ഭരണഭാഷ; പഠനഭാഷ

ഭരണത്തിലും പഠനത്തിലും മലയാളത്തിന് അസ്പൃശ്യത കല്പിച്ചിരുന്നത് അത് കമ്പ്യൂട്ടറിനു പറ്റിയ ഭാഷയല്ല എന്നു പറഞ്ഞായിരുന്നു. ഇംഗ്ലീഷിനാണെങ്കില്‍ ലിപി കുറയും. ഇക്കണക്കുവെച്ചൊന്ന് ചിന്തിച്ചാല്‍ ഏറ്റവും കൂടുതല്‍ ലിപികളുള്ളതും അക്കാരണത്താല്‍ കമ്പ്യൂട്ടറിന് ഒട്ടും പറ്റാത്തതുമായ ഭാഷകളാണ് ചൈനീസ്, ജപ്പാനീസ് ഭാഷകള്‍. പക്ഷേ, ഇന്ന് ഏറ്റവും കൂടുതല്‍ കമ്പ്യൂട്ടര്‍ ഉണ്ടാക്കുന്നത് അവര്‍ ആണ് എന്നതാണു രസകരം. ഭരണവും പഠനവും മലയാളത്തില്‍ ആക്കാനുള്ള പ്രധാന പ്രതിബന്ധമായി പറഞ്ഞു കേട്ടിട്ടുള്ളത് സാങ്കേതിക പദങ്ങളുടെ അഭാവമാണ്. അതിനാല്‍ സാങ്കേതിക പദങ്ങളെ പരിഭാഷപ്പെടുത്താന്‍ ഒരുപാടു മണ്ടന്‍ പരിശ്രമങ്ങള്‍ നടന്നിട്ടുണ്ട്. സാങ്കേതിക പദങ്ങളെ മാറ്റമേതുമില്ലാതെ സ്വീകരിക്കുകയാണ് എല്ലാ വികസ്വര രാഷ്ട്രങ്ങളും ചെയ്തു പോന്നത്. നമ്മള്‍ ആ സമയത്ത് സ്വിച്ചിന് വൈദ്യുതിഗമനാഗമന നിയന്ത്രണ യന്ത്രം എന്ന തമാശയുണ്ടാക്കി ആര്‍ത്തു ചിരിച്ചു. പി എസ് സി പരീക്ഷയായാലും കോടതി വിധി ആയാലും മലയാളിക്കു വായിച്ചാല്‍ മനസ്സിലാകണം. ഭരിക്കുന്നവര്‍ പറയുന്നതു ജനങ്ങള്‍ക്കു മനസ്സിലാകണം. ജനങ്ങള്‍ പറയുന്നത് ഭരിക്കുന്നവര്‍ക്കും. അതാണ് ഏറ്റവും വലിയ ഭാഷാ തത്ത്വം. കേരളമൊഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലെയും ഭരണഭാഷ അവരവരുടെ മാതൃഭാഷയാണ്. ജനങ്ങള്‍ക്കു വേണ്ടി ജനങ്ങള്‍ നടത്തുന്ന ഭരണമാണ് ജനാധിപത്യമെങ്കില്‍ അത് ജനങ്ങളുടെ ഭാഷയിലാകണം എന്നതിന്റെ യുക്തി വളരെ സരളമാണ്.
Posted on: October 10, 2019 11:46 am | Last updated: October 10, 2019 at 11:46 am

ഭരണവും പഠനവും മാതൃഭാഷയിലാകുന്നതിന്റെ പ്രയോജനങ്ങളെപറ്റി എത്ര പറഞ്ഞാലും മനസ്സിലാകാത്ത ഒരു ജനസമൂഹമാണ് മലയാളികള്‍. ഏത് യുക്തിയെയും നാം മറു യുക്തികള്‍ കൊണ്ട് നേരിടും. കേരളമൊഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലെയും ഭരണഭാഷ അവരവരുടെ മാതൃഭാഷയാണ്. ജനങ്ങള്‍ക്കു വേണ്ടി ജനങ്ങള്‍ നടത്തുന്ന ഭരണമാണ് ജനാധിപത്യമെങ്കില്‍ അത് ജനങ്ങളുടെ ഭാഷയിലാകണം എന്നതിന്റെ യുക്തി വളരെ സരളമാണ്. സാമാന്യ ബുദ്ധിയാണല്ലോ മിക്കപ്പോഴും വളരെ അപൂര്‍വമായ ഒരു സാധനം.

