ഐ എന്‍ എക്‌സ് മീഡിയ കേസ്: കാര്‍ത്തി ചിദംബരത്തെ ഇ ഡി ചോദ്യം ചെയ്യും

Posted on: October 9, 2019 4:20 pm | Last updated: October 9, 2019 at 4:46 pm

ന്യൂഡല്‍ഹി: ഐ എന്‍ എക്സ് മീഡിയ കേസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന മുന്‍ ധനമന്ത്രി പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. ചോദ്യം ചെയ്യുന്നതിനായി ബുധനാഴ്ച്ച ഹാജരാവാന്‍ കാര്‍ത്തിക്ക് ഇ ഡി നോട്ടീസ് നല്‍കി. അതേസമയം ഇതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് ദസറ ആഘോഷത്തിന് താന്‍ ഇവിടെ ഉണ്ടാവുമെന്നായിരുന്നു കാര്‍ത്തിയുടെ പ്രതികരണം.

ചിദംബരം ധനമന്ത്രിയായിരുന്ന സമയത്തുണ്ടായ കേസില്‍ കാര്‍ത്തി ചിദംബരത്തിനും പങ്കുണ്ടെന്നാണ് ആരോപണം. എന്നാല്‍ കാര്‍ത്തി ഈ ആരോപണം നേരത്തെ നിഷേധിച്ചിരുന്നു. ഇതേ കേസുമായി ബ്ന്ധപ്പെട്ടാണ് ചിദംബരം ഇപ്പോള്‍ റിമാന്‍ഡില്‍ കഴിയുന്നത്. അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ ഈ മാസം 17ന് കോടതി പരിഗണിക്കും.