പിഎംസി ബേങ്ക്: ഇടപാടുകാരുടെ ദുരിതം ഇന്ന് റിസര്‍വ് ബേങ്കിനെ അറിയിക്കുമെന്ന് കേന്ദ്ര ധനമന്ത്രി

Posted on: October 10, 2019 3:01 pm | Last updated: October 10, 2019 at 3:01 pm

മുംബൈ: പഞ്ചാബ് ആന്‍ഡ് മഹാരാഷ്ട്ര സഹകരണ (പിഎംസി) ബാങ്കിലെ നിക്ഷേപകരുടെ ദുരിതത്തെക്കുറിച്ച് വ്യാഴാഴ്ച വൈകുന്നേരം റിസര്‍വ് ബാങ്ക് ഗവര്‍ണറുമായി സംസാരിക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. മുംബൈയില്‍ മന്ത്രിയെ സന്ദര്‍ശിച്ച സഹകരണ ബാങ്കിലെ ഇടപാടുകാര്‍ക്കാണ് അവര്‍ ഈ ഉറപ്പ് നല്‍കിയത്.

എന്താണ് സംഭവിക്കുന്നതെന്ന് വിശദമായി പഠിക്കാന്‍ മന്ത്രാലയ സെക്രട്ടറിമാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. പോരായ്മകള്‍ മനസിലാക്കാനും മറ്റു മാര്‍ഗങ്ങള്‍ പരിശോധിക്കുന്നതിനും റിസര്‍വ് ബാങ്കിന്റെ പ്രതിനിധികളും അവിടെ ഉണ്ടാകും. നിയമങ്ങളില്‍ ഭേദഗതി വരുത്തേണ്ടിവരുമോ എന്ന കാര്യവും പരിശോധിക്കുമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പിഎംസി ബേങ്കിന് റിസര്‍വ് ബേങ്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ബേങ്കില്‍ നിന്ന് ഒരു ദിവസം പരമാവധി പിന്‍വലിക്കാവുന്ന തുക 25000 രൂപയായാണ് നിശ്ചയിച്ചിരിക്കുന്നത്. ഇത് അപര്യാപ്തമാണെന്നാണ് ബേങ്ക് ഇടപാടുകാര്‍ പറയുന്നത്. മുംബൈ കോടതിക്ക് പുറത്ത് ഇടപാടുകാര്‍ പ്രതിഷേധിച്ചിരുന്നു. ‘ജാമ്യം വേണ്ട, ജയില്‍ മാത്രം’ എന്നെഴുതിയ പ്ലക്കാര്‍ഡ് ഉയര്‍ത്തിപ്പിടിച്ചായിരുന്നു പ്രതിഷേധം. പിഎംസി ബേങ്ക് ക്രമക്കേടില്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ റിസര്‍വ് ബാങ്ക് കര്‍ശന നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി വിഷയത്തില്‍ ഇടപെടണമെന്ന് അഭ്യര്‍ഥിച്ചുമായിരുന്നു പ്രതിഷധം.