കേരളത്തില്‍ ഭരണഭാഷ മാത്രമല്ല പഠനഭാഷയും ഇംഗ്ലീഷാണ് എന്നതു നമ്മുടെ അപമാന ഭാരം ഇരട്ടിപ്പിക്കുന്നു. കാര്യത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുകയും ചെയ്യുന്നു. ലോകത്തില്‍ ശാസ്ത്ര സാങ്കേതിക രംഗങ്ങളില്‍ പുരോഗതി പ്രാപിച്ച രാജ്യങ്ങളില്‍ എല്ലാം പഠനവും ഭരണവും അവരവരുടെ മാതൃഭാഷയിലാണ്. ഇന്ത്യയെപ്പോലുള്ള അപൂര്‍വം കോളനിയാനന്തര രാജ്യങ്ങളില്‍ മാത്രമാണ് അധ്യയന മാധ്യമം ഇംഗ്ലീഷായി അഥവാ ഒരു വിദേശ ഭാഷയായി തുടരുന്നത്. മലയാളം മാത്രം നന്നായറിയുന്ന വിദ്യാര്‍ഥിയെ മലയാളം അറിയുന്ന അധ്യാപകന്‍ എന്തിനാണ് രസതന്ത്രം ഇംഗ്ലീഷില്‍ പഠിപ്പിക്കുന്നത്? വിദ്യാര്‍ഥിയുടെ ഇംഗ്ലീഷ് നിലവാരം ഉയര്‍ത്താനാണെങ്കില്‍ ഇംഗ്ലീഷ് നന്നായി പഠിപ്പിക്കുകയാണ് വേണ്ടത്. അതിനാവശ്യം ഇംഗ്ലീഷ് നന്നായി അറിയുന്നവരെ ഇംഗ്ലീഷധ്യാപകനായി നിയോഗിക്കണം. അടുത്തകാലം വരെ നമ്മുടെ സ്‌കൂളുകളില്‍ ഇംഗ്ലീഷ് ബി എയും എം എയും വിജയിച്ചു വന്നവരെ ഇംഗ്ലീഷ് അധ്യാപകരായി നിയമിച്ചിരുന്നില്ല. ഇംഗ്ലീഷ് പഠിപ്പിച്ചിരുന്നത് സയന്‍സും സോഷ്യല്‍ സ്റ്റഡീസുമൊക്കെ പഠിപ്പിക്കുന്ന അധ്യാപകരായിരുന്നു. മലയാളി വിദ്യാര്‍ഥിയെ രസതന്ത്രം ഇംഗ്ലീഷില്‍ പഠിപ്പിക്കുമ്പോള്‍ അവന്‍ ഇംഗ്ലീഷ് പഠിക്കില്ല, രസതന്ത്രവും പഠിക്കില്ല എന്നതാണനുഭവം. പഠിക്കില്ല എന്നല്ല നന്നായി പഠിക്കില്ല എന്നര്‍ഥം. തന്മൂലം തട്ടിമുട്ടി പഠിച്ച അഭ്യസ്തവിദ്യരുടെ ഒരുവന്‍പടയെ വര്‍ഷം തോറും സൃഷ്ടിച്ച് വിടുന്നു. ഇതിന്റെ ഫലമോ? ലോകത്തിലെ ഏറ്റവും മികച്ച 200 സര്‍വകലാശാല
കളുടെ പട്ടികയെടുത്താല്‍ അതില്‍ ഇന്ത്യയില്‍ നിന്ന് ഒരു സര്‍വകലാശാല പോലും ഉണ്ടാകുകയില്ല. ശാസ്ത്രസാങ്കേതിക രംഗങ്ങളില്‍ ഉന്നതമായ മികവ് പുലര്‍ത്താത്ത, മൗലികമായ ഒരു സംഭാവനയും ഈ രംഗങ്ങളില്‍ നല്‍കാത്ത സമൂഹത്തെ കുപ്പത്തൊട്ടി ജനം (Garbage Population) എന്നാണ് അഭിജ്ഞന്മാര്‍ വിളിക്കുന്നത്. നിര്‍ഭാഗ്യവശാല്‍ നാം ആ ഗണത്തിലാണ് പെടുന്നത്.
ഇംഗ്ലീഷിനെ വൈജ്ഞാനിക രംഗത്തു നിന്ന് അപ്പാടെ തുരത്തിയോടിക്കണം എന്നല്ല ഇപ്പറഞ്ഞതിനര്‍ഥം. ഒരു ഇണക്കുഭാഷ എന്ന നിലയില്‍ ഇംഗ്ലീഷ് നമുക്കെന്നും ആവശ്യമുണ്ട്. ആംഗലഭാഷാ സമ്പര്‍ക്കം കൊണ്ട് നമ്മുടെ വൈജ്ഞാനിക, സാഹിത്യ മേഖലകള്‍ക്ക് ഒരുപാടു നേട്ടങ്ങളുണ്ടായിട്ടുണ്ടെന്നും സമ്മതിക്കുന്നു. പക്ഷേ, വിരുന്നുകാരന്‍ വീട്ടുകാരനാകുന്ന അവസ്ഥയാണു ഇന്നുള്ളത്. നമ്മുടെ കോടതികള്‍ ഇപ്പോഴും ഇംഗ്ലീഷില്‍ മാത്രം സംസാരിക്കുന്നു. മലയാളം മാത്രം അറിയുന്ന വാദിക്കോ പ്രതിക്കോ വേണ്ടി മലയാളം അറിയാവുന്ന വക്കീല്‍ മലയാളമറിയാവുന്ന ജഡ്ജിക്കു മുമ്പില്‍ ഇംഗ്ലീഷില്‍ വാദം നടത്തുന്നത് എന്തിനാണ്? ഇവരില്‍ ഏതെങ്കിലും ഒരു കൂട്ടര്‍ക്കു മലയാളം അറിയില്ലെങ്കില്‍ സംഗതി ശരി. കോടതികളില്‍ മാത്രമല്ല പല വകുപ്പുകളിലും സ്ഥിതി ഇതാണ്. ഒരു ബേങ്ക് വായ്പ എടുക്കണമെങ്കില്‍ ഇംഗ്ലീഷില്‍ കുനുകുനാ അച്ചടിച്ചു വെച്ചിരിക്കുന്ന ഡസന്‍ കണക്കിനു കടലാസുകളില്‍ യാന്ത്രികമായി ഒപ്പിട്ടു കൊടുക്കുന്ന ഉപഭോക്താവ് താനെന്തൊക്കെ ബാധ്യതകളാണ് ഏറ്റെടുക്കുന്നത് എന്നറിയുന്നില്ല. ഭരണം സുതാര്യമാകണമെങ്കില്‍ ഭരണഭാഷ മാതൃഭാഷ തന്നെ ആകണം. നീതിയെ ഭാഷകൊണ്ടു മറച്ചു വെക്കുന്നത് നീതിനിഷേധം തന്നെയാണ്. കേരളത്തിലെ ഭരണഭാഷ മലയാളത്തിലാക്കണമെന്ന് പറയുന്നത് മലയാള ഭാഷയെ രക്ഷിക്കാനോ ഏതാനും മലയാളം അധ്യാപകരുടെ ജോലി ഉറപ്പാക്കാനോ ഉള്ള പരിപാടിയല്ല. മലയാളിയെ രക്ഷിക്കാനുള്ള പരിപാടിയാണ്.

