കൂടത്തായി: കൊലയിലേക്ക് നയിച്ചത് പരപുരുഷ ബന്ധം എതിര്‍ത്തതും അന്ധവിശ്വാസവും

Posted on: October 10, 2019 2:39 pm | Last updated: October 10, 2019 at 7:37 pm

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസിന്റെ ചുരുളഴിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. ഭര്‍ത്താവ് റോയിയെ കൊലപ്പെടുത്തുവാന്‍ ജോളിയെ പ്രേരിപ്പിച്ച കാരണങ്ങള്‍ പോലീസ് കസ്റ്റഡി അപേക്ഷയില്‍ വെളിപ്പെടുത്തി. പ്രധാനമായും നാല് കാരണങ്ങളാണ് പോലീസ് നിരത്തുന്നത്.

റോയിയുടെ മദ്യപാന ശീലമാണ് അതില്‍ ഒന്ന്. അമിത അന്ധ വിശ്വാസം, പരപുരുഷ ബന്ധങ്ങള്‍ എതിര്‍ത്തതിലെ പക തുടങ്ങിയവയും റോയിയോട് ശത്രുതക്ക് കാരണമായി. സ്ഥിരവരുമാനമുള്ള ആളെ വിവാഹം കഴിക്കുകയെന്ന ആഗ്രഹവും കൊലയിലേക്ക് നയിച്ചതായി പോലീസ് വ്യക്തമാക്കുന്നു.

രണ്ടും മൂന്നും പ്രതികളുടെ സഹായത്തോടെയും അറിവോടെയുമാണ് കൊലപാതകം നടത്തിയതെന്നും കസ്റ്റഡി അപേക്ഷയില്‍ വ്യക്തമാക്കുന്നുണ്ട്.

താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ ജോളി അടക്കം മൂന്ന് പ്രതികളെയും കോടതി ആറ് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടിരുന്നു. തുടര്‍ന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധനക്ക് വിധേയരാക്കിയ പ്രതികളെ വടകര റൂറല്‍ എസ്പി ഓഫീസില്‍ കൊണ്ടുവന്ന് വിശദമായി ചോദ്യം ചെയ്യും. പ്രത്യേകം തയ്യാറാക്കിയ മുറിയിലാകും ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യലിൻെറ ദൃശ്യങ്ങൾ വീഡിയോയിൽ ചിത്രീകരിക്കും.