രാജ്യദ്രോഹമെന്ന അധികാരദണ്ഡ്

ഇന്ത്യയിലെ സ്വാതന്ത്ര്യ സമര സേനാനികളെ അടിച്ചമര്‍ത്താന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ കൊണ്ടുവന്ന നിയമമായിരുന്നു രാജ്യദ്രോഹക്കുറ്റം. ഭരണാധികാരികള്‍ക്കെതിരെ അതൃപ്തി പരത്തുന്ന പ്രസംഗങ്ങളെയടക്കം നിയമവിരുദ്ധമാക്കി സകലരെയും നിശ്ശബ്ദരാക്കാനും തുറുങ്കിലടക്കാനുമായിരുന്നു കൊളോണിയല്‍ ഭരണകൂടം ഇത് കൊണ്ടുവന്നത്. "പൗരസ്വാതന്ത്ര്യം അടിച്ചമര്‍ത്താനായി ആവിഷ്‌കരിക്കപ്പെട്ട ഇന്ത്യന്‍ ശിക്ഷാ വകുപ്പുകളിലെ രാജകുമാരന്‍' എന്നാണ് രാജ്യദ്രോഹ നിയമത്തെ ഗാന്ധിജി വിശേഷിപ്പിച്ചത്. ഭരണകൂട നയങ്ങള്‍ക്കെതിരെ യംഗ് ഇന്ത്യയില്‍ തുറന്നെഴുതിയതിനാണ് 1922ല്‍ ഗാന്ധിജിക്കെതിരെ ഐ പി സി 124 എ ചുമത്തിയത്. വിചാരണാ വേളയില്‍ ഈ നിയമത്തിനെതിരെ കോടതിക്ക് മുമ്പില്‍ പൊട്ടിത്തെറിച്ച മഹാത്മജി ജയില്‍ വിട്ടതിന് ശേഷം കാടന്‍ നിയമത്തിനെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്യുകയുമുണ്ടായി. മൗലാനാ അബുല്‍കലാം ആസാദ്, ആനിബസന്റ, ജവഹര്‍ലാല്‍ നെഹ്റു തുടങ്ങിയവരും ഈ വകുപ്പിന്റെ ഇരകളാണ്. 1951ല്‍ ജവഹര്‍ലാല്‍ നെഹ്റു ഈ നിയമത്തിനെതിരെ അതിരൂക്ഷ പദപ്രയോഗങ്ങള്‍ നടത്തിയെങ്കിലും അതിനെ എടുത്തു കളയാന്‍ ശ്രമങ്ങളൊന്നും നടത്തിയില്ല. അധികാരത്തില്‍ വന്നവര്‍ക്കാര്‍ക്കും രാജ്യദ്രോഹ നിയമം പിന്‍വലിക്കാനോ ഭേദഗതി വരുത്താനോ ചെറിയ താത്പര്യം പോലുമില്ലായിരുന്നുവെന്നതാണ് സത്യം. അതുകൊണ്ടാണ് 149 വര്‍ഷങ്ങള്‍ക്കിപ്പുറവും അതപ്പടി തുടരുന്നത്. ജനാധിപത്യ രാജ്യങ്ങളിലെല്ലാം രാജ്യദ്രോഹ നിയമത്തെക്കുറിച്ച് പുനരാലോചനകള്‍ നടന്നിട്ടുണ്ട്.
