Connect with us

Kerala

പൊന്നാമറ്റത്തെ വീട്ടില്‍ തെളിവെടുപ്പ് പൂര്‍ത്തിയായി; കീടനാശിനിയുടെ കുപ്പികള്‍ കണ്ടെത്തി

Published

|

Last Updated

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ മൊബൈല്‍ ഫോണ്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ജോളിയുടെ മക്കളുടെ കയ്യിലായിരുന്നു മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നത്. ഇക്കാര്യം ജോളി പോലീസിന് മൊഴി നല്‍കിയിരുന്നു. തുടര്‍ന്നാണ് മക്കള്‍ ഫോണ്‍ പോലീസിന് കൈമാറിയത്. ഇവരുടെ മൊഴികളും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. അതേ സമയം പൊന്നാമറ്റം വീട്ടില്‍ പ്രതികളുമായി തെളിവെടുപ്പിനെത്തിയ പോലീസ് വീട്ട് വളപ്പില്‍നിന്നും  രണ്ട് കീടനാശിനികളുടെ കുപ്പികള്‍ കണ്ടെത്തി. ഇതിലൊരു കുപ്പി കിടപ്പ് മുറിയില്‍നിന്നും മറ്റൊരു കുപ്പി വീട്ടുവളപ്പില്‍നിന്നുമാണ് കണ്ടെത്തിയത്.

രണ്ട് പേരെ കൊലപ്പെടുത്തിയത് കീടനാശിനി ഉപയോഗിച്ചാണെന്ന് ജോളി മൊഴി നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ കണ്ടെടുത്ത കുപ്പി സംബന്ധിച്ച കാര്യങ്ങള്‍ നിര്‍ണായകമാകും.

 

അതേ സമയം സയനൈഡ് ഇവിടെനിന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് അറിയുന്നത്. മണിക്കൂറുകള്‍ നീണ്ടുനിന്ന തെളിവെടുപ്പിന് ശേഷം ജോളി, മാത്യു, പ്രജുകുമാര്‍ അടക്കമുള്ള മൂന്ന് പ്രതികളെ പൊന്നാമറ്റം വീട്ടില്‍നിന്നും തിരികെ കൊണ്ടുപോയി. വീട്ടിലേക്ക് കൊണ്ടുപോകുമ്പോഴും തിരികെ കൊണ്ടുപോകുമ്പോഴും പ്രതികള്‍ക്കെതിരെ ഇവിടെക്കൂടി ജനക്കൂട്ടം വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്. കൂകിവിളിച്ചും ശാപവാക്കുകള്‍ ചൊരിഞ്ഞുമാണ് ജനക്കൂട്ടം ഇവരെ എതിരേറ്റത്. അതേ സമയം പ്രതികളുമായി കൊല്ലപ്പെട്ട മാത്യുവിന്റെ വീട്ടിലേക്കാണ് പോലീസ് തെളിവെടുപ്പിനായി പോയിരിക്കുന്നത്.