Connect with us

Kerala

കൊലപാതക പരമ്പര: ഗൂഢാലോചനയില്‍ പങ്കില്ലെന്ന് ശാന്തി ആശുപത്രി അധികൃതര്‍

Published

|

Last Updated

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട ഒരു ഗൂഢാലോചനയിലും തങ്ങള്‍ക്ക് പങ്കില്ലെന്ന് ഒമശ്ശേരി ശാന്തി ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍ എം വി മുബാറക്. ആറ് പേരുടെയും മരണം ഇവിടെ വെച്ചാണ് നടന്നതെന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും ആശുപത്രി രേഖകള്‍ പ്രകാരം രണ്ട് പേര്‍ മാത്രമാണ് ഇവിടെ മരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രി രേഖകള്‍ പോലീസിന് കൈമാറിയിട്ടുണ്ടെന്നും മുബാറക് വ്യക്തമാക്കി.

അന്വേഷണത്തിന്റെ ഭാഗമായി ഒരു മാസം മുമ്പ് പോലീസ് ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ എത്തിയിരുന്നു. നൂറോളം രോഗികളുടെ ചികിത്സാ രേഖകളാണ് അവര്‍ ആവശ്യപ്പെട്ടത്. രണ്ട് ദിവസത്തിനകം ഹാജാരാക്കാനായിരുന്നു നിര്‍ദേശം. രേഖകള്‍ പരിശോധിച്ച ശേഷം അത് പോലീസിന് കൈമാറിയതായി മുബാറക് പറഞ്ഞു.

മരിച്ച മാത്യു 2012 മുതല്‍ ശാന്തി ആശുപത്രിയില്‍ ചികിത്സക്ക് വരുന്ന ആളാണ്. 20 തവണ അദ്ദേഹം ഈ ആശുപത്രിയിലെ വിവിധ വകുപ്പുകളില്‍ ചികിത്സ തേടിയിട്ടുണ്ട്. 2014ല്‍ അബോധാവസ്ഥയില്‍ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇവിടെ തുടര്‍ച്ചയായി ചികിത്സ തേടിയിരുന്ന ആളായതിനാല്‍ മരണത്തില്‍ അസ്വഭാവികത തോന്നിയിരുന്നില്ല.

2014ല്‍ അപസ്മാരവും അബോധാവസ്ഥയും മൂലമാണ് സിലി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. റെക്കോര്‍ഡുകള്‍ പ്രകാരം അവര്‍ക്ക് ആവശ്യമായ ചികിത്സ നല്‍കി കോഴിക്കോട് ബിഎംഎച്ച് ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയാണുണ്ടായത്. പിന്നീട് എന്ത് സംഭവിച്ചുവെന്ന് അറിയില്ല. 2016ല്‍ ഇതേ രോഗ ലക്ഷണങ്ങളുായി ഈ രോഗി വീണ്ടും ആശുപത്രിയില്‍ എത്തി. ഭര്‍ത്താവും ബന്ധുക്കളുമാണ് രോഗിയെ കൊണ്ടുവന്നത്. എന്നാല്‍ ആറ് മണിക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അവര്‍ 6.45ന് മരിച്ചു. അസ്വാഭാവികത തോന്നാത്തതിനാല്‍ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുകയും ചെയ്തു. നേരത്തെ തന്നെ അവര്‍ അപസ്മാരത്തിന് ചികിത്സ തേടിയിരുന്നതിനാല്‍ സംശയം തോന്നിയതുമില്ല.

2016 മെയില്‍ സിലിയുടെ കുഞ്ഞിനെ അബോധാവസ്ഥയില്‍ കാഷ്വാലിറ്റിയില്‍ എത്തിച്ചു. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. ഈ കുട്ടി പിന്നീട് മരിച്ചുവെന്ന് അറിയാനായി.

2011 സെപ്തംബര്‍ 30നാണ് റോയി തോമസ് മരിച്ചുവെന്ന് പോലിസ് പറയുന്നത്. എന്നാല്‍ അന്ന് ഈ രോഗിയെ ആശുപത്രിയില്‍ കൊണ്ടുവന്നതായി രേഖകളിലില്ല. 2002ല്‍ അന്നമ്മയും 2008ല്‍ ടോം തോമസും ചികിത്സ തേടിയിരുന്നുവെന്ന് പറയുന്നു. പക്ഷേ രേഖകള്‍ ലഭ്യമായിട്ടില്ലെന്നും മുബാറക് വിശദീകരിച്ചു.

---- facebook comment plugin here -----

Latest