വിമാനത്തിലെ പൂജ; കോണ്‍ഗ്രസ് വിമര്‍ശനം പാരമ്പര്യത്തെ അവഹേളിക്കുന്നത്: അമിത് ഷാ

Posted on: October 9, 2019 3:18 pm | Last updated: October 9, 2019 at 3:19 pm

ന്യൂഡല്‍ഹി: റഫാല്‍ വിമാനത്തില്‍ നടത്തിയ പൂജയെ വിമര്‍ശിക്കുന്ന കോണ്‍ഗ്രസ് പാരമ്പര്യ രീതികളെ വെല്ലുവിളിക്കുകയാണെന്ന് കേന്ദ്യ ആഭ്യന്തരമന്ത്രി അമിത് ഷാ. പാരമ്പര്യ രീതിയെന്ന നിലയ്ക്കാണ് രാജ്‌നാഥ് സിംഗ് വിമാനത്തില്‍ പൂജ നടത്തിയതെന്നും ഷാ പറഞ്ഞു.
റഫാല്‍ വിമാനങ്ങള്‍ വാങ്ങിയ നടപടി രാജ്യത്തിന്റെ പ്രതിരോധ മേഖലയിലെ നിര്‍ണ്ണായക നീക്കമാണെന്നും ഹരിയാനയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കവേ അമിത് ഷാ പറഞ്ഞു.

കശ്മീര്‍ പുന:സംഘടന പ്രധാനമന്ത്രിയുടെ നിശ്ചയദാര്‍ഢ്യത്തിന്റെ തെളിവാണ്. കശ്മീര്‍ പുന:സംഘടനയെ കോണ്‍ഗ്രസ് എതിര്‍ത്തു. ധാര്‍മികമായി ശരിയായ നടപടിയല്ല കോണ്‍ഗ്രസില്‍ നിന്നുണ്ടായത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നരേന്ദ്ര മോദിയുടെ വ്യക്തിത്വത്തെ നമിച്ചു. ലോകം ആദരിക്കുന്ന നേതാവാണ് മോദി. അതിര്‍ത്തി കടന്നുള്ള ആക്രമണത്തിന് പാകിസ്ഥാനുള്ള ഇന്ത്യയുടെ ചുട്ട മറുപടിയായിരുന്നു ബാലാകോട്ട് ആക്രമണമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.