Posted on: October 11, 2019 11:44 am | Last updated: October 11, 2019 at 11:45 am

“പൗരസ്വാതന്ത്ര്യം അടിച്ചമര്‍ത്താനായി ആവിഷ്‌കരിക്കപ്പെട്ട ഇന്ത്യന്‍ ശിക്ഷാ വകുപ്പുകളിലെ രാജകുമാരന്‍’ എന്നാണ് രാജ്യദ്രോഹ നിയമത്തെ ഗാന്ധിജി വിശേഷിപ്പിച്ചത്. 1922ല്‍ ബ്രിട്ടീഷ് ഭരണകൂടം തനിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി വിചാരണ ചെയ്യുന്ന സമയത്തായിരുന്നു ഈ പ്രതികരണം. മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കുന്ന ഗാന്ധിയുടെ പിന്മുറക്കാര്‍ ഇന്നും ഇതേ നിയമത്താല്‍ വേട്ടയാടപ്പെടുമ്പോള്‍ ഓര്‍ക്കേണ്ടത് ഭരണകൂടം മാറിയെന്നല്ലാതെ മറ്റൊരു മാറ്റവുമുണ്ടായിട്ടില്ലെന്നതാണ്.
വിദേശ സര്‍ക്കാര്‍ രംഗമൊഴിഞ്ഞു സ്വദേശികള്‍ അധികാരം വാണെങ്കിലും ഐ പി സി 124 എ എന്ന കരിനിയമം സകല ദ്രംഷ്ടകളോടും കൂടി ഇന്നും വാപിളര്‍ത്തി നില്‍ക്കുന്നു. ബ്രിട്ടീഷ് ഭരണകൂടം 1860ല്‍ ഇന്ത്യന്‍ ശിക്ഷാ നിയമം രൂപപ്പെടുത്തുന്ന സമയത്ത് ഈ വകുപ്പ് അതിലുണ്ടായിരുന്നില്ല. 1870ലാണ് 124 എ കൂട്ടിച്ചേര്‍ക്കപ്പെടുന്നത്.

ഇന്ത്യയിലെ സ്വാതന്ത്ര്യ സമര സേനാനികളെ അടിച്ചമര്‍ത്താന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ കൊണ്ടുവന്ന നിയമമായിരുന്നു രാജ്യദ്രോഹക്കുറ്റം. ഭരണാധികാരികള്‍ക്കെതിരെ അതൃപ്തി പരത്തുന്ന പ്രസംഗങ്ങളെയടക്കം നിയമവിരുദ്ധമാക്കി സകലരെയും നിശ്ശബ്ദരാക്കാനും തുറുങ്കിലടക്കാനുമായിരുന്നു കൊളോണിയല്‍ ഭരണകൂടം ഇത് കൊണ്ടുവന്നത്.
1891ല്‍ ബംഗോബാസി പത്രത്തിന്റെ എഡിറ്ററായ ജോഗേന്ദ്ര ചന്ദ്ര ബോസിനെതിരെയാണ് ഈ നിയമം ആദ്യമായി പ്രയോഗിക്കപ്പെട്ടത്. 1897ല്‍ കേസരിയില്‍ വന്ന ലേഖനത്തിന്റെ പേരില്‍ ബാലഗംഗാധര തിലകിനെ രാജ്യദ്രോഹകുറ്റം ചുമത്തി വിചാരണ ചെയ്തു. ഭരണകൂട നയങ്ങള്‍ക്കെതിരെ യംഗ് ഇന്ത്യയില്‍ തുറന്നെഴുതിയതിനാണ് 1922ല്‍ ഗാന്ധിജിക്കെതിരെ ഐ പി സി 124 എ ചുമത്തിയത്. വിചാരണാ വേളയില്‍ ഈ നിയമത്തിനെതിരെ കോടതിക്ക് മുമ്പില്‍ പൊട്ടിത്തെറിച്ച മഹാത്മജി ജയില്‍ വിട്ടതിന് ശേഷം കാടന്‍ നിയമത്തിനെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്യുകയുമുണ്ടായി. മൗലാനാ അബുല്‍കലാം ആസാദ്, ആനിബസന്റ, ജവഹര്‍ലാല്‍ നെഹ്‌റു തുടങ്ങിയവരും ഈ വകുപ്പിന്റെ ഇരകളാണ്.

