പയനീര്‍ ട്രാവല്‍ ചലഞ്ചേഴ്‌സ് കപ്പ് 2019: നയണ്‍സ് ഫുട്ബാള്‍ മേളക്ക് വെള്ളിയാഴ്ച തുടക്കമാകും

Posted on: October 9, 2019 4:19 pm | Last updated: October 10, 2019 at 4:44 pm

ദമ്മാം: കിഴക്കന്‍ പ്രവിശ്യയിലെ പ്രമുഖ ഫുട്‌ബോള്‍ ക്ലബ്ബായ മലബാര്‍ യുണൈറ്റഡ് എഫ് സി പതിനഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന നയണ്‍സ് ഫുട്‌ബോള്‍ മേളക്ക് വെള്ളിയാഴ്ച ദമ്മാം റാക്കയിലെ സ്പോര്‍ട് യാര്‍ഡ് സ്റ്റേഡിയത്തില്‍ തുടക്കമാവും.

ആറ് ആഴ്ച്ച നീണ്ടു നില്‍ക്കുന്ന ടൂര്‍ണ്ണമെന്റില്‍ ഡിഫക്ക് കീഴിലെ 19 ടീമുകളാണ് മത്സരിക്കുന്നത്. അന്താരാഷ്ട്ര ഫുട്‌ബോള്‍ സംഘടനയായ ഫിഫയുടെ പരസ്പര ബഹുമാനം, സൗഹൃദം, സാഹോദര്യം എന്ന സന്ദേശമാണ് ഈ ടൂര്‍ണ്ണമെന്റ്റിലൂടെ എം യു എഫ് സി ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

വെള്ളിയാഴ്ച വൈകീട്ട് ആറ് മണിക്ക് ആരംഭിക്കുന്ന ആദ്യ മത്സരത്തില്‍ ദമ്മാം സോക്കര്‍ എഫ് സിയും എഫ് സി ഡി തെക്കേപ്പുറവും രണ്ടാം മത്സരത്തില്‍ സ്‌പോര്‍ട്ടിംഗ് ഖാലിദിയയും ഫോര്‍സ എഫ് സി ഖോബാറും മൂന്നാം മത്സരത്തില്‍ എംപയര്‍ റെസ്റ്റോറന്റ്റ് ഇ എം എഫ് റാക്കയും ജുബൈല്‍ എഫ് സി യും ഏറ്റുമുട്ടും. ജേതാക്കള്‍ക്ക് ട്രോഫിയും ക്യാഷ് പ്രൈസും സമ്മാനിക്കും.

ദമ്മാം മീഡിയ ഫോറം ഓഫിസില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഡിഫ പ്രസിഡന്റ് ഡോ. അബ്ദുല്‍ സലാം കണ്ണിയന്‍, പയനീര്‍ ട്രാവല്‍ മാനേജര്‍ റസ്സല്‍ ചുണ്ടക്കാടന്‍, ക്ലബ് പ്രസിഡന്റ് ഫ്രാങ്കോ ജോസ്, ടൂര്‍ണമെന്റ് കണ്‍വീനര്‍ ഷനൂബ് എന്നിവര്‍ പങ്കെടുത്തു.