ലോനപ്പന്‍ നമ്പാടന്‍

ഭരണഭാഷാ പ്രശ്‌നവും പഠനഭാഷാ പ്രശ്‌നവും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണ്. രണ്ടും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. മെഡിക്കല്‍ വിദ്യാഭ്യാസത്തിനായി റഷ്യയിലും ജപ്പാനിലുമൊക്കെ ചെല്ലുന്ന വിദേശ വിദ്യാര്‍ഥികളെ ആദ്യം അവര്‍ അവരുടെ ഭാഷ പഠിപ്പിക്കുന്നു. മൂന്നര ലക്ഷം ജനങ്ങള്‍ മാത്രം സംസാരിക്കുന്ന ഐസ്‌ലാന്റിക്ക് ഭാഷയില്‍ മെഡിക്കല്‍ എന്‍ജിനീയറിംഗ് വിദ്യാഭ്യാസം നിര്‍വഹിക്കാന്‍ അന്നാട്ടുകാര്‍ക്ക് ഒരു ബുദ്ധിമുട്ടുമില്ല. ഏതാനും ലക്ഷം ജനങ്ങള്‍ മാത്രം സംസാരിക്കുന്ന അഫ്ഗാനിസ്ഥാനിലെ ധാരി ഭാഷയില്‍ ഉന്നത വിദ്യാഭ്യാസത്തിനു ബുദ്ധിമുട്ടേതുമില്ല. മാത്രമല്ല ലോകത്തിലെ ഒന്നാംകിട യൂനിവേഴ്‌സിറ്റികളുടെ ഗണത്തിലാണ് കാബൂള്‍ യൂനിവേഴ്‌സിറ്റിയുടെ സ്ഥാനം.

