Connect with us

Editorial

എയര്‍ ഇന്ത്യക്ക് സംഭവിച്ചത്

Published

|

Last Updated

സമ്മിശ്ര പ്രതികരണമുളവാക്കുന്നതാണ് എയര്‍ ഇന്ത്യ സ്വകാര്യവത്കരിക്കാനുള്ള തീരുമാനം. നാടിന്റെ കരുതല്‍ ശേഖരമാണ് പൊതുമേഖലാ സ്ഥാപനങ്ങള്‍. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി ഉടലെടുക്കുമ്പോള്‍ അത് തരണം ചെയ്യുന്നതില്‍ ഈ സ്ഥാപനങ്ങള്‍ക്ക് മികച്ച പങ്ക് വഹിക്കാനാകും. ഒരു ദശകം മുമ്പ് ആഗോള വ്യാപകമായി അനുഭവപ്പെട്ട സാമ്പത്തിക മാന്ദ്യ ഘട്ടത്തില്‍ ഇന്ത്യയെ പിടിച്ചു നിര്‍ത്തിയതില്‍ നമ്മുടെ പൊതുമേഖലക്ക് പങ്കുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. സമ്പദ്ഘടന മുമ്പെങ്ങുമില്ലാത്ത വിധം മോശപ്പെട്ടു വരുന്ന ഇന്നത്തെ സാഹചര്യത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഒന്നൊന്നായി സ്വകാര്യ മേഖലക്ക് തീറെഴുതിക്കൊടുക്കുന്നതില്‍ ആശങ്കപ്പെടുന്നു സാമ്പത്തിക വിദഗ്ധര്‍.

