Connect with us

Sports

മായങ്കിന്റെ മായാജാലം, അമ്പത് കടന്ന് കോലി; ആദ്യ ദിനം ഇന്ത്യയുടേത്‌

Published

|

Last Updated

പുനെ: ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ആദ്യ ദിനം ഇന്ത്യക്ക് മേല്‍ക്കൈ. തുര്‍ച്ചയായ രണ്ടാം സെഞ്ചുറിയോടെ തിളങ്ങിയ മായങ്ക് അഗര്‍വാളും അര്‍ധ സെഞ്ചുറി നേടിയ ചേതശ്വര്‍ പൂജാരയും നല്‍കിയ മികച്ച തുടക്കം നായകന്‍ വിരാട് കോലിയും ഏറ്റെടുത്തതോടെ ആദ്യദിനം കളിയവസാനിക്കുമ്പോള്‍ ഇന്ത്യ മികച്ച നിലയിലാണ്.

വെളിച്ചക്കുറവ് മൂലം ഇന്ന് മത്സരങ്ങള്‍ നേരത്തെ അവസാനിപ്പിക്കുകയായിരുന്നു. ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ കളി നിര്‍ത്തുമ്പോള്‍ 85.1 ഓവറില്‍
മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 273 എന്ന നിലയിലാണ്. തുടക്കത്തില്‍ തന്നെ 14 റണ്‍സെടുത്ത രോഹിത് ശര്‍മയുടെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. എന്നാല്‍ മായങ്ക് അഗര്‍വാളിന് കൂട്ടായി ചേതശ്വര്‍ പൂജരയെത്തിയതോടെ ഇന്ത്യ ഉയര്‍ത്തെഴുന്നേറ്റു. ഇരുവരും ചേര്‍ന്നുള്ള 138 റണ്‍സിന്റെ കൂട്ടുകെട്ടിന് ശേഷം 58 റണ്‍സെടുത്തായിരുന്നു പൂജാര മടങ്ങിയത്.

പൂജാരക്ക് ശേഷമെത്തിയ നായകന്‍ വിരാട് കോലിയോടപ്പം മായങ്ക് ഇന്ത്യന്‍ നിരക്ക് കരുത്തു പകര്‍ന്നു. 195 പന്തില്‍ 16 ഫോറും രണ്ട് സിക്‌സുമടക്കം 108 റണ്‍സെടുത്താണ് മായങ്ക് പുറത്തായത്.  ഇന്ത്യക്ക് നഷ്ടമായ  മൂന്നു വിക്കറ്റുകളും വീഴ്ത്തിയത് പേസ് ബൗളര്‍ കാഗിസോ റബാദയായിരുന്നു.

63 റണ്‍സ് നേടിയ കോലിക്കൊപ്പം 18 റണ്‍സുമായി അജിന്‍ക്യ രഹാനയാണ് ക്രീസില്‍. ഇരുവരും ചേര്‍ന്ന് 75 റണ്‍സാണ് ഇന്ത്യക്കായി കൂട്ടിച്ചേര്‍ത്തത്. 91 പന്തുകളില്‍ എട്ട് ഫോറുകള്‍ സഹിതമാണ് കോലിയുടെ അര്‍ധസെഞ്ച്വറി. എന്നാല്‍ 70 പന്തുകള്‍ നേരിട്ടാണ് മൂന്നു ഫോറുകളോടെ രഹാനെ 18 റണ്‍സ് നേടിയത്.