തുറന്നെഴുതിയാല്‍ രാജ്യദ്രോഹമാകുമോ?

രാജ്യം പൗരനു നല്‍കുന്ന ജനാധിപത്യ അവകാശങ്ങള്‍ക്കുമേല്‍ കൈവെക്കപ്പെട്ടു കൊണ്ടിരിക്കുമ്പോള്‍ പ്രതിഷേധങ്ങളോ പ്രക്ഷോഭങ്ങളോ സംഭവിക്കാത്തത് എന്തുകൊണ്ടെന്ന മറ്റൊരു ആശങ്ക കൂടി ജനാധിപത്യ ബോധം നഷ്ടപ്പെടാത്തവര്‍ക്കിടയില്‍ ബാക്കി നില്‍ക്കുന്നുണ്ട്. പ്രധാനമന്ത്രിക്ക് കത്തെഴുതിയതിന്റെ പേരില്‍ രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുത്തപ്പോള്‍ രാജ്യത്തെ എല്ലാ മാധ്യമങ്ങളും വളരെ പ്രധാനത്തോടെ പ്രസിദ്ധീകരിച്ചിട്ടും രാജ്യത്തെ യുവജന പ്രസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ വലിയ പ്രതിഷേധങ്ങള്‍ക്കൊന്നും തയ്യാറായിട്ടില്ലെന്നതാണ് ഏറെ ആശങ്കപ്പെടുത്തുന്ന മറ്റൊരു വസ്തുത. ഇക്കാര്യത്തില്‍ കേരളത്തില്‍ നിന്ന് മാത്രമാണ് ചെറുതെങ്കിലുമായ ചില പ്രതിഷേധ സ്വരങ്ങള്‍ ഉയര്‍ന്നത്. പ്രധാനമന്ത്രിക്ക് കത്തെഴുതി പ്രതിഷേധിക്കുമെന്നാണ് കേരളത്തിലെ വിദ്യാര്‍ഥി- യുവജന സംഘടനകള്‍ പ്രഖ്യാപിച്ചത്. എന്നാല്‍ രാജ്യത്തെ ദേശീയ ക്യാമ്പസുകളടക്കം ഇക്കാര്യത്തില്‍ കടുത്ത മൗനം പാലിക്കുന്നു.
Posted on: October 9, 2019 11:09 am | Last updated: October 9, 2019 at 11:10 am

2019 ജൂലൈ 23ന് രാജ്യത്തെ 49 പ്രമുഖര്‍ ചേര്‍ന്ന് പ്രധാനമന്ത്രിക്ക് ഒരു കത്തെഴുതിയിരുന്നു. ചരിത്രകാരന്‍മാര്‍, സോഷ്യോളജിസ്റ്റുകള്‍, സാമൂഹിക പ്രവര്‍ത്തകര്‍, സിനിമ- നാടക രംഗത്തെ പ്രമുഖര്‍, എഴുത്തുകാര്‍ തുടങ്ങിയ രാജ്യത്തെ 49 സെലിബ്രിറ്റികളാണ് പ്രിയപ്പെട്ട പ്രധാനമന്ത്രീ എന്ന് അഭിസംബോധന ചെയ്ത് രാജ്യത്തെ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഒരു തുറന്ന കത്തെഴുതിയത്.