വയലാര്‍ രവി

ഹീബ്രു ഒരു മാതൃഭാഷയായിരുന്നു. യഹൂദരുടെ മതഗ്രന്ഥങ്ങളിലല്ലാതെ അവരുടെ ദൈനംദിന ജീവിതത്തില്‍ ആ ഭാഷക്കു ഒരു പങ്കുമില്ലാതെ നൂറ്റാണ്ടുകള്‍ പലതു കടന്നുപോയി. പക്ഷേ, യഹൂദര്‍ അവരുടെ ഹീബ്രു ഭാഷയെ പുനരുജ്ജീവിപ്പിച്ചു. എലിയാസര്‍ ബിന്‍ യഹൂദാ എന്ന വ്യക്തിയുടെ കഠിനാധ്വാനമാണു അതിന് പിന്നിലുള്ളത്. ആദ്യമയാള്‍ സ്വന്തം വീട്ടില്‍ ഹീബ്രു സംസാരിക്കാന്‍ തുടങ്ങി- പിന്നെ സുഹൃത്തുക്കളുമായി. ആ വൃത്തം വളര്‍ന്നു. ഭരണത്തിനും പഠനത്തിനും ഇസ്‌റാഈലിലുള്ളവര്‍ക്ക് ഇന്ന് മാധ്യമം ഹീബ്രു ഭാഷയാണ്. ജറൂസലമിലെ ഹീബ്രു യൂനിവേഴ്‌സിറ്റി ലോകത്തിലെ ഒന്നാംകിടയാണ്.
ഇറാനിലെ ഷായെ മറിച്ചിട്ട വിപ്ലവത്തിനു മുമ്പ് അവിടുത്തെ പഠന മാധ്യമം ഇംഗ്ലീഷ് ആയിരുന്നു. വിപ്ലവത്തിനു ശേഷം പഠനഭാഷ പേര്‍ഷ്യനായി. ശാസ്ത്ര സാങ്കേതിക രംഗങ്ങളില്‍ ഇറാന്‍ വന്‍ കുതിപ്പ് നടത്തുന്നതാണു നാം പിന്നീടു കണ്ടത്. ലോക യൂനിവേഴ്‌സിറ്റികളില്‍ മുന്‍പന്തിയിലാണ് യൂനിവേഴ്‌സിറ്റി ഓഫ് തെഹ്‌റാന്റെ സ്ഥാനം.
നവംബര്‍ ഒന്ന് നമുക്ക് കേരളപ്പിറവി ദിനമാണല്ലേ. ഇതേ ദിവസം തുര്‍ക്കി ജനതക്കും പ്രിയപ്പെട്ടതാണ്. തുര്‍ക്കി ഭാഷ അവരുടെ ഭാഷയായി പ്രഖ്യാപിക്കപ്പെട്ടത്. 1928 നവംബര്‍ ഒന്നിനാണ്. വിദേശമേല്‍ക്കോയ്മയില്‍ നിന്ന് രാജ്യത്തെ മോചിപ്പിച്ച അവരുടെ രാഷ്ട്രപിതാവായ മുസ്ഥഫാ കമാല്‍പാഷ ഭാഷാ നവീകരണമാണ് രാഷ്ട്രപുനര്‍ നിര്‍മാണത്തിനുള്ള അടിയന്തര മാര്‍ഗം എന്നു കണ്ടു. തുര്‍ക്കി ഭാഷ ഭരണഭാഷയാക്കുന്നതിനെ പറ്റി ആലോചിക്കാന്‍ ഭരണപടുക്കളുടെയും ഭാഷാ വിദഗ്ധരുടെയും ഒരു യോഗം വിളിച്ചു കൂട്ടി. ഭരണ ഭാഷ തുര്‍ക്കിയാക്കി മാറ്റിയെടുക്കാന്‍ എത്ര നാള്‍ എടുക്കുമെന്ന് കമാല്‍പാഷ ചോദിച്ചു. മൂന്ന് മുതല്‍ അഞ്ച് വരെ വര്‍ഷങ്ങള്‍ വേണ്ടി വരും എന്നായിരുന്നു പണ്ഡിതന്‍മാരുടെ സുചിന്തിതമായ മറുപടി. അപ്പോള്‍ കമാല്‍പാഷ പറഞ്ഞു, എങ്കില്‍ മൂന്ന് മുതല്‍ അഞ്ച് വരെ മാസം കൊണ്ട് നമ്മളത് നടപ്പാക്കും.

