മന്ത്രിയാകാനില്ല; പാലായുടെ വികസനമാണ് ലക്ഷ്യം- മാണി സി കാപ്പന്‍

Posted on: October 9, 2019 2:42 pm | Last updated: October 9, 2019 at 2:42 pm

തിരുവനന്തപുരം: പാലായില്‍ ചരിത്ര വിജയം നേടിയ മാണി സി കാപ്പന്‍ എം എല്‍ എയായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ പത്തിന് നിമയസഭാ ഹാളില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ കാപ്പന് സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനമാത്തില്‍, ഇംഗ്ലീഷിലായിരുന്നു കാപ്പന്റെ സത്യപ്രതിജ്ഞ. മുഖ്യമന്ത്രി പിണറായി വിജയന്‍, മറ്റ് മന്ത്രിമാര്‍, കാപ്പന്റെ കുടുംബാംഗങ്ങള്‍ പങ്കെടുത്തു.

എന്‍ സി പിയുടെ മന്ത്രി സ്ഥാനത്തേക്ക് വരുമോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മന്ത്രിയാകാന്‍ തനിക്ക് താത്പര്യമില്ലെന്നും പാലായുടെ വികസനത്തിനായി പ്രവര്‍ത്തിക്കുമെന്നും കാപ്പന്‍ പ്രതികരിച്ചു. വട്ടിയൂര്‍കാവിലെ ഇടത് സ്ഥാനാര്‍ഥി വി കെ പ്രശാന്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുമെന്നും കാപ്പന്‍ പറഞ്ഞു. സത്യപ്രതിജ്ഞക്ക് ശേഷം കാപ്പന് എന്‍ സി പി തിരുവനന്തപുരം ജില്ലാ കമ്മിറ്റി സ്വീകരണം നല്‍കി.

മണ്ഡലം ഉണ്ടായത് മുതല്‍ പാലായുടെ എം എല്‍ എയായിരുന്ന കെ എം മാണിയുടെ നിര്യാണത്തെത്തെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പിലാണ് കാപ്പന്‍ ചരിത്ര വിജയം നേടിയത്. യു ഡി എഫ് സ്ഥാനാര്‍ഥി 2943 വോട്ടുകള്‍ക്ക് തകര്‍ത്താന്‍ എന്‍ സി പിക്കാരനായ കാപ്പന്‍ ആദ്യമായി പാലാ മണ്ഡലം ഇടതിന്റെ കൈകളിലെത്തിച്ചത്.