Connect with us

National

ഒരു സൈനികന്റെ ജീവന് പകരം പത്ത് ശത്രുക്കളുടെ ജീവനെടുക്കാന്‍ ഇന്ത്യ സജ്ജം; അമിത് ഷാ

Published

|

Last Updated

മുംബൈ: രാജ്യത്തിന്റെ സംരക്ഷണത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രവര്‍ത്തിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. മോദി ഭരണത്തില്‍ രാജ്യത്തിന്റെ ദേശീയ സുരക്ഷ ശക്തിപ്പെട്ടു. രക്തസാക്ഷിത്വം വരിച്ച ഓരോ സൈനികന്റെയും ജീവന് പകരമായി പത്ത് ശത്രുക്കളുടെ ജീവനെടുക്കാന്‍ ഇന്ത്യക്കിന്ന് സാധിക്കുമെന്ന് ലോകത്തിന് അറിയാമെന്നും അമിത് ഷാ പറഞ്ഞു. മഹാരാഷ്ട്രയിലെ സാംഗ്ലിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ബി ജെ പി എന്നും രാഷ്ട്രീയത്തേക്കള്‍ ഉപരി രാജ്യ താത്പര്യത്തിനാണ് പ്രാധാന്യം നല്‍കിയത്. 1971ലെ ഇന്ത്യ- പാക് യുദ്ധത്തില്‍ രാജ്യം വിജയം നേടിയപ്പോള്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ ആദ്യം അഭിനന്ദിച്ചത് അടില്‍ ബിഹാരി വാജ്‌പേയിയായിരുന്നു. പ്രതിപക്ഷത്തായിരുന്ന ബി ജെ പി നേതാവിനെ ഇതിന് പ്രേരിപ്പിച്ചത് രാഷ്ട്രമാണ് മുഖ്യം എന്ന ചിന്തയായിരുന്നു. മന്‍മോഹന്‍ സിംഗിന്റെ ഭരണകാലത്ത് ഭീകരര്‍ എളുപ്പത്തില്‍ അതിര്‍ത്തി കടന്ന് രാജ്യത്ത് ആക്രമണം നടത്തുമായിരുന്നു. എന്നാല്‍ മോദി ഭരണത്തില്‍ ഇത് സാധ്യമല്ലെന്നും ഷാ പറഞ്ഞു.

കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതില്‍ കോണ്‍ഗ്രസ്, എന്‍ സി പി നേതാക്കളായ രാഹുല്‍ ഗാന്ധിയും ശരദ് പവാറും നിലപാട് വ്യക്തമാക്കണം. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിലൂടെ രാജ്യ സുരക്ഷ ഉറപ്പാക്കുകയാണ് പ്രധാനമന്ത്രി ചെയ്തത്. എന്നാല്‍ വോട്ട്ബാങ്ക് രാഷ്ട്രീം ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസും എന്‍ സി പിയും കശ്മീരിന്റെ പ്രത്യേക അധികാരം എടുത്തുകളഞ്ഞതില്‍ കേന്ദ്രത്തെ വിമര്‍ശിക്കുന്നത്.
മുമ്പ് മഹാരാഷ്ട്ര ഭരിച്ചപ്പോള്‍ എന്തു ചെയ്തുവെന്ന് കോണ്‍ഗ്രസും ശരദ് പവാറും വിശദീകരിക്കണമെന്നും അമിത്ഷാ കൂട്ടിച്ചേര്‍ത്തു.

 

Latest