ആര്‍ ബി ഐ സര്‍വേ ഫലം ആശങ്കാജനകം

Posted on: October 9, 2019 10:28 am | Last updated: October 9, 2019 at 10:28 am

രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയും തൊഴില്‍ സാഹചര്യവും അടിക്കടി മോശപ്പെട്ടു വരുന്ന കാര്യം ചൂണ്ടിക്കാട്ടുമ്പോള്‍, സര്‍ക്കാര്‍ അടച്ചു നിഷേധിക്കുകയും രാഷ്ട്രീയ താത്പര്യം വെച്ചുള്ള അടിസ്ഥാനരഹിതമായ ആരോപണമെന്ന് കുറ്റപ്പെടുത്തുകയും ചെയ്യുകയാണ് പതിവ്. എന്നാല്‍ സര്‍ക്കാര്‍ നിലപാടിനെ നിരാകരിക്കുന്നതും സാമ്പത്തിക തകര്‍ച്ചയെ സ്ഥിരീകരിക്കുന്നതുമാണ് റിസര്‍വ് ബേങ്ക് കഴിഞ്ഞ മാസം നടത്തിയ ത്രൈമാസ കണ്‍സ്യൂമര്‍ കോണ്‍ഫിഡന്‍സ് സര്‍വേ റിപ്പോര്‍ട്ട.് രാജ്യത്തെ സാമ്പത്തിക, തൊഴില്‍ സാഹചര്യങ്ങള്‍ തീരെ മോശം അവസ്ഥയിലാണെന്നും ജനങ്ങള്‍ക്ക് ഈ മേഖലകളിലുണ്ടായിരുന്ന വിശ്വാസ്യത ആറ് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലെത്തിയെന്നും സര്‍വേ ഫലം കാണിക്കുന്നു. ജൂലൈ- സെപ്തംബര്‍ പാദത്തില്‍ സാമ്പത്തിക വളര്‍ച്ച ആറ് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ അഞ്ച് ശതമാനമായും വ്യവസായത്തിലെ ശേഷി ഉപയോഗം 73.6 ശതമാനമായും കുറഞ്ഞു. കഴിഞ്ഞ പാദത്തില്‍ ഇത് 76.1 ശതമാനമായിരുന്നു. നോട്ട് നിരോധനത്തിനു ശേഷം കണ്ട ഏറ്റവും താഴ്ന്ന നിരക്കാണിത്.

ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, ഭോപ്പാല്‍, ഗുവാഹത്തി, ജയ്പൂര്‍, ലക്‌നൗ, പട്‌ന, തിരുവനന്തപുരം തുടങ്ങി 18 പ്രധാന നഗരങ്ങളെ കേന്ദ്രീകരിച്ചാണ് സര്‍വേ നടത്തിയത്. ഉപഭോക്താക്കളുടെ തൊഴില്‍, വരുമാനം, ചെലവഴിക്കല്‍ എന്നിവയും നിലവിലെ സാമ്പത്തിക സാഹചര്യവും വിലനിലവാരവും കണക്കാക്കുന്നതിനാണ് ഈ സര്‍വേ. ഇപ്പോഴത്തെ സര്‍വേയില്‍ ഭാഗവാക്കായവരില്‍ 52.5 ശതമാനവും രാജ്യത്തെ തൊഴില്‍ സാഹചര്യത്തെ വിമര്‍ശിച്ചാണ് അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. 2012ന് ശേഷം ഇതാദ്യമായാണ് തൊഴില്‍ സാഹചര്യം ഇത്രയും മോശമായതെന്നാണ് കൂടുതല്‍ പേരുടെയും പക്ഷം. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ പൊതുവില ഉയരുമെന്ന് കൂടുതല്‍ പേരും ആശങ്ക രേഖപ്പെടുത്തി. വരുമാനത്തിലുണ്ടായ കുറവാണ് പ്രധാന പ്രശ്‌നമായി ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്. അവശ്യ വസ്തുക്കള്‍ വാങ്ങാനായി മാത്രം പണം ചെലവഴിക്കാന്‍ നിര്‍ബന്ധിതരാകുന്ന അവസ്ഥയാണ് നിലവിലുള്ളതെന്ന് ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെട്ടു. ഉപഭോക്തൃ ആത്മവിശ്വാസം വന്‍ തോതില്‍ കുറഞ്ഞിട്ടുണ്ട്. വാഹന വിപണിയെ കടുത്ത മാന്ദ്യം ബാധിച്ചതും രാജ്യത്തെ പ്രമുഖ ബിസ്‌കറ്റ് നിര്‍മാണ കമ്പനിയായ പാര്‍ലെജിയുടെ ഉത്പാദനം നിര്‍ത്തലാക്കേണ്ടി വന്നതുമെല്ലാം ഈ വീക്ഷണത്തെ ശരിവെക്കുന്നു. ഒരു കാലഘട്ടത്തില്‍ രാജ്യത്തെ ബിസ്‌കറ്റ് വില്‍പ്പനയുടെ 40 ശതമാനവും പാര്‍ലെജിയുടെ കൈകളിലായിരുന്നുവെന്ന് ഓര്‍ക്കണം.
70 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ പണക്ഷാമമാണ് രാജ്യത്തെ സാമ്പത്തിക മേഖല അഭിമുഖീകരിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐക്ക് നല്‍കിയ അഭിമുഖത്തില്‍ നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ പ്രസ്താവിച്ചത് രണ്ട് മാസം മുമ്പാണ്. മൂലധന പ്രതിസന്ധി പല സ്ഥാപനങ്ങളെയും പാപ്പരാക്കുന്ന അവസ്ഥയിലേക്ക് എത്തിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. രാജ്യത്തിന്റെ സമ്പദ്ഘടന ശക്തിപ്പെടുത്തുന്നതില്‍ ഉപഭോക്തൃ ആത്മവിശ്വാസവും വാങ്ങല്‍ ശേഷിയും സുപ്രധാന ഘടകമാണ്. കഴിഞ്ഞ 18 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 3.1 ശതമാനമാണിപ്പോള്‍ മൊത്തത്തില്‍ ജനങ്ങളുടെ ഉപഭോക്തൃ ശേഷി. ആളുകളുടെ കൈയില്‍ ചരക്കുകള്‍ വാങ്ങാന്‍ മുമ്പത്തെ പോലെ പണമില്ല. ഇത് കച്ചവടം കുറയാനിടയാക്കും. കച്ചവടം കുറഞ്ഞാല്‍ ഉത്പാദനം കുറയും. ഇതോടെ കമ്പനികള്‍ തൊഴിലാളികളുടെ എണ്ണം കുറക്കുകയോ ലേ ഓഫ് പ്രഖ്യാപിക്കുകയോ ചെയ്യും. അതാണിപ്പോള്‍ വ്യവസായ മേഖലയില്‍ പൊതുവെ കണ്ടുവരുന്നത്.

