ കൂറ്റന്‍ സ്‌കോറിലേക്ക്. ആദ്യ ഇന്നിംഗ്‌സില്‍ രണ്ടാം ദിനം
കളി നിര്‍ത്തുമ്പോള്‍ 144 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 483 റണ്‍സെന്ന നിലയിലാണ് ഇന്ത്യ.

ആദ്യ ദിനം 63 റണ്‍സെടുത്ത് പുറത്താകാതെ നിന്ന കോലി 295 പന്തുകളില്‍ നിന്നാണ് കോഹ്ലി 200 തികച്ചത്. 28 ബൗണ്ടറികളാണ് കോലി നേടിയത്. 173 പന്തുകളില്‍ നിന്നാണ് കോലി സെഞ്ച്വറി പൂര്‍ത്തിയാക്കിയ കോലി 122 പന്തു കൂടി നേരിട്ട് ഡബിളടിച്ചു. കോഹ്ലിയുടെ ഏഴാം ഇരട്ടസഞ്ച്വറിയാണിത്. ഈ പരമ്പരയില്‍ ഇന്ത്യന്‍ താരം നേടുന്ന രണ്ടാം ഇരട്ടസെഞ്ചുറി കൂടിയാണിത്. ഒന്നാം ടെസ്റ്റില്‍ ഓപ്പണര്‍ മായങ്ക് അഗര്‍വാളും ഇരട്ടസെഞ്ചുറി നേടിയിരുന്നു.

കോലിയോടൊപ്പം ഇന്ന് ബാറ്റിംഗ് പുനരാംഭിച്ച അജിന്‍ക്യ രഹാനെ 59 റണ്‍സെടുത്ത് പുറത്തായി. എട്ട് ബൗണ്ടറികള്‍ നേടിയ രഹാനയെ കേശവ് മഹാരാജാണ് പുറത്താക്കിയത്. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 178 റണ്‍സാണ് അടിച്ചുകൂട്ടിയത്. 29 റണ്‍സുമായി രവീന്ദ്ര ജഡേജയാണ് കോലിയോടൊപ്പം ക്രീസില്‍.

രഹാനയെ പുറത്താക്കിയതോടെ മഹാരാജിന്റെ ടെസ്റ്റിലെ നൂറാം വിക്കറ്റിനും മത്സരം സാക്ഷിയായി. 27 ടെസ്റ്റുകളില്‍ നിന്ന് നേട്ടം കൈവരിച്ച മഹാരാജ് ഏറ്റവും വേഗത്തില്‍ നൂറ് വിക്കറ്റ് നേടുന്ന രണ്ടാമത്തെ ദക്ഷിണാഫ്രിക്കന്‍ താരമായി. 22 ടെസ്റ്റകളില്‍നിന്ന് 100 വിക്കറ്റ് നേടിയ ഹഗ് ടെയ്ഫീലാണ് മുന്നില്‍.

ഇരട്ട സെഞ്ച്വറിക്ക് ഇരട്ടി മധുരം

ടെസ്റ്റ് ക്രിക്കറ്റില്‍ കോലിയുടെ ഏഴാമത്തെ ഇരട്ടസെഞ്ചുറിയാണിത്. ഇരട്ടസെഞ്ചുറിയൊടൊപ്പം ടെസ്റ്റില്‍ 7000 റണ്‍സും കോലി മറികടന്നു. ഇതോടെ ഏറ്റവും വേഗത്തില്‍ ഈ നേട്ടം കൈവരിക്കുന്ന താരങ്ങളില്‍ കോലി നാലാമനായി. 138ാം ഇന്നിംഗ്‌സിലാണ് കോലിയുടെ നേട്ടം. ഗാരി സോബേഴ്‌സ്, കുമാര്‍ സംഗക്കാര എന്നിവരും കോലിക്കൊപ്പം ഈ നാഴികക്കല്ല് താണ്ടിയവരാണ്. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ 136 മത്സരങ്ങളിലാണ് ഈ നേട്ടം കൈവരിച്ചത്. 134 ഇന്നിംഗ്‌സില്‍ നേട്ടം കൈവരിച്ച വീരേന്ദര്‍ സേവാഗ്‌, 131 ടെസ്റ്റില്‍നിന്ന് നേട്ടം സ്വന്തമാക്കിയ വാലി ഹാമണ്ട്‌  എന്നിവരാണ് കോലിക്ക് മുന്നില്‍.

എണ്ണത്തില്‍ മുന്നില്‍ കോലി

ടെസ്റ്റിലെ ഏഴാം ഇരട്ടസെഞ്ചുറി കുറിച്ച കോലി ഏറ്റവും കൂടുതല്‍ ഇരട്ടസെഞ്ചുറി നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി. ആറ് ഇരട്ടസെഞ്ചുറികള്‍ നേടിയ വീരേന്ദര്‍ സേവാഗ്, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്നിവര്‍ക്കൊപ്പം പങ്കിട്ടിരുന്ന റെക്കോര്‍ഡാണ് കോലി തിരുത്തിക്കുറിച്ചത്. എന്നാല്‍, ശ്രീലങ്കന്‍ താരം മഹേള ജയര്‍വര്‍ധനെ, ഇംഗ്ലണ്ടിന്റെ വാള്‍ട്ടര്‍ ഹാമണ്ട് എന്നിവരും ടെസ്റ്റില്‍ ഏഴുവീതം ഇരട്ടസെഞ്ചുറികള്‍ നേടിയിട്ടുണ്ട്. ഇരട്ടസെഞ്ചുറിക്കാരുടെ പട്ടികയില്‍ കോലിക്കൊപ്പം നാലാമതാണിവര്‍. 12 ഇരട്ടസെഞ്ചുറികളുമായി ഓസീസ് ഇതിഹാസം ഡോണ്‍ ബ്രാഡ്മാനാണ് പട്ടികയില്‍ ഒന്നാമത്. 11 ഇരട്ടസെഞ്ചുറികളോടെ ശ്രീലങ്കയുടെ കുമാര്‍ സംഗക്കാരയും ഒമ്പത് ഇരട്ട സെഞ്ച്വറികളോടെ വിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയുമാണ് തൊട്ടു പിന്നില്‍.