Connect with us

Kerala

കൂടത്തായ് കൂട്ടക്കൊല: പ്രതികളെ നേരിട്ട് ഹാജരാക്കണം, കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും

Published

|

Last Updated

കോഴിക്കോട്: കൂടത്തായിയില്‍ ബന്ധുക്കളായ ആറ് പേരെ കൊന്നൊടുക്കിയ സംഭവത്തില്‍ പ്രതികള കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുള്ള പോലീസ് അപേക്ഷ നാളെ താമരശ്ശേരി ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും. പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും. റിമാന്‍ഡിലുള്ള ജോളി, മാത്യു, പ്രജികുമാര്‍ എന്നിവരെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട് ഡി വൈ എസ് പി ഹരിദാസാണ് അപേക്ഷ നല്‍കിയത്. അപേക്ഷ നാളെ പരിഗണിക്കുമെന്നും പ്രതികളെ നാളെ നേരിട്ട് ഹാജരാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഒപ്പം റിമനാന്‍ഡിലുള്ള മാത്യൂവിന്റെ ജാമ്യഹരജിയും നാളെ പരിഗണിക്കും.

അതിനിടെ ജോളി അടക്കമുള്ള പ്രതികളുടെ വക്കാലത്ത് ഏറ്റെടുക്കില്ലെന്ന് താമരശ്ശേരിയിലെ അഭിഭാഷകര്‍. പ്രതികളായ മാത്യുവിന്റെയും പ്രജികുമാറിന്റെയും ബന്ധുക്കള്‍ അഭിഭാഷകരെ സമീപിച്ചെങ്കിലും ആരും വക്കാലത്ത് ഏറ്റെടുത്തില്ല. ജാമ്യം ലഭിക്കാന്‍ പ്രയാസമുള്ള കേസാണിതെന്നും ഇവര്‍ പറഞ്ഞു. എന്നാല്‍ മാത്യുവിനുവേണ്ടി കോഴിക്കോട്ടുള്ള അഭിഭാഷകന്‍ ഹാജരാകും. ജോളിക്കായി അഡ്വ. ആളൂര്‍ സ്വയം ഹാജരാകാനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

അതിനിടെ ജോളിയുമായി പരിചയമുള്ള കട്ടപ്പനയിലെ മന്ത്രവാദിയിലേക്കും അന്വേഷണം നീളുമെന്നാണ് റിപ്പോര്‍ട്ട്. റോയിയുടെ വസ്ത്രത്തിന്റെ കീശയില്‍ നിന്ന് മന്ത്രവാദിയുടെ കാര്‍ഡ് കിട്ടിയതോടെയാണ് അന്വേഷണം ഈ വഴിക്കും പുരോഗമിക്കുന്നത്. മന്ത്രവാദി നല്‍കിയ പൊടി സിലിക്കു കൊടുത്തിരുന്നുവെന്ന് ജോളി അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ അന്വേഷണ സാധ്യത മുന്നില്‍കണ്ട് കട്ടപ്പനയിലെ മന്ത്രവാദി മുങ്ങിയതായാണ് റിപ്പോര്‍ട്ട്. അദ്ദേഹത്തെ കാണാനായി മാധ്യമ പ്രവര്‍ത്തകര്‍ വീട്ടിലെത്തിയെങ്കിലും ഇവിടെ ഇല്ലെന്ന മറുപടിയാണ് ലഭിച്ചത്.

അതേ സമയം കേസന്വേഷണം കൂടുതല്‍ വേഗത്തിലും കാര്യക്ഷമവുമാക്കുന്നതിന്റെ ഭാഗമായി അന്വേഷണ സംഘം വിപുലീകരിച്ചു. താമരശ്ശേരി ഡി വൈ എസ് പിയെയും ആറ് സി ഐമാരെയും ആണ് സംഘത്തില്‍ ഉള്‍പ്പെടുത്തിയത്.