സുബ്രഹ്മണ്യ ഭാരതി

ഇങ്ങനെ പ്രഖ്യാപിക്കുക മാത്രമല്ല അത് പ്രാവര്‍ത്തികമാക്കുകയും ചെയ്തു അദ്ദേഹം. 1928 നവംബര്‍ ഒന്നിന് തുര്‍ക്കി ഭാഷയുടെ പുതിയ ലിപി നടപ്പാക്കി. കൃത്യം 45 ദിവസം കഴിഞ്ഞ് 1928 ഡിസംബര്‍ 15ന് പുതിയ ലിപിയിലുള്ള ആദ്യത്തെ ദിനപ്പത്രം പ്രസിദ്ധീകരിച്ചു. 1928ല്‍ 10 ശതമാനം ആയിരുന്ന സാക്ഷരത രണ്ട് വര്‍ഷം കൊണ്ട് 75 ശതമാനം ആയി.

നമ്മുടെ അയല്‍ രാജ്യമായ ബംഗ്ലാദേശിന്റെ പിറവിക്കു തന്നെ കാരണം മാതൃ ഭാഷക്ക് വേണ്ടിയുള്ള സമരങ്ങളാണ്. 1948ല്‍ പാക്കിസ്ഥാന്‍ പാര്‍ലിമെന്റില്‍ മുഹമ്മദലി ജിന്ന ഉറുദു ഭാഷ പാക്കിസ്ഥാന്റെ ഔദ്യോഗിക ഭാഷയായിരിക്കും എന്ന് പ്രഖ്യാപിച്ചു. ബംഗാളി മാതൃഭാഷയായ കിഴക്കന്‍ പാക്കിസ്ഥാനിലുള്ള ജനങ്ങള്‍ പ്രതിഷേധിച്ചു. പ്രതിഷേധ പ്രകടനം നടത്തിയ ധാക്കാ യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികളുടെ നേര്‍ക്ക് വെടിവെപ്പുണ്ടായി. 1952 ഫെബ്രുവരി 21നുണ്ടായ വെടിവെപ്പില്‍ ഏഴ് പേര്‍ മരിച്ചു. തുടര്‍ന്ന് ബംഗാളിയും കൂടി ഔദ്യോഗിക ഭാഷയാക്കി ഉത്തരവു വന്നു. പക്ഷേ, വിഭജനത്തിന്റെ കനലുകള്‍ ആളിക്കത്തുകയും 1972ല്‍ ബംഗ്ലാദേശിന്റെ പിറവിക്ക് കാരണമാകുകയും ചെയ്തു.
ഇതെല്ലാം നമ്മുടെ കണ്ണുതുറപ്പിക്കുന്നതാണ്. പക്ഷേ, നാം നമ്മുടെ അടിമത്തത്തിനു ബ്രിട്ടീഷുകാരെ കുറ്റം പറഞ്ഞ് നാള്‍കഴിക്കണം. വാസ്തവത്തില്‍ ബ്രിട്ടീഷുകാര്‍ ഇവിടെ ഇംഗ്ലീഷ് അടിച്ചേല്‍പ്പിക്കാന്‍ ഒരു ശ്രമവും നടത്തിയിട്ടില്ല. നന്നായി മലയാളം അറിയുന്ന സായ്പന്മാരെ മാത്രമേ മലബാര്‍ കലക്ടര്‍മാര്‍ ആയി നിയമിക്കാറുള്ളൂ. നമ്മുടെ നാടന്‍ പാട്ടുകളില്‍ മിക്കതും ശേഖരിച്ചത് മലബാര്‍ കലക്ടര്‍ ആയിരുന്ന വില്യം ലോഗനാണ്. മറ്റൊരു കലക്ടറായിരുന്ന ഡബ്ല്യൂ എഫ് ഡ്യൂമര്‍ഗാണ് ഇന്ദുലേഖ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്. ഈ കലക്ടര്‍മാരുടെ ഒക്കെ ഉത്തരവുകള്‍ മലയാളത്തിലായിരുന്നു. അവര്‍ അതിന്റെ ഇംഗ്ലീഷ് പരിഭാഷപ്പെടുത്തി പോന്നിരുന്നു എന്നുമാത്രം. ഇംഗ്ലീഷ് അവര്‍ അടിച്ചേല്‍പ്പിച്ചതല്ല നാം തിരഞ്ഞെടുത്തതാണ്. ഭാഷ അടിച്ചേല്‍പ്പിക്കല്‍ വിപരീത ഫലമാണുണ്ടാക്കുക എന്ന് ഹിന്ദിക്ക് തമിഴ്‌നാട്ടിലുണ്ടായ അനുഭവം വ്യക്തമാക്കുന്നു. ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ പോയി ഹിന്ദി പഠിച്ച് ഹിന്ദി പറയിപ്പിക്കാന്‍ ഇന്ത്യ മുഴുവന്‍ നടന്ന ആളാണ് തമിഴ്‌നാട്ടുകാരുടെ ദേശീയ കവിയായ സുബ്രഹ്മണ്യ ഭാരതി. ആ സുബ്രഹ്മണ്യ ഭാരതിയുടെ നാട്ടുകാര്‍ ഹിന്ദിയോട് കടക്കൂ പുറത്ത് എന്നുപറയാന്‍ കാരണമെന്ത്? ഈസ്റ്റ് ഇന്ത്യ കമ്പനിയില്‍ നിന്ന് സ്വാതന്ത്ര്യ ശേഷം ഇന്ത്യയുടെ ഭരണം “നോര്‍ത്ത് ഇന്ത്യാ കമ്പനി’ ഏറ്റെടുത്തപ്പോള്‍ പിന്‍വാതിലിലൂടെ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമമുണ്ടായി. അതിനെതിരെ തമിഴ്‌നാട്ടുകാര്‍ പ്രതിഷേധിച്ചു.

