റോയിയുടെ സഹോദരനെ അമേരിക്കയില്‍ നിന്ന് വിളിപ്പിച്ചു; മൃതദേഹങ്ങളില്‍ മെറ്റോ കോണ്‍ഡ്രിയല്‍ ഡി എന്‍ എ പരിശോധന

Posted on: October 8, 2019 11:57 am | Last updated: October 8, 2019 at 7:30 pm

കോഴിക്കോട്: കൂടത്തായിയില്‍ ബന്ധുക്കളായ ആറ് പേരെ നിശ്ചിത കാലയളവില്‍ കൊന്നൊടുക്കിയ കേസില്‍ ചോദ്യം ചെയ്യലിന് കൂടുതല്‍ പേരെ ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തുന്നു. കൊല്ലപ്പെട്ട റോയിയുടെ അമേരിക്കയിലുള്ള സഹോദരന്‍ റോജോയെ ക്രൈംബ്രാഞ്ച് വിളിപ്പിച്ചു. റോജോയാണ് മരണങ്ങളെക്കുറിച്ച് പരാതി നല്‍കിയത്. മുഖ്യപ്രതി ജോളിക്ക് എന്‍ ഐ ടിയില്‍ ജോലിയില്ലെന്ന് ആദ്യം മനസ്സിലാക്കിയതും റോജോയാണ്. ഷാജുവിന്റെ പിതാവ് സക്കറിയയെയും ചോദ്യം ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ട്. കൂടാതെ ജോളിയുമായി ബന്ധപ്പെട്ടവരേയെല്ലാം ചോദ്യം ചെയ്യാനാണ് നീക്കം.

കൂടാതെ റോയിയുടേത് അടക്കമുള്ള കൊലപാതകങ്ങളില്‍ ശാസ്ത്രീയ തെളിവ് ശേഖരിക്കുന്നതിന്റെ ഭാഗമായി കല്ലറ തുറന്ന് പുറത്തെടുത്ത മൃതദേഹ അവശിഷ്ടങ്ങളില്‍ ഡി എന്‍ എ പരിശോധന നടത്തും. അത്യാധുനിക മൈറ്റോ കോണ്‍ഡ്രിന്‍ ഡി എന്‍ എ ടെസ്റ്റ് നാടത്താനാണ് നീക്കം. അമേരിക്കയിലോ, ബ്രിട്ടന്‍ അടക്കമുള്ള ആധുനിക സൗകര്യങ്ങള്‍ ഉള്ള യൂറോപ്യന്‍ രാജ്യങ്ങളിലോ ആകും ഈ പരിശോധന. പരിശോധന എവിടെ വേണമെന്ന് ആഭ്യന്തര വകുപ്പ് തീരുമാനിക്കും.

കേസില്‍ അറസ്റ്റിലുള്ള മുഖ്യപ്രതി ജോളി അടക്കമുള്ള മൂന്ന് പേരെയും 15 ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റിഡിയില്‍ വാങ്ങും. ഇതിനായി താമരശ്ശേരി കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ റൂറല്‍ എസ് പി കെ ജി സൈമണ്‍ പ്രതികരിച്ചു. ഷാജുവിന്റ ആദ്യ ഭാര്യ സിലിയുടെ ബന്ധുക്കളും മൊഴി നല്‍കാനായി ക്രൈംബ്രാഞ്ച് ഓഫിസിലെത്തി. സിലിയുടെ സഹോദരന്‍ സിജു, സഹോദരി, അമ്മാവന്‍ എന്നിവരാണ് മൊഴി നല്‍കാനെത്തിയത്. ഇതില്‍ സിലി മരണപ്പെടുമ്പോള്‍ വീട്ടിലുണ്ടായിരുന്നയാളായിരുന്നു സിജു. ഇതിനാല്‍ സിജുവിനെ സാക്ഷിയാക്കാനും നീക്കമുണ്ട്.

അതിനിടെ ടോം ജോസഫിന്റേയും അന്നമ്മയുടേയും പേരിലുള്ള സ്വത്തുകള്‍ ജോളിയുടെ പേരിലേക്ക് മാറ്റി കൊണ്ടുള്ള വ്യാജവില്‍പത്രം തയ്യാറാക്കിയ വനിതാ തഹസില്‍ദാറുടേയും കുരുക്ക് മുറുകയാണ്. ജോളിയുടെ പേരിലുള്ളത് വ്യാജവില്‍പത്രമാണെന്ന് തഹസില്‍ദാര്‍ക്ക് അറിയാമായിരുന്നുവെന്ന് ജോളിയുടെ അടുത്ത സുഹൃത്തായ ബി എസ് എന്‍ എല്‍ ജീവനക്കാരന്‍ ജോണ്‍സണ്‍ പറയുന്നു. ജോണ്‍സനെയും ക്രൈംബ്രാഞ്ച് ഉടന്‍ ചോദ്യം ചെയ്യും.

പോലീസ് അന്വേഷണം ആരംഭിച്ച ശേഷമുള്ള ദിവസങ്ങളില്‍ ജോളി ഏറ്റവും കൂടുതല്‍ ഫോണ്‍ വഴി ബന്ധപ്പെട്ടത് ജോണ്‍സണിനെയാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ജോളിയുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ജോണ്‍സണ് അറിയാമായിരുന്നുവെന്നും വ്യാജവില്‍പത്രം തയ്യാറാക്കിയതുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ജോളിക്കും തഹസില്‍ദാര്‍ ജയശ്രീക്കും ഒപ്പം ജോണ്‍സണും ഇടപെട്ടെന്നാണ് കരുതുന്നത്. അതേ സമയം ജോളിയെ അറിയാം എന്നല്ലാതെ അവരുമായി തനിക്ക് പണമിടപാടുകള്‍ ഒന്നുമില്ലെന്നാണ് ജോണ്‍സണ്‍ പറയുന്നത്.