വാക്കുകളുടെ എണ്ണം കൊണ്ട് വളരെ ചെറിയൊരു കത്തായിരുന്നുവത്. ഇന്ത്യയൊരു ജനാധിപത്യ മതനിരപേക്ഷ സോഷ്യലിസിറ്റ് റിപ്പബ്ലിക്കാണെന്നും പൗരന്‍മാര്‍ക്ക് മതം, വംശം, ലിംഗം, ജാതി എന്നിവ പരിഗണിക്കാതെ തുല്യമായ അവകാശമാണുള്ളതെന്നും ഭരണഘടന നല്‍കുന്ന ഈ അവകാശങ്ങള്‍ എല്ലാ പൗരന്‍മാര്‍ക്കും ലഭിക്കുന്നുവെന്ന് ഉറപ്പു വരുത്തണമെന്നുമായിരുന്നു കത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നത്. തുടര്‍ന്ന് രാജ്യത്ത് ദളിതുകള്‍ക്കും മുസ്‌ലിംകള്‍ക്കും നേരെ നടക്കുന്ന കുറ്റകൃത്യങ്ങളെക്കുറിച്ച് രാജ്യത്തിന്റെ ഔദ്യോഗിക ഏജന്‍സിയായ ക്രൈം ബ്യൂറോയുടെ കണക്കുകള്‍ ഉദ്ധരിച്ച് വ്യക്തമാക്കിയിരുന്നു. പുറമെ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് പ്രധാനമന്ത്രി പാര്‍ലിമെന്റില്‍ വാക്കു നല്‍കിയിട്ടും ആള്‍ക്കൂട്ട ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്ന കാര്യത്തെയും ജയ് ശ്രീറാം വിളിക്കാത്തതിന്റെ പേരില്‍ തല്ലിക്കൊല്ലുന്നതടക്കമുള്ള കുറ്റകൃത്യങ്ങളെ സംബന്ധിച്ചും പ്രധാനമന്ത്രിയുടെ ശ്രദ്ധ ക്ഷണിക്കുന്നതായിരുന്നു കത്തിലെ ഉള്ളടക്കം. കത്ത് പ്രസിദ്ധീകരിച്ച് തൊട്ടുപിറ്റേന്ന് മറ്റൊരു തുറന്ന കത്തുകൂടി പ്രധാനമന്ത്രിയുടെ ഔദ്യോഗിക മേല്‍വിലാസം വെച്ച് പുറത്തെത്തിയിരുന്നു. ഈ കത്തിനെ എതിര്‍ത്ത് സിനിമാ താരങ്ങളടക്കമുള്ള 62 പ്രമുഖര്‍ പ്രധാനമന്ത്രിക്കെഴുതിയ കത്തായിരുന്നു അത്. എന്നാല്‍ ഈ വിഷയം ഇവിടെ അവസാനിച്ചുവെന്നു കരുതിയിരിക്കുമ്പോഴാണ് ആള്‍ക്കൂട്ട ആക്രമണം വര്‍ധിക്കുന്നതില്‍ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച സാഹിത്യ- സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കെതിരെ ബീഹാറിലെ മുസഫര്‍പൂര്‍ പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തുവെന്ന വാര്‍ത്ത കേള്‍ക്കുന്നത്. ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ, സിനിമാ പ്രവര്‍ത്തകരായ ശ്യാം ബെനഗല്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, ശുഭ മുദ്ഗല്‍, സുമിത്ര സെന്‍, മണിരത്നം, രേവതി, അപര്‍ണ സെന്‍, കൊങ്കണ സെന്‍ അടക്കമുള്ള ആദ്യ കത്തിലെ 49 പേര്‍ക്കെതിരെയാണ് കേസെടുത്തത്. രാജ്യദ്രോഹം, പൊതുജനങ്ങളെ ശല്യം ചെയ്യല്‍, മതവികാരങ്ങളെ വ്രണപ്പെടുത്തുക, സമാധാന ലംഘനത്തിന് പ്രേരിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ അപമാനിക്കല്‍ എന്നിവയുള്‍പ്പെടെ കുറ്റങ്ങള്‍ ചുമത്തിയാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. ജൂലൈ 27ന് അഭിഭാഷകനായ സുധീര്‍ കുമാര്‍ ഓജ സമര്‍പ്പിച്ച ഹരജി പരിഗണിച്ച് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് സൂര്യ കാന്ത് തിവാരി ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു സദര്‍ പോലീസ് സ്റ്റേഷനില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. രാജ്യത്തു വര്‍ധിച്ചുവരുന്ന അസഹിഷ്ണുതാ കേസുകളില്‍ പ്രധാനമന്ത്രിയെ കുറ്റക്കാരനാക്കി മാധ്യമങ്ങള്‍ക്കു മുമ്പില്‍ രാജ്യത്തിന്റെ പേരിനു കളങ്കം വരുത്താനാണ് ഇവര്‍ ശ്രമിക്കുന്നതെന്നായിരുന്നു ഓജയുടെ ഹരജിയിലെ ആരോപണം.