ഇന്ത്യയിലെ ഉപഭോക്തൃ സമൂഹത്തിന്റെ ആത്മവിശ്വാസ നിലയെക്കുറിച്ച് റിസര്‍വ് ബേങ്ക് 2010 മുതല്‍ പഠനം നടത്തിവരുന്നുണ്ട്. ഇതനുസരിച്ച് വരുമാന വര്‍ധനയെക്കുറിച്ച് ശുഭപ്രതീക്ഷയാണ് 2018 അവസാനം വരെ ഉപഭോക്താക്കള്‍ക്കിടയില്‍ ഉണ്ടായിരുന്നത്. നോട്ടുനിരോധനവും ചരക്ക്സേവന നികുതി നടപ്പാക്കലും സമ്പദ്‌വ്യവസ്ഥയെ ബാധിച്ചതോടെയാണ് ഈ ശുഭപ്രതീക്ഷ നഷ്ടപ്പെട്ടു തുടങ്ങിയതെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. തൊഴിലവസരങ്ങള്‍ കൂട്ടി ഉപഭോഗം വര്‍ധിപ്പിക്കാനുള്ള നടപടികളാണ് വിപണിയിലെ മാന്ദ്യവും രാജ്യത്തിന്റെ മോശം സാമ്പത്തികാവസ്ഥയും പരിഹരിക്കുന്നതിന് കൈക്കൊള്ളേണ്ടത്. ഇതിനു പകരം കണക്കുകളില്‍ കസര്‍ത്തുകള്‍ കാണിച്ചും ഇല്ലാത്ത അവകാശവാദങ്ങള്‍ ഉന്നയിച്ചും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി ഭദ്രമാണെന്നും സമ്പദ് രാജ്യങ്ങളുടെ നിരയിലേക്ക് രാജ്യം ഉയര്‍ന്നു കൊണ്ടിരിക്കുകയാണെന്നും വരുത്തിത്തീര്‍ക്കാനാണ് അധികൃതര്‍ പാടുപെടുന്നത്. അമേരിക്കയിലെ ഹൗഡി മോദി പരിപാടിയില്‍ പ്രസംഗിക്കവെ പ്രധാനമന്ത്രി അവകാശപ്പെട്ടത് കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ ഇന്ത്യയുടെ ആഭ്യന്തര ഉത്പാദനം 7.5 ശതമാനമായി ഉയര്‍ന്നുവെന്നും ഈ കാലയളവില്‍ വിദേശ നിക്ഷേപം ഇരട്ടിയായെന്നുമാണ്. അഞ്ച് ട്രില്യന്‍ ഡോളര്‍ എന്ന സ്വപ്‌നം അദ്ദേഹം ആവര്‍ത്തിക്കുകയും ചെയ്തു. എന്നാല്‍ യഥാര്‍ഥ കണക്കുകള്‍ ഈ അവകാശവാദങ്ങളോട് പൊരുത്തപ്പെടുന്നില്ല. ഡി ജി പി വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തിലെത്തിയിരിക്കുന്നു. മോദി ഭരണത്തിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കാണ് ഇത്. തൊഴിലില്ലായ്മയാകട്ടെ കഴിഞ്ഞ 45 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലുമാണ്.

ഭരണകൂടങ്ങള്‍ക്ക് നയങ്ങളുടെ കാര്യത്തില്‍ പിഴവുകള്‍ സംഭവിക്കുക സാധാരണമാണ്. പല രാഷ്ട്രങ്ങളിലും അതു സംഭവിച്ചിട്ടുണ്ട്. അങ്ങനെ സംഭവിച്ചാല്‍ അത് തെറ്റാണെന്നു സമ്മതിക്കാനുള്ള വിവേകം കാണിക്കണം. നോട്ടു നിരോധനവും ജി എസ് ടിയും നല്ല ലക്ഷ്യങ്ങളോടെ എടുത്ത തീരുമാനങ്ങളായിരിക്കാം. പക്ഷേ, പ്രതീക്ഷിച്ചതായിരുന്നില്ല അനന്തര ഫലം. ഇരുട്ടു കൊണ്ട് ഓട്ടയടക്കുന്നതിനു പകരം തെറ്റുകള്‍ തിരുത്തി സമ്പദ്‌രംഗം ശക്തിപ്പെടുത്താനുള്ള വിവേകമാണ് സര്‍ക്കാര്‍ കാണിക്കേണ്ടത്. അതാണ് ശരിയായ രാജ്യതന്ത്രജ്ഞത.