കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിച്ചു; ദീപാവലി സമ്മാനമെന്ന് പ്രകാശ് ജാവദേക്കര്‍

Posted on: October 9, 2019 2:58 pm | Last updated: October 9, 2019 at 8:45 pm

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത അഞ്ചു ശതമാനം വര്‍ധിപ്പിച്ചു. ഇതോടെ നിലവില്‍ 12 ശതമാനമായിരുന്ന ക്ഷാമബത്ത പതിനേഴ് ശതമാനമായി. അമ്പതുലക്ഷത്തോളം ജീവനക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഇതുവഴി സര്‍ക്കാറിന് പതിനാറായിരം കോടിരൂപയുടെ അധികബാധ്യതയുണ്ടാകും. ഏഴാം ശമ്പള കമ്മിഷന്റെ ശിപാര്‍ശയില്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ബുധനാഴ്ച രാവിലെ ചേര്‍ന്ന യോഗമാണ് തീരുമാനമെടുത്തത്.

പെന്‍ഷന്‍കാര്‍ക്കുള്ള ഡി ആറും (ഡിയര്‍നെസ് റിലീഫ്) അഞ്ചു ശതമാനം വര്‍ധിപ്പിച്ചിട്ടുണ്ട്. 62ലക്ഷത്തോളം പേര്‍ക്കാണ് ഇത് പ്രയോജനപ്പെടുക.കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് ഇക്കാര്യം മാധ്യമങ്ങളോടു പറഞ്ഞത്. ഡി എ കൂട്ടിയത് ജീവനക്കാര്‍ക്കുള്ള ദീപാവലി സമ്മാനമാണെന്ന് അദ്ദേഹം പറഞ്ഞു.