ഭരണഘടന തയ്യാറാക്കുന്ന വേളയില്‍ രാജ്യദ്രോഹം എന്നതിനെ അതിലുള്‍പ്പെടുത്തുന്നതിനെക്കുറിച്ച് രൂക്ഷമായ സംവാദങ്ങളും ചര്‍ച്ചകളുമാണ് നടന്നത്. ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് അത് വേണ്ടെന്ന് വെച്ചു. എന്നാല്‍ ഭരണഘടനയുടെ 372 വകുപ്പനുസരിച്ച് 1950 ജനുവരി 26 ന് നിലവിലുള്ള നിയമങ്ങളെല്ലാം ഭേദഗതിയും റദ്ദാക്കലും ഇല്ലാത്ത കാലത്തോളം അപ്പടി നിലനിറുത്താനും തീരുമാനിച്ചു. നിലവില്‍ ഭരണഘടനയില്‍ രാജ്യദ്രോഹം എന്ന പദമില്ലെങ്കിലും രാജ്യത്തിന്റെ പരമാധികാരം, അഖണ്ഡത, രാജ്യസുരക്ഷ, വിദേശ രാജ്യങ്ങളുമായുള്ള ബന്ധങ്ങള്‍, പൊതുസമാധാനം തുടങ്ങിയവയെ ബാധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നിയമം വഴി നിയന്ത്രിക്കുന്നുവെന്ന് ആര്‍ട്ടിക്കിള്‍ 19(2) ല്‍ വിശദീകരിക്കുന്നുണ്ട്.
“എഴുതിയതോ പറഞ്ഞതോ ആയ വാക്കുകള്‍, ചിഹ്നങ്ങള്‍, ദൃശ്യവത്കരണം എന്നിവയോ മറ്റെന്തെങ്കിലുമോ ഉപയോഗിച്ച് ഇന്ത്യയില്‍ നിയമപരമായി സ്ഥാപിതമായ സര്‍ക്കാറിനെതിരെ വെറുപ്പും വിദ്വേഷവും സ്‌നേഹമില്ലായ്മയും നീരസവും ഉണ്ടാക്കുകയോ ഉണ്ടാക്കാന്‍ ശ്രമിക്കുകയോ പ്രകോപിപ്പിക്കുകയോ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍’ എന്നാണ് ഐ പി സി 124 എ രാജ്യദ്രോഹ കുറ്റത്തെ നിര്‍വചിക്കുന്നത്.
ഭരണാധികാരികള്‍ക്ക് രുചികരമല്ലാത്ത എന്ത് മൊഴിഞ്ഞാലും അകത്തിടാന്‍ കരുത്ത് നല്‍കുന്ന വകുപ്പ് തന്നെയാണ് ഐ പി സി 124 എ. ഇത് മൂലം വന്ന് ചേരുന്ന ശിക്ഷ പിഴയോട് കൂടിയുള്ള ജീവപര്യന്തമോ മൂന്ന് വര്‍ഷം തടവോ ആണ്. ആര്‍ട്ടിക്കിള്‍ 19(1) എ പ്രദാനം ചെയ്യുന്ന ആവിഷ്‌കാരത്തിനും അഭിപ്രായ പ്രകടനത്തിനുമുള്ള സ്വാതന്ത്ര്യത്തിന് കടക വിരുദ്ധമാണിതെന്ന് പ്രത്യേകം പറയേണ്ടതില്ല. സര്‍ക്കാര്‍ വിരോധം വരുത്തുന്ന കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിച്ചാല്‍ പോലും രാജ്യദ്രോഹിയെന്ന് മുദ്രകുത്തപ്പെട്ട് അകത്ത് കിടക്കേണ്ടി വരും. അതിന് ഒരു പുസ്തകമോ ലഘുലേഖയോ കൈയില്‍ വെച്ചിരുന്നാല്‍ മാത്രം മതി. ഏത് തരം സര്‍ക്കാറായാലും അതിനെതിരായ ഒരു മനോഭാവം പോലും നിങ്ങള്‍ വെച്ച് പുലര്‍ത്താന്‍ പാടില്ല എന്നതാണ് രാജ്യദ്രോഹ നിയമത്തിന്റെ മര്‍മം.

