Connect with us

Kerala

കൂടത്തായി കൂട്ടക്കൊലപാതകം: പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടു

Published

|

Last Updated

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലപാതക കേസ് പ്രതികളായ ജോളിയമ്മ ജോസഫ് എന്ന ജോളി, കാക്കവയല്‍ മഞ്ചാടിയില്‍ മാത്യു, തച്ചംപൊയില്‍ മുള്ളമ്പലത്തില്‍ പി പ്രജുകുമാര്‍ എന്നിവരെ താമരശ്ശേരി കോടതി ആറ് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. ഇന്ന് രാവിലെ കനത്ത സുരക്ഷയിലാണ് പ്രതികളെ കോടതിയിൽ ഹാജരാക്കിയത്. പ്രതികളെ കസ്റ്റഡിയില്‍ വിട്ടു തരാനായി പോലീസ് നേരത്തെ അപേക്ഷ സമര്‍പ്പിച്ചിരുന്നു.

ജോളിയടക്കമുള്ള പ്രതികളെ കോടതിയിലേക്ക് എത്തിക്കുന്നതറിഞ്ഞ് ജില്ലാ ജയില്‍ പരിസരത്ത് രാവിലെ മുതല്‍ തന്നെ ജനം തടിച്ചു കൂടിയിരുന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ വലിയ പോലീസ് സന്നാഹവും സ്ഥലത്തുണ്ടായിരുന്നു. പ്രതികളെ കോടതിയില്‍ എത്തിച്ചപ്പോള്‍ കൂകി വിളിച്ചായിരുന്നു ജനം എതിരേറ്റത്. കോടതി പരിസരത്ത് മാധ്യമങ്ങള്‍ക്ക് അടക്കം കടുത്ത നിയന്ത്രണമാണ് ഉണ്ടായത്.

കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ വൈദ്യപരിശോധനക്ക് ശേഷം ജോളിയെ ചോദ്യം ചെയ്യലിനായി വടകര റൂറല്‍ എസ് പി ഓഫീസിലേക്ക് എത്തിച്ചു. ബുധനാഴ്ച വൈകുന്നേരം അഞ്ചോടെ കസ്റ്റഡി കാലാവധി അവസാനിക്കും.

അതേ സമയം പെരുച്ചാഴിയെ കൊല്ലാന്‍ എന്നു പറഞ്ഞാണ് മാത്യു തന്റെ പക്കല്‍ നിന്നും സയനൈഡ് വാങ്ങിയതെന്ന് മൂന്നാം പ്രതി പ്രജുകുമാര്‍ പോലീസ് ജീപ്പിലേക്ക് കയറും മുമ്പായി മാധ്യമങ്ങളോട് പറഞ്ഞു.

Latest