ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; സബ് രജിസ്ട്രാര്‍ അറസ്റ്റില്‍

Posted on: October 9, 2019 1:26 pm | Last updated: October 9, 2019 at 1:26 pm

കാടാമ്പുഴ: സ്വകാര്യ ബസില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പിടിയില്‍ . കൊല്ലം സ്വദേശിയായ യുവതിയുടെ പരാതിയില്‍ കൊല്ലം സ്വദേശിയും കാഞ്ഞങ്ങാട് സബ് രജിസ്ട്രാര്‍ ജോയിയെയാണ് കാടാമ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരത്തു നിന്നും മംഗലാപുരത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം. പുറകില്‍ ഇരുന്ന ജോയ് തന്റെ ശരീരത്തില്‍ ലൈംഗിക താല്‍പര്യത്തോടെ സ്പര്‍ശിച്ചുവെന്നാണ് യുവതിയുടെ പരാതി. പ്രതി മദ്യപിച്ചിരുന്നുവെന്നും യുവതിയുടെ പരാതിയിലുണ്ട്.

ബസ് എടപ്പാളില്‍ എത്തിയപ്പോഴാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് ബസ് പിന്തുടര്‍ന്ന പോലീസ് കാടാമ്പുഴയില്‍ വെച്ച് പ്രതിയെ പിടികൂടി.
അതേസമയം, ബസ് വളവില്‍ നിന്ന് ചെരിഞ്ഞതിനിടെ യുവതിയുടെ മേല്‍ താന്‍ വീഴുകയായിരുന്നെന്നും അപ്പോള്‍ തന്നെ യുവതിയോട് ക്ഷമ ചോദിച്ചിരുന്നുവെന്നും ജോയി വിശദീകരിച്ചു. തൃശ്ശൂര്‍ കഴിഞ്ഞായിരുന്നു സംഭവം. പിന്നീട് യാത്രക്കാരുടെ നിര്‍ബന്ധപ്രകാരമാണ് യുവതി പോലീസില്‍ പരാതി നല്‍കിയതെന്നും ജോയി പറയുന്നു. തിരൂര്‍ കോടതിയില്‍ ഹാജരാക്കിയെ ജോയിക്ക് കോടതി ജാമ്യം അനുവദിച്ചു