1951ല്‍ ജവഹര്‍ലാല്‍ നെഹ്‌റു ഈ നിയമത്തിനെതിരെ അതിരൂക്ഷ പദപ്രയോഗങ്ങള്‍ നടത്തിയെങ്കിലും അതിനെ എടുത്തു കളയാന്‍ ശ്രമങ്ങളൊന്നും നടത്തിയില്ല. അധികാരത്തില്‍ വന്നവര്‍ക്കാര്‍ക്കും രാജ്യദ്രോഹ നിയമം പിന്‍വലിക്കാനോ ഭേദഗതി വരുത്താനോ ചെറിയ താത്പര്യം പോലുമില്ലായിരുന്നുവെന്നതാണ് സത്യം. അതുകൊണ്ടാണ് 149 വര്‍ഷങ്ങള്‍ക്കിപ്പുറവും അതപ്പടി തുടരുന്നത്.
1962ല്‍ കേദര്‍നാഥ് സിംഗ് കേസില്‍ ഏകാധിപത്യ പ്രവണതകളെ തടയിടും വിധത്തില്‍ സുപ്രീം കോടതി നിയമ വ്യാഖ്യാനം നടത്തിയെങ്കിലും ആ ജാഗ്രതക്ക് തുടര്‍ച്ചയുണ്ടായില്ല. അക്രമത്തിന് പ്രചോദനം പകരുന്ന നീക്കങ്ങളെ മാത്രമേ രാജ്യദ്രോഹത്തിന്റെ ഗണത്തില്‍ പെടുത്താവൂ എന്നതായിരുന്നു പരമോന്നത കോടതിയുടെ നിരീക്ഷണം. അതിക്രമങ്ങള്‍ക്ക് വഴിമരുന്നിടാത്ത സര്‍ക്കാര്‍ വിരുദ്ധ പ്രസംഗങ്ങളും എഴുത്തുകളുമൊന്നും കുറ്റകരമല്ലെന്നാണ് കോടതി തീര്‍ത്ത് പറഞ്ഞത്. 1995ലെ ബല്‍വന്ത് സിംഗ് കേസിലും കേവലമായ മുദ്രാവാക്യം വിളി ദേശദ്രോഹമാകില്ലെന്ന് സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്.
എന്തിനും ഏതിനും രാജ്യദ്രോഹ നിയമം ചുമത്തുന്ന സ്ഥിതിവിശേഷം രാജ്യത്ത് കൂടിവരികയാണിന്ന്. പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതിയ 49 സാംസ്‌കാരിക പ്രവര്‍ത്തകരെയാണ് ഏറ്റവും പുതുതായി രാജ്യദ്രോഹികളാക്കിയത്. കനത്ത പ്രതിഷേധങ്ങള്‍ക്കൊടുവില്‍ പോലീസിന് കേസ് റദ്ദാക്കേണ്ടി വന്നു. തിയേറ്ററില്‍ ദേശീയ ഗാനം കേള്‍പ്പിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കാതിരുന്നതിനും ഈ കുറ്റം ചുമത്തപ്പെടുകയുണ്ടായി.

