പഞ്ചാബില്‍ ആയുധങ്ങള്‍ പതിച്ചതിനു പിന്നില്‍ പാക്കിസ്ഥാന്‍ തന്നെ: രഹസ്യാന്വേഷണ ഏജന്‍സി

Posted on: October 10, 2019 3:57 pm | Last updated: October 10, 2019 at 3:57 pm

ന്യൂഡല്‍ഹി: സെപ്റ്റംബറില്‍ പഞ്ചാബിലുടനീളം പത്ത് വിചിത്രമായ ആയുധങ്ങള്‍ പതിച്ചതിനു പിന്നില്‍ പാക്കിസ്ഥാന്‍ തന്നെയെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി. ഇതുസംബന്ധിച്ച് ഏജന്‍സി ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഡ്രോണ്‍ പ്രവര്‍ത്തനം കണ്ടെത്താന്‍ വ്യോമസേനയ്‌ക്കോ അതിര്‍ത്തി സുരക്ഷാ സേനയ്‌ക്കോ കഴിയാത്തത് എന്തുകൊണ്ടാണെ് മന്ത്രാലയത്തിന് നല്‍കിയ റിപ്പോര്‍ട്ടില്‍ ഏജന്‍സികള്‍ ചോദ്യം ചെയ്തു.

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംഭവത്തില്‍ പാക്കിസ്ഥാന്റെ പങ്ക് അന്വേഷിക്കാന്‍ മന്ത്രാലയം ദേശീയ അന്വേഷണ ഏജന്‍സിയോട് ആവശ്യപ്പെട്ടു. അതിര്‍ത്തിയില്‍ ഈ ഡ്രോണുകള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ ദേശീയ സാങ്കേതിക ഗവേഷണ സംഘടനയോടും ആവശ്യപ്പെട്ടിട്ടുണ്ട്. എന്‍ടിആര്‍ഒ (നാഷണല്‍ ടെക്‌നിക്കല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍) ഇതിനകം പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു.

പാകിസ്ഥാനില്‍ നിന്ന് വന്ന ഡ്രോണുകള്‍ ഉപയോഗിച്ച് അമൃത്സറില്‍ എകെ 47 ആക്രമണ റൈഫിളുകളും ഗ്രനേഡുകളും ഉപേക്ഷിച്ചതായി പഞ്ചാബ് പോലീസ് വൃത്തങ്ങള്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. സെപ്റ്റംബറില്‍ ഇത്തരം എട്ട് ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ജമ്മു കശ്മീരില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിനായി തീവ്രവാദികള്‍ക്ക് നല്‍കുവാനാണ് ആയുധം കടത്തിയതെന്ന് പോലീസ് വൃത്തങ്ങള്‍ പറയുന്നു. ബുധനാഴ്ചയും പഞ്ചാബിലെ രണ്ട് സ്ഥലങ്ങളില്‍ നിന്ന് ഗ്രാമവാസികള്‍ ഡ്രോണ്‍ കണ്ടതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.