അതേസമയം, നിലവില്‍ 58,000 കോടിയിലേറെ കടബാധ്യതയുള്ള എയര്‍ ഇന്ത്യ 4,000 കോടിയുടെ അധിക ബാധ്യതയാണ് ഓരോ വര്‍ഷവും സര്‍ക്കാറിനു വരുത്തിവെക്കുന്നത്. 2017-18 സാമ്പത്തിക വര്‍ഷം 23,000 കോടി രൂപയായിരുന്നു കമ്പനിയുടെ വരുമാനം. ചെലവ് 27,000 കോടിയും. 2018-19 സാമ്പത്തിക വര്‍ഷം 25,000 കോടി രൂപയുടെ വരുമാനം നേടിയെങ്കിലും ചെലവ് 29,000 കോടി രൂപയായി ഉയര്‍ന്നു. വര്‍ഷങ്ങളായി നഷ്ടക്കണക്കുകള്‍ മാത്രം പറയുന്ന ഈ പൊതുമേഖലാ സ്ഥാപനം ഒരു വിധേനയും രക്ഷപ്പെടുത്താനാകാത്ത വിധം കൂടുതല്‍ നഷ്ടത്തിലേക്കും ബാധ്യതകളിലേക്കുമാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. രാജ്യത്തെ നികുതി ദായകരെ പിഴിഞ്ഞ് ഇത്രയും വലിയൊരു ബാധ്യത സര്‍ക്കാര്‍ ഇനിയുമെന്തിന് വഹിക്കണമെന്ന ചോദ്യവും ഉയരുന്നുണ്ട്.
സഹസ്രകോടികളുടെ ബാധ്യതയുള്ള എയര്‍ ഇന്ത്യയെ പുനരുദ്ധരിക്കാനും നഷ്ടത്തില്‍ നിന്ന് കരകയറ്റാനുമുള്ള പല ശ്രമങ്ങളും സര്‍ക്കാറുകള്‍ നടത്തിയിരുന്നു. 2012ല്‍ 30,000 കോടി രൂപയുടെ പത്ത് വര്‍ഷത്തേക്കുള്ള പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപിച്ചിരുന്നു. പക്ഷേ ഫലം കണ്ടില്ല. ഈ സാഹചര്യത്തില്‍ നീതി ആയോഗിന്റെ ശിപാര്‍ശ പ്രകാരമാണ് 2017 ജൂണില്‍ കമ്പനിയുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ തീരുമാനിച്ചത്. കമ്പനിയുടെ 76 ശതമാനം ഓഹരികള്‍ വില്‍ക്കാനായിരുന്നു ആദ്യ നീക്കം. എന്നാല്‍ 24 ശതമാനം സര്‍ക്കാറില്‍ തന്നെ നിക്ഷിപ്തമാക്കി സ്ഥാപനം ഏറ്റെടുക്കാന്‍ ആരും മുന്നോട്ട് വരാതായപ്പോഴാണ് 100 ശതമാനം ഓഹരികള്‍ വിറ്റഴിക്കാനുള്ള തീരുമാനത്തിലെത്തിയത്. ആഗസ്റ്റ് അവസാനത്തില്‍ ചേര്‍ന്ന എയര്‍ ഇന്ത്യ ഓഹരി വിറ്റഴിക്കല്‍ മന്ത്രിതല പ്രത്യേക സമിതിയാണ് ഇതിന് പച്ചക്കൊടി കാണിച്ചത്. ആഭ്യന്തര മന്ത്രി അമിത് ഷാ, വ്യോമയാന മന്ത്രി ഹര്‍ദീബ് സിംഗ് പൂരി, ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്‍, റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ എന്നിവര്‍ ഉള്‍ക്കൊള്ളുന്നതാണ് സമിതി.
കമ്പനി സ്വകാര്യ മേഖലക്ക് കൈമാറുന്നതിന് സര്‍ക്കാര്‍ താത്പര്യപത്രം ക്ഷണിച്ചു കഴിഞ്ഞു. എയര്‍ ഇന്ത്യയുടെ വില്‍പ്പനയിലൂടെ നടപ്പു സാമ്പത്തിക വര്‍ഷം 1.05 ട്രില്യണ്‍ (1,05000 കോടി രൂപ) സമാഹരിക്കാനാണ് ഉദ്ദേശിക്കുന്നത്. സെസും സര്‍ചാര്‍ജും ഉള്‍പ്പെടെ 34.94 ശതമാനമായിരുന്ന കോര്‍പറേറ്റ് നികുതി 25.7 ശതമാനമായി വെട്ടിക്കുറച്ചതു വഴി നേരിട്ട 1.45 ട്രില്യണ്‍ രൂപയുടെ വരുമാന നഷ്ടം ഇതിലൂടെ നികത്താനാകുമെന്നാണ് പ്രതീക്ഷ. സര്‍ക്കാര്‍ വിമാന സര്‍വീസ് നഷ്ടത്തിലാകുമ്പോള്‍ സ്വകാര്യവത്കരിക്കുന്നത് ആഗോളതലത്തില്‍ നടപ്പുള്ളതാണ്. ബ്രിട്ടീഷ് എയര്‍വെയ്‌സ്, ജപ്പാന്‍ എയര്‍ലൈന്‍സ്, ആസ്ത്രിയന്‍ എയര്‍ തുടങ്ങി പല രാജ്യങ്ങളുടെയും സര്‍വീസുകള്‍ നഷ്ടത്തിലായപ്പോള്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുണ്ടായിരുന്ന ഓഹരികള്‍ വിറ്റഴിച്ചു കമ്പനി സ്വകാര്യവത്കരിച്ചിട്ടുണ്ട്.