കൂടംകുളം ആണവ നിലയത്തിനെതിരില്‍ പ്രതിഷേധിച്ച പതിനായിരക്കണക്കിന് ആളുകള്‍ക്കെതിരെയാണ് 124 എ വകുപ്പ് പ്രയോഗിച്ചത്. ഛത്തീസ്ഗഢില്‍ ദരിദ്രര്‍ക്കിടയില്‍ സേവനം അനുഷ്ഠിച്ച കാരണത്താലാണ് ഡോ. ബിനായക് സെന്‍ രാജ്യദ്രോഹിയായി മാറിയത്. 2014ലെ ഇന്ത്യാ-പാക് ക്രിക്കറ്റ് കളിയില്‍ പാക് ടീമിനെ പിന്തുണച്ചതിന്റെ പേരില്‍ പോലും കശ്മീര്‍ വിദ്യാര്‍ഥികള്‍ക്കെതിരെ രാജ്യദ്രോഹം ചുമത്തുന്ന സ്ഥിതി വിശേഷമുണ്ടായി.
അരുന്ധതി റോയ്, തമിഴ് നാടോടി ഗായകന്‍ എസ് കോവന്‍, ദിവ്യ സ്പന്ദന, കനയ്യ കുമാര്‍, ഉമര്‍ഖാലിദ്, അസീം ത്രിവേദി, ഷെഹ്‌ല റാശിദ് തുടങ്ങിയ അനേകം പ്രമുഖര്‍ അധികാരി വര്‍ഗത്തിന്റെ അതൃപ്തി കാരണം രാജ്യദ്രോഹികളായി മുദ്രയടിക്കപ്പെട്ടിട്ടുണ്ട്.

രാജ്യദ്രോഹ കേസുകളില്‍ അധികവും കോടതിയില്‍ തള്ളിപ്പോകാറുണ്ടെങ്കിലും ഇന്ത്യന്‍ ജുഡീഷ്യല്‍ സിസ്റ്റത്തിന്റെ മെല്ലെപ്പോക്ക് തന്നെ വലിയൊരു ശിക്ഷയായി പ്രതിചേര്‍ക്കപ്പെടുന്നവര്‍ക്ക് അനുഭവിക്കേണ്ടി വരുന്നു. പാസ്സ്‌പോര്‍ട്ട് ഉപയോഗിക്കാന്‍ കഴിയാതെ വരികയും സര്‍ക്കാര്‍ ജോലികളില്‍ അയോഗ്യത കല്‍പ്പിക്കപ്പെടുകയും ചെയ്യുമ്പോള്‍ തന്നെ ഇടക്കിടക്ക് അന്വേഷണ ഉദ്യോഗസ്ഥരുടെ മുമ്പില്‍ ഹാജരാകേണ്ട ദുരവസ്ഥയും വന്ന് ചേരുന്നു. കേസ് നടത്തിപ്പിന് വേണ്ടി വരുന്ന കനത്ത സാമ്പത്തിക ബാധ്യത പുറമെയും. വിചാരണാ നടപടികള്‍ ദീര്‍ഘിപ്പിച്ച് കൊണ്ടുപോയി നിരപരാധികളെ ജയിലില്‍ തളച്ചിടുന്ന ക്രൂരവിനോദമാണ് രാജ്യത്ത് നടന്ന് കൊണ്ടിരിക്കുന്നത്.

ഐ പി സി 124 എയില്‍ സര്‍ക്കാറിനെ “വിശുദ്ധ’ വസ്തുവായി പ്രതിഷ്ഠിക്കുന്നിടത്താണ് ദുരുപയോഗത്തിന്റെ മഹാ കവാടങ്ങള്‍ തെളിയുന്നത്. രാജ്യം എന്നതിനെ പ്രധാനമായി കാണുകയും അതിന് തുല്യമായി രാഷ്ട്രീയ കക്ഷികള്‍ നയിക്കുന്ന സര്‍ക്കാറിനെ പരിഗണിക്കാതിരിക്കുകയും ചെയ്യുക എന്നതാണ് ന്യായം.
സുപ്രീം കോടതി അഭിഭാഷകനും കോളമിസ്റ്റുമായ ചിത്രന്‍ഷുല്‍ സിന്‍ഹയുടെ “ദി ഗ്രേറ്റ് റിപ്രഷന്‍: ദി സ്റ്റോറി ഓഫ് സെഡിഷന്‍ ഇന്‍ ഇന്ത്യ’ എന്ന പുസ്തകം രാജ്യദ്രോഹ നിയമത്തിന്റെ ചുരുളുകളിലേക്ക് വെളിച്ചം വീശുന്നതാണ്.
