എസ് എസ് എല്‍ സി, ഹയര്‍ സെക്കന്‍ഡറി ഉത്തരക്കടലാസുകള്‍ ഏകീകരിക്കുന്നു

Posted on: October 11, 2019 2:57 pm | Last updated: October 11, 2019 at 2:57 pm


സംസ്ഥാനത്ത് എസ് എസ് എല്‍ സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ ഉത്തരക്കടലാസുകള്‍ ഏകീകരിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് നടപടികള്‍ ആരംഭിച്ചു. പരീക്ഷയുടെ സുഗമമായ നടത്തിപ്പിനും ഉത്തരക്കടലാസിന്റെ വിതരണം എളുപ്പമാക്കുന്നതിനുമാണ് നടപടിയെന്നാണ് വിശദീകരണം. പരീക്ഷാ കമ്മിഷണര്‍ നേരത്തേ ഈ ശിപാര്‍ശ സര്‍ക്കാരിന് നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ് പൊതുവിദ്യാഭ്യാസ വകുപ്പ് 2020ലെ പൊതുപരീക്ഷ മുതല്‍ ഉത്തരക്കടലാസുകള്‍ ഏകീകരിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.

ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന്റെ നിലവിലുള്ള ഉത്തരക്കടലാസിന്റെ മുകളിലെ തലക്കെട്ട് മാറ്റിയാണ് ഏകീകരണം നടപ്പാക്കുക. ഇപ്പോള്‍ ഹയര്‍ സെക്കന്‍ഡറി എജ്യുക്കേഷന്‍ എന്നാണ് തലക്കെട്ടുള്ളത്. ഇനിമുതല്‍ ഇത് ജനറല്‍ എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് എന്നാക്കും. ഇതോടെ എസ് എസ് എല്‍ സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി എന്നിവക്കെല്ലാം ഒരുപോലെ ഇതുപയോഗിക്കാനാകും.