Connect with us

Business

കേരളാ ബേങ്കിന് റിസര്‍വ് ബേങ്കിന്റെ അനുമതി; കേരളപ്പിറവി ദിനത്തില്‍ പ്രവര്‍ത്തനം തുടങ്ങും

Published

|

Last Updated

തിരുവനന്തപുരം: സഹകരണ ബാങ്കുകളെ തമ്മില്‍ യോജിപ്പിച്ച് കേരളാ ബാങ്ക് രൂപവത്കരിക്കുന്നതിന് റിസര്‍വ് ബേങ്ക് അനുമതി നല്‍കി. ഇതുമായി ബന്ധപ്പെട്ട കത്ത് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചു. നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തില്‍ ബേങ്ക് പ്രവര്‍ത്തനം തുടങ്ങും.

സംസ്ഥാന സഹകരണ ബാങ്കും ജില്ലാ സഹകരണ ബാങ്കുകളും ലയിപ്പിച്ചാണ് കേരള ബേങ്ക് രൂപവത്കരിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് മുതല്‍ ഇതിനുള്ള നീക്കങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ചില ജില്ലാ സഹകരണ ബേങ്കുകള്‍ ശക്തമായി എതിര്‍ത്തതിനാല്‍ രൂപവത്കരണ നീക്കങ്ങള്‍ മന്ദഗതിയിലായി. ലയന പ്രമേയം ജില്ലാ ബാങ്കുകളില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ പാസാകണമെന്നാണ് നേരത്തെ വ്യവസ്ഥ ചെയ്തിരുന്നത്. ഇത് സാധ്യമല്ലെന്ന് വ്യക്തമായതോടെ കേവലഭൂരിപക്ഷമെന്ന് തിരുത്തിയാണ് സര്‍ക്കാര്‍ പതിമൂന്ന് ജില്ലാ ബാങ്കുകളുടെ പിന്തുണ ഉറപ്പാക്കിയത്.

മലപ്പുറം ജില്ലാ ബാങ്കിലാണ് ലയനപ്രമേയം പാസാകാതിരുന്നത്. മറ്റു 13 ജില്ലകളിലും കേവല ഭൂരിപക്ഷത്തോടെ പ്രമേയം അംഗീകരിക്കപ്പെട്ടു. കേരളാ ബേങ്കിന് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം റിസര്‍വ് ബാങ്കിനെ സമീപിച്ചിരുന്നു. ബേങ്ക് ലയനത്തിനെതിരെ പ്രതിപക്ഷ സംഘടനകള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലുമാണ്.

Latest