കെടുകാര്യസ്ഥതയും അഴിമതിയുമാണ് എയര്‍ ഇന്ത്യയെ നഷ്ടത്തിലേക്ക് കൂപ്പുകുത്തിച്ചത്. യാതോരു മുന്നറിയിപ്പുമില്ലാതെ സര്‍വീസുകള്‍ വെട്ടിക്കുറക്കുക, വിശേഷാവസരങ്ങളില്‍ യാത്രാ നിരക്ക് കുത്തനെ കൂട്ടുക, ഇന്ത്യന്‍ എയര്‍ ലൈന്‍സ്- എയര്‍ ഇന്ത്യ ലയനം, ലാഭകരമായ റൂട്ടുകള്‍ സ്വകാര്യ കമ്പനികള്‍ക്ക് കൈമാറല്‍ തുടങ്ങിയ നടപടികള്‍ എയര്‍ ഇന്ത്യക്ക് തിരിച്ചടിയാകുകയും സ്വകാര്യ വിമാനക്കമ്പനികള്‍ക്ക് ലാഭം കൊയ്യാന്‍ അവസരമുണ്ടാക്കുകയും ചെയ്തു. ഇതിനിടെ ഓണം- റമസാന്‍ കാലത്ത് ഗള്‍ഫ് മേഖലയിലേക്കുള്ള നൂറുകണക്കിന് സര്‍വീസുകള്‍ ഇങ്ങനെ വെട്ടിക്കുറച്ചത് വിവാദമായിരുന്നു. തുടര്‍ച്ചയായി കമ്പനി നഷ്ടത്തിലാകുന്നതിന്റെ കാരണങ്ങള്‍ കണ്ടെത്താനും കമ്പനിയെ ലാഭകരമാക്കാനുള്ള സാധ്യതകളാരായാനും 2013ല്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു ഉപസമിതി രൂപവത്കരിച്ചിരുന്നു. നിലവിലുള്ള ജീവനക്കാരുടെ എണ്ണം ഘട്ടംഘട്ടമായി കുറക്കാനും പുതിയ നിയമനങ്ങള്‍ വേണ്ടെന്നുവെക്കാനുമായിരുന്നു സമിതിയുടെ ശിപാര്‍ശ. നഷ്ടത്തിന്റെ യഥാര്‍ഥ കാരണങ്ങള്‍ കണ്ടെത്താന്‍ സമിതി ശ്രമിച്ചില്ലെന്ന് ആരോപിക്കപ്പെടുന്നുണ്ട്.

2007ല്‍ കമ്പനി 111 വിമാനങ്ങള്‍ വാങ്ങിയതും സ്ഥാപനത്തിന് തിരിച്ചടിയായി. ഇന്ത്യന്‍ എയര്‍ലൈന്‍സിനു വേണ്ടി 43 വിമാനങ്ങളും എയര്‍ ഇന്ത്യക്കു വേണ്ടി 68 വിമാനങ്ങളുമാണ് അന്ന് വാങ്ങിയത്. വലിയ വിമാനങ്ങള്‍ വാങ്ങിയത് വിദേശ സര്‍വീസ് നടത്താനായിരുന്നു. 2005ല്‍ യു പി എ സര്‍ക്കാറാണ് 70,000 കോടി രൂപയുടെ ഈ ഇടപാടിന് അനുമതി നല്‍കിയത്. ഈ ഘട്ടത്തില്‍ അമേരിക്കന്‍ റൂട്ടിലേക്കും മറ്റുമുള്ള പല വിദേശ സര്‍വീസുകളും വന്‍ നഷ്ടത്തിലായിരുന്നു. സ്ഥാപനത്തെ ശക്തിപ്പെടുത്താനെന്ന പേരില്‍ നടത്തിയ ഈ വിമാനക്കച്ചവടത്തിന് സ്ഥാപനത്തെ കടക്കെണിയിലാഴ്ത്തിയതില്‍ വലിയ പങ്കുണ്ട്. സി എ ജി റിപ്പോര്‍ട്ടില്‍ സര്‍ക്കാറിന്റെ ഈ തീരുമാനത്തെ രൂക്ഷമായി വിമര്‍ച്ചിരുന്നു. ഈ ഇടപാടിന്റെ പേരില്‍ അന്നത്തെ ധനമന്ത്രിയായിരുന്ന പി ചിദംബരവും വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേലും എന്‍ഫോഴ്‌സ്‌മെന്റിന്റെ നിയമ നടപടികളെ നേരിട്ടു കൊണ്ടിരിക്കുകയാണ്. 2011ലെ സി എ ജി റിപ്പോര്‍ട്ടും 2007ലെ വിമാന ഇടപാടിനെ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. സര്‍ക്കാറിന്റെ തെറ്റായ നയങ്ങള്‍ മൂലം നഷ്ടത്തിലാകുന്ന പൊതുമേഖലാസ്ഥാപനങ്ങളെ വിറ്റഴിക്കാന്‍ തുടങ്ങിയാല്‍ രാജ്യത്ത് എത്ര പൊതുമേഖലാ കമ്പനികള്‍ അവശേഷിക്കും?

Latest