124എ എന്ന ജനവിരുദ്ധ നിയമത്തെ എടുത്തു കളയുന്ന വിഷയത്തില്‍ പാര്‍ലിമെന്റും ജുഡീഷ്യറിയും ഒരു താത്പര്യവും കാണിച്ചില്ലെന്ന് പുസ്തകം വിമര്‍ശിക്കുന്നു. ഭരണഘടനയില്‍ “സെഡിഷന്‍’ എന്ന പദം വേണ്ടെന്ന് വെച്ചപ്പോള്‍ 124 എ അസാധുവാണെന്ന് പാര്‍ലിമെന്റിന് പ്രഖ്യാപിക്കാമായിരുന്നു. പക്ഷേ അതുണ്ടായില്ല. സുപ്രീം കോടതിക്ക് ഇതുമായി ബന്ധപ്പെട്ട് കൃത്യമായ നിര്‍ദേശങ്ങള്‍ നടപ്പാക്കി ദുരുപയോഗം അല്‍പ്പമെങ്കിലും തടയാമായിരുന്നു. കോടതി സ്വമേധയാ അത് ചെയ്തില്ലെന്ന് മാത്രമല്ല ചില സംഘടനകള്‍ അതാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതു താത്പര്യ ഹരജിയോട് മുഖം തിരിക്കുക കൂടി ചെയ്തു.
രാജ്യദ്രോഹ നിയമവുമായി ബന്ധപ്പെട്ട് പാര്‍ലിമെന്റില്‍ അവതരിപ്പിക്കപ്പെട്ട രണ്ട് ബില്ലുകളും സിന്‍ഹ ഈ പുസ്തകത്തില്‍ വിശകലനം ചെയ്യുന്നുണ്ട്. 2011ല്‍ യു പി എ സര്‍ക്കാറിന്റെ കാലത്ത് രാജ്യസഭാ മെമ്പറും നിലവിലെ സി പി ഐ ജനറല്‍ സെക്രട്ടറിയുമായ ഡി രാജ 124 എ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബില്ലവതരിപ്പിക്കുകയുണ്ടായി. എന്നാല്‍ നിയമത്തെ ന്യായീകരിക്കാനായിരുന്നു സര്‍ക്കാറിന്റെ ശ്രമം. 2015ല്‍ ശശി തരൂര്‍ അവതരിപ്പിച്ച ഭേദഗതി ബില്ലും ഒരു ചലനവുമുണ്ടാക്കിയില്ല.

ജനാധിപത്യ രാജ്യങ്ങളിലെല്ലാം രാജ്യദ്രോഹ നിയമത്തെക്കുറിച്ച് പുനരാലോചനകള്‍ നടന്നിട്ടുണ്ട്. ഇന്ത്യയില്‍ നിയമം നടപ്പാക്കിയ ബ്രിട്ടന്‍ തന്നെ പത്ത് വര്‍ഷം മുമ്പ് അത് റദ്ദാക്കുകയുണ്ടായി. അമേരിക്ക, ന്യൂസിലാന്‍ഡ്, ആസ്‌ത്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളൊക്കെ ഈ നിയമം ഒഴിവാക്കുകയോ ഡിസ് യൂസ് ഗണത്തില്‍ പെടുത്തുകയോ ചെയ്തിട്ടുണ്ട്. വിയോജിപ്പുകള്‍ ജനാധിപത്യത്തിന്റെ ജീവരക്തമാണ്. വ്യത്യസ്താഭിപ്രായങ്ങളെ ജയിലിലടച്ച് കൂടുതല്‍ കാലം മുന്നോട്ട് പോകാനാകില്ല.