Connect with us

National

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ്: ശിവസേനയിൽ നിന്ന് കൂട്ടരാജി

Published

|

Last Updated

മുംബൈ: മഹാരാഷ്ട്രയില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കേ, കല്യാണ്‍ ഈസ്റ്റ് സീറ്റിനെ ചൊല്ലി ശിവസേനയില്‍ കൂട്ടരാജി. 26 മുനിസിപ്പല്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരും മുന്നൂറോളം പ്രവര്‍ത്തകരും സംഘടന വിട്ടു. കല്യാണ്‍ സീറ്റ് ബി ജെ പിക്ക് നല്‍കിയതിൽ പ്രതിഷേധിച്ചാണ് കൂട്ടരാജി.
രാജിവെച്ച കൗണ്‍സിലര്‍മാരില്‍ 16 പേര്‍ കല്യാണ്‍ ഡോംബിവാലി മുനിസിപ്പല്‍ കോര്‍പറേഷനിലെയും മറ്റുള്ളവര്‍ ഉല്‍ഹാസ് നഗര്‍ മുനിസിപ്പല്‍ കോര്‍പറേഷനിലെയും അംഗങ്ങളാണ്.

കഴിഞ്ഞ രണ്ട് തവണയും കല്യാൺ ഈസ്റ്റിൽ ബി ജെ പി സ്ഥാനാർഥികളാണ് ജയിച്ചതെങ്കിലും ഇത്തവണ സീറ്റ് ഏറ്റെടുക്കണമെന്ന് ശിവസേനയുടെ പ്രാദേശിക നേതൃത്വം ആവശ്യപ്പെട്ടിരുന്നു. പക്ഷേ, സീറ്റ് ചര്‍ച്ചയില്‍ കല്യാൺ ഈസ്റ്റിൽ ബി ജെ പി തന്നെ മത്സരിക്കാനാണ് ധാരണയായത്. സീറ്റ് ധാരണ പ്രകാരം 288 മണ്ഡലങ്ങളുള്ള മഹാരാഷ്ട്രയില്‍ ബി ജെ പി 150 ഇടങ്ങളിലും ശിവസേന 124 ഇടങ്ങളിലുമാണ് മത്സരിക്കുന്നത്. ശേഷിക്കുന്ന 14 സീറ്റുകളിൽ സഖ്യത്തിലെ മറ്റ് പാര്‍ട്ടികളാണ് മത്സരിക്കുക.

കല്യാണ്‍ ഈസ്റ്റ് മണ്ഡലത്തിലെ ബി ജെ പി. എം എൽ എയുടെ പ്രവര്‍ത്തനങ്ങളില്‍ ശിവസേനയുടെ പ്രാദേശിക നേതൃത്വം അസംതൃപ്തരായിരുന്നു. ഇവിടെ ധനഞ്ജയ് ബോദ്രെയെ സ്ഥാനാർഥിയാക്കാൻ ശിവസേന ആഗ്രഹിക്കുകയും ചെയ്തു. പക്ഷേ, സീറ്റ് ലഭിക്കാതെ വന്നതോടെ ബോദ്രയെ സ്വതന്ത്ര സ്ഥാനാർഥിയായി നിർത്തിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ശിവസേനയിൽ നിന്ന് ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും രാജിവെച്ചത്. അതിനിടെ, തിരഞ്ഞെടുപ്പിന് തൊട്ടുമുന്പ് ഉണ്ടായിരിക്കുന്ന പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടി ശിവസേന- ബി ജെപി നേതൃത്വം ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.

ഈ മാസം 21 നാണ് മഹാരാഷ്ട്രയില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. 24ന് ഫലം പ്രഖ്യാപിക്കും. 2014ലെ തിരഞ്ഞെടുപ്പില്‍ ബി ജെ പി 122 സീറ്റും ശിവസേന 63 സീറ്റും നേടിയാണ് സംസ്ഥാന ഭരണത്തിലെത്തിയത്.

Latest