Connect with us

Articles

എഴുതിയ കത്ത് ഞാന്‍ കണ്ടു ഞെട്ടി..

Published

|

Last Updated

നിന്നെ ഞങ്ങള്‍ മറന്നു തുടങ്ങിയിരുന്നു. മുമ്പൊക്കെ ഇടക്കിടെ കാണാറുണ്ടായിരുന്നല്ലോ. പിന്നെ കാണുന്നത് കുറഞ്ഞു. അങ്ങനെ മറവിയിലേക്ക്.
കത്തിനെ കുറിച്ചാണ് പറയുന്നത്.
സ്‌കൂള്‍ പഠനകാലത്ത് ലീവിന് കത്ത് നല്‍കിയില്ലെങ്കില്‍ അധ്യാപകന്‍ വഴക്കു പറഞ്ഞിരുന്നു. രക്ഷിതാവിന്റെ ഒപ്പിട്ട് നല്‍കണം. ഒപ്പിടാന്‍ മറന്നാല്‍ കൂട്ടുകാരന്റെ ഒപ്പിട്ട് കാര്യം നടത്തി.

ഗള്‍ഫിലുള്ള ഭര്‍ത്താവിന് ഭാര്യയുടെ കത്ത്. സ്‌നേഹവും പരിഭവവും പരാതികളും നിറഞ്ഞ നീല മഷിയില്‍ വാക്കുകള്‍. കത്ത് അങ്ങെത്താന്‍ ഒരാഴ്ച കഴിയും. പിന്നെ മറുപടി കാത്ത് ദിവസങ്ങള്‍.
അപ്പോഴാണ് കത്ത് പാട്ട് വന്നത്. എഴുതിയറിയിക്കാന്‍ കാര്യങ്ങള്‍ പലതുണ്ട്, എഴുതുവാനല്ലാതെ വേറെന്തു വഴിയുണ്ട് എന്ന വരികള്‍. അതാ മറുപടി വരുന്നു. എഴുതിയ കത്ത് ഞാന്‍ കണ്ട് ഞെട്ടി…

കാക്കിയുടുപ്പുമായി വയല്‍ കടന്ന് വരുന്ന തപാല്‍ക്കാരന്‍. അയാളുടെ ബാഗ് നിറയെ കത്താണ്. ഇവിടെ എനിക്ക് സുഖം തന്നെ. നിനക്കും സുഖമെന്ന് കരുതുന്നു. അയാള്‍ വരുമ്പോള്‍ ആളുകള്‍ വഴിയിലേക്ക് നോക്കി നില്‍ക്കും. കത്തുണ്ടോ?
പോസ്റ്റ്മാനാണ്. വനിതയായപ്പോള്‍ ഞങ്ങള്‍ രഹസ്യമായി കത്തമ്മ എന്നു വിളിച്ചു.

രമണിച്ചേച്ചി കിട്ടിയ കത്തുമായി അകത്തേക്ക്. ആരും കാണാതെ വാതിലടച്ച് വായിച്ചു. മാധുര്യമുള്ള വാക്കുകള്‍.
ജോലിക്കുള്ള കത്ത് വന്നപ്പോള്‍ സന്തോഷമായി. വായിച്ചപ്പോഴാണ് മനസിലായത്, ഇന്റര്‍വ്യൂ കഴിഞ്ഞാഴ്ചയായിരുന്നു. കത്തല്ല, കുത്ത്!
രജിസ്റ്റര്‍ കത്ത് വരുമ്പോള്‍ ആധിയാണ്. ബേങ്കില്‍ നിന്ന് വായ്പ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങി. അത് ഓര്‍മിപ്പിക്കാനാണ് ഈ കത്ത്.

നിന്നെ മറന്നു തുടങ്ങിയിരുന്നു, ശരിക്കും.
ഞങ്ങള്‍ പുതിയ വഴികള്‍ തേടി. വാക്കുകള്‍ എളുപ്പത്തില്‍ കൈമാറാമെന്നായി. നാട്ടുകാര്‍ മൊബൈലിലും വാട്‌സ്ആപ്പിലുമായി. ടൗണിലെ കെട്ടിടത്തിന്റെ ഇടുങ്ങിയ മുറിക്കുള്ളിലെ താപാലാപ്പീസ് കാണുമ്പോള്‍ ഒന്നോര്‍ത്താലായി.

എന്നാലും ഓഫീസുകളില്‍ കത്തെഴുത്ത് ഇപ്പോഴുമുണ്ട്. മുകളില്‍ നിന്ന് താഴേക്ക്. താഴെ നിന്ന് മുകളിലേക്ക്. നേതാക്കള്‍ ഇടക്കിടെ കത്തെഴുതുന്നു. പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക്. മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക്. പ്രധാനമന്ത്രി…
നിന്നെ ഞങ്ങള്‍ വീണ്ടും ഓര്‍ക്കുന്നു.
ആള്‍ക്കൂട്ട കൊലപാതകങ്ങളില്‍ പ്രതിഷേധിച്ച് പ്രമുഖര്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയത് കുറച്ചു മുമ്പാണ്. പിന്നെ കേസ് വന്നു. എഴുതിയ കത്ത് കണ്ട് ഞെട്ടി. പ്രധാനമന്ത്രിയുടെ സല്‍പേരിനെ ഇടിച്ചു താഴ്ത്താനാണ് കത്തെന്ന്. വിവാദമായി. അതങ്ങനെ കത്തുകയാണ്.

വീണ്ടും പ്രമുഖരുടെ കത്തെഴുത്ത്. ഞെട്ടല്‍. നാടു മുഴുവന്‍ കത്തിന്റെ പിന്നാലെ. പാര്‍ട്ടിക്കാര്‍ വന്നു, തപാലാപ്പീസ് ഉണര്‍ന്നു. കത്തൊഴുക്ക് എന്നു തന്നെ പറയാം. ഇതുവരെ കത്തെഴുതാത്തവനും ഒന്നെഴുതി.
തപാല്‍ ദിനം ഓരോ വര്‍ഷവും ആരുമറിയാതെ കടന്നു പോകുകയാണ് പതിവ്. ഇത്തവണ എല്ലാവരും അറിഞ്ഞു. സന്തോഷമായി. കത്തേ, നിന്നെ ഇപ്പോള്‍ എല്ലാവരും അറിയുന്നു.

Latest