ആഗസ്റ്റ് 20നാണ് കത്തില്‍ ഒപ്പിട്ടവര്‍ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോടതി പോലീസിനോട് ആവശ്യപ്പെട്ടത്. സദര്‍ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ ഹരേറാം പസ്വാനാണ് കേസന്വേഷണ ചുമതല. രാജ്യത്തിന്റെ പ്രതിച്ഛായക്ക് കളങ്കമുണ്ടാക്കുകയും പ്രധാനമന്ത്രിയുടെ പ്രകടനത്തെ മോശപ്പെടുത്തുകയും ചെയ്യുകയാണ് കത്തിലൂടെ ഉദ്ദേശിക്കുന്നതെന്നാരോപിച്ചാണ് ഹരജിക്കാരന്‍ പരാതിയുമായി രംഗത്തെത്തിയത്. കൂടാതെ വിഘടനവാദ പ്രവണതകളെ ഇവര്‍ പിന്തുണക്കുന്നുവെന്നും ഹരജിയില്‍ ആരോപിച്ചിരുന്നു. പ്രധാനമന്ത്രിക്ക് കത്തെഴുതാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. പക്ഷേ, അതുമായി മാധ്യമങ്ങള്‍ക്കു മുന്നില്‍ പോകുന്നതിനു പിന്നില്‍ ചില ലക്ഷ്യങ്ങളുണ്ട്. ആള്‍ക്കൂട്ട കൊലപാതകത്തെക്കുറിച്ചാണ് അവര്‍ ആശങ്ക ഉന്നയിച്ചത്. സ്വയം വിധി പറയാന്‍ ശ്രമിക്കുന്നതിനു മുമ്പ് അവര്‍ക്ക് സര്‍ക്കാറിന്റെ പ്രതികരണത്തിനായി കാത്തിരിക്കാമായിരുന്നുവെന്നാണ് സുധീര്‍ കുമാര്‍ ഓജ മാധ്യമങ്ങളോടു പറഞ്ഞത്.
യഥാര്‍ഥത്തില്‍ ഇന്ത്യന്‍ ജനാധിപത്യം അതിന്റെ മരണക്കിടക്കയില്‍ കിടന്ന് അന്ത്യശ്വാസം വലിക്കുന്നുവോയെന്ന് തോന്നിപ്പോകുന്നതാണ് 49 പേര്‍ക്കെതിരെ കേസെടുത്ത സംഭവം. ഒരാള്‍ പ്രധാനമന്ത്രിയെ അഭിസംബോധന ചെയ്ത് ഒരു കത്തെഴുതിയാല്‍, അത് മാധ്യമങ്ങളില്‍് പ്രസിദ്ധീകരിക്കപ്പെട്ടാല്‍, ആ പ്രസിദ്ധീകരിക്കപ്പെട്ടത് മറ്റൊരാള്‍ക്ക് ഇഷ്ടപ്പെട്ടില്ലെങ്കില്‍ കോടതി വഴി അത് നിങ്ങള്‍ക്കെതിരെയുള്ള രാജ്യദ്രോഹ കേസായി പരിഗണിക്കപ്പെടുമെന്നാണ് ഇതിലൂടെ വ്യക്തമാക്കപ്പെട്ടത്. പൗരനു ജനാധിപത്യം നല്‍കുന്ന എല്ലാ അവകാശങ്ങളുടെയും ലംഘനമാണ് ബീഹാറിലെ മുസഫര്‍പൂര്‍ പോലീസ് സ്റ്റേഷനിലൂടെയും ജുഡീഷ്യല്‍ മജിസ്ട്രേറ്റിലൂടെയും നടപ്പാക്കപ്പെട്ടത്. ആദ്യ നോട്ടത്തില്‍ തന്നെ തള്ളപ്പെടേണ്ട ഒരു ഹരജി പരിഗണിച്ച്, അതില്‍ വാദം കേട്ട് നടപടി സ്വീകരിക്കാന്‍ പറയാന്‍ മാത്രം ഇന്ത്യന്‍ ജുഡീഷ്യല്‍ സംവിധാനത്തിന് സമയം കണ്ടെത്താന്‍ കഴിയുന്നുവെന്നത് ഏറെ കൗതുകമായിട്ടാണ് തോന്നിയത്. ജുഡീഷ്യല്‍ മജിസ്ട്രേറ്റുകള്‍ മുതല്‍ സുപ്രീം കോടതി വരെയുള്ള ഇന്ത്യന്‍ ജുഡീഷ്യല്‍ ഘടനയിലെ എല്ലാ ഇടങ്ങളിലും എണ്ണിയാല്‍ തീരാത്തത്ര കേസുകള്‍ കെട്ടിക്കിടക്കുമ്പോള്‍ ഇത്തരം സംഭവങ്ങള്‍ അരങ്ങേറുന്നത് പൗരന്‍മാരെ സംബന്ധിച്ച് ഞെട്ടലുളവാക്കുന്നതാണ്. ജനാധിപത്യ അവകാശങ്ങള്‍വെച്ച് ഏതൊരു ഇന്ത്യന്‍ പൗരനും പ്രധാനമന്ത്രിക്ക് കത്തെഴുതാം. ഈ കത്ത് പ്രസിദ്ധീകരിക്കപ്പെടുകയും ഒരു വ്യക്തിയെ അപമാനിക്കുന്നുവെന്ന് തോന്നുകയും ചെയ്താല്‍ തീര്‍ച്ചയായും കേസെടുക്കാം. എന്നാല്‍ അതെങ്ങനെയാണ് രാജ്യദ്രോഹമാകുന്നതെന്നാണ് മനസ്സിലാകാത്തത്. ഇന്ത്യന്‍ ഭരണഘടനയില്‍ രാജ്യദ്രോഹം വിശദീകരിക്കുന്ന വകുപ്പുകളിലൊന്ന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124 എയാണ്. ഈ വകുപ്പ് വെച്ചാണ് ഇപ്പോള്‍ 49 സെലിബ്രിറ്റികളെ രാജ്യദ്രോഹികളാക്കി മാറ്റിയിരിക്കുന്നത്.

മൗലികാവകാശമായ ഫ്രീഡം ഓഫ് സ്പീച്ച് ആന്‍ഡ് എക്‌സ്പ്രഷന്‍ ആര്‍ട്ടിക്കിള്‍ 19ന്റെ നഗ്‌നമായ ലംഘനം. രാജ്യത്തിനെതിരെ സംസാരിക്കുന്നതിന് ആര്‍ട്ടിക്കിള്‍ 19 (2)ന്റെ കീഴില്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും പ്രധാനമന്ത്രിയെ അഭിസംബോധന ചെയ്ത് ഒരു കത്തെഴുതിയാല്‍, രാജ്യത്ത് നടക്കുന്ന സംഭവ വികാസങ്ങള്‍ കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ വ്യക്തമാക്കിയാല്‍ അത് രാജ്യദ്രോഹമാക്കാന്‍ ഇന്ത്യന്‍ ഭരണഘടനയില്‍ ഇപ്പോള്‍ തത്കാലം വകുപ്പുകളില്ല. ഭരണഘടന പൗരനു നല്‍കുന്ന വിയോജിക്കാനുള്ള സ്വാതന്ത്ര്യമാണ് ഇതോടെ നഷ്ടമാകുന്നത്. വിയോജിക്കാനുള്ള സ്വാതന്ത്ര്യവും കൂടി നഷ്ടമാകുകയാണെങ്കില്‍ പ്രധാനമന്ത്രിയെ അഭിസംബോധന ചെയ്ത് കത്തെഴുതുന്നതു മുതല്‍ പ്രതിഷേധക്കുറിപ്പുകള്‍ വരെ രാജ്യദ്രോഹമാകും. അപ്പോള്‍ ജനാധിപത്യത്തിന്റെ സര്‍വ ഗുണങ്ങളും നഷ്ടപ്പെട്ട് രാജ്യം ഫാസിസത്തിന്റെ മേലങ്കിയണിയും. അങ്ങനെയൊരു കാലത്തേക്കാണ് രാജ്യം പോയിക്കൊണ്ടിരിക്കുന്നത് എന്ന ആശങ്കയാണ് ഇപ്പോള്‍ ബാക്കി നില്‍ക്കുന്നത്.

