മൂന്ന് വയസുകാരന്റെ മരണം: ചികിത്സാ പിഴവെന്ന് ആരോപിച്ച് ആശുപത്രിക്ക് മുമ്പില്‍ പ്രതിഷേധം

Posted on: October 8, 2019 3:09 pm | Last updated: October 8, 2019 at 8:18 pm

കോഴിക്കോട്: അനസ്‌തേഷ്യയിലുണ്ടായ പിഴവിനെ തുടര്‍ന്ന് മൂന്ന് വയസ്സുകാരന്‍ മരിച്ചതായി ആരോപിച്ച് ആശുപത്രിക്ക് മുമ്പില്‍ ബന്ധുക്കളുടെ പ്രതിഷേധം. കോഴിക്കോട് കോംട്രസ്റ്റ് കണ്ണാശുപത്രിയിലാണ് സംഭവം. മലപ്പുറം ചേളാരി സ്വദേശി രാജേഷിന്റെ മകന്‍ അനയ് ആണ് മരിച്ചത്. അനസ്‌ത്യേ കൊടുത്തതിനെത്തുടര്‍ന്ന് കുട്ടി കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് ബന്ധുക്കള്‍ മൃതദേഹവുമായി പ്രതിഷേധിച്ചത്.

കളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ കണ്ണിന് അപകടം പറ്റിയാണ് കുട്ടിയെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ കുട്ടിയുടെ ആരോഗ്യനില പരിഗണിക്കാതെ ആശുപത്രി അധികൃതര്‍ അനസ്‌തേഷ്യ നല്‍കിയതിനെതുടര്‍ന്ന് കുഴഞ്ഞ് വീഴുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.