എയിംസ്, ജിപ്മര്‍ എം ബി ബി എസ് പ്രവേശനം നീറ്റ് വഴിയാക്കും

Posted on: October 11, 2019 2:56 pm | Last updated: October 11, 2019 at 2:56 pm


ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്), ജവാഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ജിപ്മര്‍) എന്നിവയിലേക്കുള്ള എം ബി ബി എസ് പ്രവേശനം 2020 മുതല്‍ നീറ്റിന് (നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്) യു ജി അടിസ്ഥാനമാക്കാനാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം. രാജ്യത്തെ എം ബി ബി എസ് പ്രവേശനം ഏകീകരിക്കുന്നതിന്റെ ഭാഗമായാണ് മുഴുവന്‍ മെഡിക്കല്‍ പ്രവേശനവും നീറ്റിന്റെ പരീക്ഷാ യോഗ്യതയുടെ അടിസ്ഥാനത്തിലാക്കുന്നത്.

ഇതൊടൊപ്പം ദേശീയ മെഡിക്കല്‍ കമ്മീഷന്‍ നിയമം നിലവിൽ വരുന്നതോടെ പ്രാക്ടീസ് ചെയ്യുന്നതിനും പി ജി കോഴ്‌സിലെ പ്രവേശനത്തിനും നാഷനല്‍ എക്‌സിറ്റ് ടെസ്റ്റ് (നെക്സ്റ്റ്) വിജയിക്കണം. വിദേശത്ത് നിന്ന് മെഡിക്കല്‍ ബിരുദം നേടിയവര്‍ നെക്സ്റ്റ് പരീക്ഷയില്‍ യോഗ്യത നേടണമെന്നും നിര്‍ദേശമുണ്ട്. അതേസമയം പി ജി പ്രവേശനത്തിന് മികച്ച റാങ്ക് ലഭിക്കാന്‍ വിദ്യാര്‍ഥിക്ക് പരിധിയില്ലാതെ നെക്സ്റ്റ് പരീക്ഷ എഴുതാനും അവസരം നല്‍കുന്നുണ്ട്. നിലവില്‍ എയിംസും ജിപ്മറും സ്വന്തമായി പ്രവേശന പരീക്ഷ നടത്തിയാണ് എം ബി ബി എസ്. പ്രവേശനം നടത്തുന്നത്. ന്യൂഡല്‍ഹി, ഭോപാല്‍, ഭുവനേശ്വര്‍, ഗുണ്ടൂര്‍, ജോധ്പുര്‍, നാഗ്പുര്‍, പട്‌ന, റായ്പുര്‍, ഋഷികേശ്, ബത്തിന്‍ഡ, ദിയോഗര്‍, ഗോരഖ്പുര്‍, കല്യാണി, റായ്ബറേലി, തെലങ്കാന എന്നീ 15 എയിംസുകളിലായി 1150 സീറ്റിലേക്കാണ് 2019ല്‍ പ്രവേശനം നടത്തിയത്. പോണ്ടിച്ചേരി (150 സീറ്റ്), കാരൈക്കല്‍ (50 സീറ്റ്) ക്യാമ്പസുകളിലായി 200 സീറ്റികളിലാണ് ജിപ്മറില്‍ എം ബി ബി എസ് പ്രവേശനം.