ഭരണത്തിലും പഠനത്തിലും മലയാളത്തിന് അസ്പൃശ്യത കല്പിച്ചിരുന്നത് അത് കമ്പ്യൂട്ടറിനു പറ്റിയ ഭാഷയല്ല എന്നു പറഞ്ഞായിരുന്നു. ഇംഗ്ലീഷിനാണെങ്കില്‍ ലിപി കുറയും. ഇക്കണക്കുവെച്ചൊന്ന് ചിന്തിച്ചാല്‍ ഏറ്റവും കൂടുതല്‍ ലിപികളുള്ളതും അക്കാരണത്താല്‍ കമ്പ്യൂട്ടറിന് ഒട്ടും പറ്റാത്തതുമായ ഭാഷകളാണ് ചൈനീസ്, ജപ്പാനീസ് ഭാഷകള്‍. പക്ഷേ, ഇന്ന് ഏറ്റവും കൂടുതല്‍ കമ്പ്യൂട്ടര്‍ ഉണ്ടാക്കുന്നത് അവര്‍ ആണ് എന്നതാണു രസകരം. ഭരണവും പഠനവും മലയാളത്തില്‍ ആക്കാനുള്ള പ്രധാന പ്രതിബന്ധമായി പറഞ്ഞു കേട്ടിട്ടുള്ളത് സാങ്കേതിക പദങ്ങളുടെ അഭാവമാണ്. അതിനാല്‍ സാങ്കേതിക പദങ്ങളെ പരിഭാഷപ്പെടുത്താന്‍ ഒരുപാടു മണ്ടന്‍ പരിശ്രമങ്ങള്‍ നടന്നിട്ടുണ്ട്. സാങ്കേതിക പദങ്ങളെ മാറ്റമേതുമില്ലാതെ സ്വീകരിക്കുകയാണ് എല്ലാ വികസ്വര രാഷ്ട്രങ്ങളും ചെയ്തു പോന്നത്. നമ്മള്‍ ആ സമയത്ത് സ്വിച്ചിന് വൈദ്യുതിഗമനാഗമന നിയന്ത്രണ യന്ത്രം എന്ന തമാശയുണ്ടാക്കി ആര്‍ത്തു ചിരിച്ചു.

