Connect with us

Kerala

വിദേശ യാത്രകളിലും എസ് പി ജി സുരക്ഷ നിര്‍ബന്ധമാക്കി കേന്ദ്രം; പുതിയ നീക്കം നിരീക്ഷണം ലക്ഷ്യമിട്ടെന്ന് പ്രതിപക്ഷം

Published

|

Last Updated

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ കംബോഡിയ സന്ദര്‍ശനത്തിന് പിറകെ എസ്പിജി സുരക്ഷാ മാനദണ്ഡങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ വരുത്തിയ മാറ്റങ്ങള്‍ രാഷ്ട്രീയ ചര്‍ച്ചയാകുന്നു. എസ്പിജി സുരക്ഷയുള്ളവര്‍ ഏതു വിദേശ രാജ്യത്തു പോയാലും കമാന്‍ഡോകള്‍ ഒപ്പമുണ്ടാകണമെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പുതിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ഇത് അംഗീകരിച്ചില്ലെങ്കില്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി വിദേശയാത്രയ്ക്കുള്ള അനുമതി നിഷേധിക്കുമെന്നും മന്ത്രാലയവൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

നിലവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പുറമെ എസ്പിജി സുരക്ഷ നല്‍കുന്നത് നെഹ്‌റു കുടുംബത്തിനു മാത്രമാണ്. സോണിയാ ഗാന്ധി, മക്കളായ രാഹുല്‍, പ്രിയങ്ക എന്നിവര്‍ക്കാണ് എസ്പിജി സുരക്ഷയുള്ളത്. ഇതു സംബന്ധിച്ച് നെഹ്‌റു കുടുംബത്തിന് അറിയിപ്പ് നല്‍കിയെന്നാണു സൂചന. ഗാന്ധി കുടുംബാംഗങ്ങള്‍ വിദേശത്തെത്തിയാല്‍ എസ് പി ജി അംഗങ്ങളെ മടക്കി അയക്കാറാണ് പതിവ്. എന്നാല്‍ ഇത്തരം സ്വകാര്യ സന്ദര്‍ശനങ്ങളില്‍ നിരീക്ഷണം നടത്താനാണ് അംഗരക്ഷകരെ നിര്‍ബന്ധമാക്കുന്നതെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നത്.

.

സുരക്ഷ ശക്തമാക്കാനാണ് നീക്കമെന്നു കേന്ദ്രം പറയുമ്പോള്‍ പ്രതിപക്ഷ നേതാക്കളെ നിരീക്ഷിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ഇതു പുതിയ ഭേദഗതി അല്ലെന്നും നിയമം കൂടുതല്‍ കര്‍ശനമായി പാലിക്കുക മാത്രമാണു ചെയ്യുന്നതെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നു. രാഹുലിന്റെ വിദേശയാത്രകളില്‍ ദുരൂഹത സൃഷ്ടിച്ച് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ നേട്ടം കൊയ്യാനാണ് എസ് പി ജി സുരക്ഷാ ചട്ടങ്ങളില്‍ മാറ്റം വരുത്തിയതെന്നും പ്രതിപക്ഷം ആരോപിക്കുന്നു.

1985ല്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടതിനു ശേഷം പ്രധാനമന്ത്രിമാര്‍ക്കും മുന്‍ പ്രധാനമന്ത്രിമാര്‍ക്കും കുടുംബത്തിനും സുരക്ഷ ഒരുക്കാനാണ് സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ്പിജി) രൂപീകരിച്ചത്. 1991ല്‍ രാജീവ് കൊല്ലപ്പെട്ടതോടെ നിയമത്തില്‍ ഭേദഗതി വരുത്തി. എല്ലാ മുന്‍ പ്രധാനമന്ത്രിമാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും കുറഞ്ഞത് പത്തു വര്‍ഷത്തേക്ക് എസ്പിജി സുരക്ഷ നല്‍കാന്‍ തീരുമാനിച്ചു. അടുത്തിടെ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിനെ എസ്പിജി സുരക്ഷ ഒഴിവാക്കിയിരുന്നു.

Latest