Connect with us

International

യു എസ് - അഫ്ഗാന്‍ സംയുക്ത റെയ്ഡിനിടെ അല്‍ഖാഇദ നേതാവ് കൊല്ലപ്പെട്ടു

Published

|

Last Updated

ഇസ്‌ലാമാബാദ്: സെപ്തംബറില്‍ യു എസ് – അഫ്ഗാന്‍ സൈനികര്‍ നടത്തിയ സംയുക്ത റെയ്ഡില്‍ തീവ്രവാദ സംഘടനയായ അല്‍ഖാഇദയുടെ ദക്ഷിണേഷ്യന്‍ ശാഖ നേതാവ് കൊല്ലപ്പെട്ടതായി സ്ഥിരീകരണം. 2014 ല്‍ ഇന്ത്യയെ ലക്ഷ്യമിട്ട് രൂപവത്കരിച്ച അല്‍ഖാഇദയുടെ പോഷക സംഘടനയായ എ ക്യു ഐ എസിന് നേതൃത്വം നല്‍കിയിരുന്ന അസിം ഉമര്‍ ആണ് കൊല്ലപ്പെട്ടത്. സെപ്റ്റംബര്‍ 23 ന് ഹെല്‍മണ്ട് പ്രവിശ്യയിലെ മൂസ ക്വാല ജില്ലയിലെ താലിബാന്‍ കോമ്പൗണ്ടില്‍ നടത്തിയ റെയ്ഡിനിടെയാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്ന് അഫ്ഗാന്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.

പാക്കിസ്ഥാന്‍ പൗരനായ അസിം ഉമറിനൊപ്പം മറ്റു ആറ് അല്‍ഖാഇദ നേതാക്കളും റെയ്ഡില്‍ കൊല്ലപ്പെട്ടിരുന്നു. ഇവരിലും ഭൂരിഭാഗം പേര്‍ പാക്കിസ്ഥാനികളാണ്. അല്‍ഖാഇദ നേതാവ് അയ്മാന്‍ അല്‍ സവാഹിരിയുടെ സന്ദേശ വാഹകനായ റൈഹാനും ഇവരില്‍ ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. സെപ്റ്റംബര്‍ 22 നും 23 നും ഇടയില്‍ രാത്രിയായിരുന്നു റെയഡ്. ഓപ്പറേഷന്‍ സമയത്തുണ്ടായ വ്യോമാക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 40 സാധാരണക്കാര്‍ കൊല്ലപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകള്‍ അന്വേഷിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

2014 ല്‍ പുതുതായി സൃഷ്ടിച്ച എക്യുഐഎസിനെ നയിക്കാന്‍ മധ്യവയസ്‌കനായ ഉമര്‍ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഇദ്ദേഹം പുറം ലോകത്ത് അറിയപ്പെട്ടിരുന്നില്ല. ഇന്ത്യ, ബംഗ്ലാദേശ്, മ്യാന്‍മര്‍ മേഖലയില്‍ അല്‍ഖാഇദയുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കുകയെന്നതായിരുന്നു എ ക്യൂ ഐ എസ് രൂപവത്കരണത്തിന്റെ ലക്ഷ്യം.

അല്‍ഖാഇദയിലെ ചേരുന്നതിന് മുമ്പ് തെഹ്രീക് ഇ താലിബാനെ പാകിസ്ഥാന്‍ (ടിടിപി) എന്ന ഭീകര സംഘടനയുടെ പോഷക സംഘടനയായ പഞ്ചാബി താലിബാനില്‍ പ്രവര്‍ത്തിച്ചിരുന്നു.