രാജ്യം പൗരനു നല്‍കുന്ന ജനാധിപത്യ അവകാശങ്ങള്‍ക്കുമേല്‍ കൈവെക്കപ്പെട്ടു കൊണ്ടിരിക്കുമ്പോള്‍ പ്രതിഷേധങ്ങളോ പ്രക്ഷോഭങ്ങളോ സംഭവിക്കാത്തത് എന്തുകൊണ്ടെന്ന മറ്റൊരു ആശങ്ക കൂടി ജനാധിപത്യ ബോധം നഷ്ടപ്പെടാത്തവര്‍ക്കിടയില്‍ ബാക്കി നില്‍ക്കുന്നുണ്ട്. പ്രധാനമന്ത്രിക്ക് കത്തെഴുതിയതിന്റെ പേരില്‍ രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുത്തപ്പോള്‍ രാജ്യത്തെ എല്ലാ മാധ്യമങ്ങളും വളരെ പ്രധാനത്തോടെ പ്രസിദ്ധീകരിച്ചിട്ടും രാജ്യത്തെ യുവജന പ്രസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ വലിയ പ്രതിഷേധങ്ങള്‍ക്കൊന്നും തയ്യാറായിട്ടില്ലെന്നതാണ് ഏറെ ആശങ്കപ്പെടുത്തുന്ന മറ്റൊരു വസ്തുത. ഇക്കാര്യത്തില്‍ കേരളത്തില്‍ നിന്ന് മാത്രമാണ് ചെറുതെങ്കിലുമായ ചില പ്രതിഷേധ സ്വരങ്ങള്‍ ഉയര്‍ന്നത്. പ്രധാനമന്ത്രിക്ക് കത്തെഴുതി പ്രതിഷേധിക്കുമെന്നാണ് കേരളത്തിലെ വിദ്യാര്‍ഥി- യുവജന സംഘടനകള്‍ പ്രഖ്യാപിച്ചത്. എന്നാല്‍ രാജ്യത്തെ ദേശീയ ക്യാമ്പസുകളടക്കം ഇക്കാര്യത്തില്‍ കടുത്ത മൗനം പാലിക്കുന്നു. പ്രതിപക്ഷ നേതാക്കള്‍ ഈ പ്രശ്നത്തെ കാര്യമായി അഡ്രസ്സ് ചെയ്യാന്‍ പോലും മുതിരുന്നില്ല. ഭരണകൂടവും അതിന്റെ വക്താക്കളും പൗരന്റെ ജനാധിപത്യ അവകാശങ്ങള്‍ വെട്ടിയെടുക്കുമ്പോള്‍ ഇവരെന്ത് കൊണ്ട് മൗനം പാലിക്കുന്നുവെന്ന ചോദ്യവും കൂടി ബാക്കി നില്‍ക്കുന്നുണ്ട്.

ശാഫി കരുമ്പില്‍