1977ല്‍ ബില്ലുകള്‍ മലയാളത്തില്‍ അവതരിപ്പിക്കണമെന്നാവശ്യപ്പെടുന്ന ഒരു സ്വകാര്യ പ്രമേയം ലോനപ്പന്‍ നമ്പാടന്‍ കേരള നിയമസഭയില്‍ അവതരിപ്പിച്ചു. അന്ന് നിയമസഭാ അംഗമായിരുന്ന വയലാര്‍ രവി ഒരു കുസൃതി ചോദ്യം ചോദിച്ചു. “ഈ ബില്‍ നിയമമായിക്കഴിഞ്ഞാല്‍ പിന്നെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ വൃത്തപരിശോധകന്‍ എന്നു വിളിക്കേണ്ടതില്ലേ’. “വേണ്ട’ നമ്പാടന്‍ മാസ്റ്റര്‍ പറഞ്ഞു. “ബില്ല് വന്നു എന്നുവെച്ച് ബഹുമാനപ്പെട്ട മെമ്പര്‍ സ്വന്തം ഭാര്യയെ “ദയ’ എന്നോ “കരുണ’ എന്നോ വിളിക്കേണ്ടതില്ല. ഇപ്പോള്‍ വിളിക്കുന്ന പേര് തന്നെ വിളിച്ചാല്‍ മതി’. വയലാര്‍ രവിയുടെ ഭാര്യയുടെ പേര് “മേഴ്‌സി’ എന്നായിരുന്നു എന്നോര്‍ക്കുക.
ഭാഷയുടെ സ്വത്വം നിര്‍ണയിക്കുന്നത് വാക്കുകളല്ല വാക്യ ഘടനയാണ്. അന്യഭാഷകളില്‍ നിന്ന് വാക്കുകള്‍ കടമെടുത്താണ് ഏതു ഭാഷയും വളരുന്നത്. കുറെയധികം സാങ്കേതിക പദങ്ങള്‍ കടമെടുത്തു എന്നു കരുതി മലയാളം അസ്തമിച്ചു പോകുകയില്ല. മലയാളിക്കു മനസ്സിലാകുന്ന പദമേതോ അതാണു മലയാളം.

ഡോക്ടര്‍ രോഗിയോടു പറഞ്ഞു, “നാളെ നിങ്ങള്‍ക്ക് ഒരു ശസ്ത്രക്രിയ ഉണ്ട്’. “അതെന്താണു സാര്‍ സംഭവം?’. പരിഭ്രമത്തോടെ രോഗി ചോദിച്ചു. “നിങ്ങള്‍ക്ക് നാളെ ഒരു ഓപറേഷനുണ്ടെന്നാണ് പറഞ്ഞത്’ ഡോക്ടര്‍ വിശദീകരിച്ചു. എങ്കില്‍ പിന്നെ അങ്ങനെ മലയാളത്തില്‍ പറഞ്ഞാല്‍ മതിയായിരുന്നല്ലോ എന്ന് രോഗി തിരിച്ചു ചോദിച്ചു. അതെ ഓപറേഷന്‍ എന്ന പദം അയാളുടെ മലയാളമാണ്.
പി എസ് സി പരീക്ഷയായാലും കോടതി വിധി ആയാലും മലയാളിക്കു വായിച്ചാല്‍ മനസ്സിലാകണം. ഭരിക്കുന്നവര്‍ പറയുന്നതു ജനങ്ങള്‍ക്കു മനസ്സിലാകണം. ജനങ്ങള്‍ പറയുന്നത് ഭരിക്കുന്നവര്‍ക്കും. അതാണ് ഏറ്റവും വലിയ ഭാഷാ തത്ത്വം. പഠനവും ഭരണവും മലയാളത്തിലാകാന്‍ ഭാഷാ നയം മാത്രം പോരാ – പാഷാ നയം കൂടി വേണം; മുസ്തഫാ കമാല്‍ പാഷാ പണ്ടു സ്വീകരിച്ച നയം – രാഷ്ട്രീയമായ ഇച്ഛാശക്തി.