Connect with us

Kerala

വൃദ്ധ ദമ്പതികളെ അക്രമിച്ച് മോഷണം നടത്തിയ പ്രതികള്‍ പിടിയില്‍; നിര്‍ണായകമായത് പ്രതികള്‍ മലയാളത്തില്‍ സംസാരിച്ചത്

Published

|

Last Updated

കോതമംഗലം: ഐരൂര്‍പാടത്ത് വൃദ്ധ ദമ്പതികളെഅതിക്രൂരമായി മര്‍ദ്ദിച്ച് സ്വര്‍ണവും പണവും തട്ടിയെടുത്ത സംഭവത്തില്‍ പ്രതികള്‍ പിടിയില്‍ . പെഴയ്ക്കാപ്പിള്ളി പാണ്ടിയര്‍പ്പിള്ളി വീട്ടില്‍ നൗഫല്‍ (34), കോതമംഗലം അയിരൂര്‍പാടം കരയില്‍ ചിറ്റേത്തുകുടി വീട്ടില്‍ അര്‍ഷാദ് (26) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും മലയാളം സംസാരിച്ചിരുന്നു എന്ന ദമ്പതികളുടെ മൊഴിയാണ് പ്രതികളെ പിടികൂടാന്‍ സഹായിച്ചത്.

മോഷണത്തിന് ശേഷം ഒന്നാം പ്രതി ബംഗാളിയായ പണിക്കാരന്റെ സിംകാര്‍ഡ് ഉപയോഗിച്ച് മോഷണത്തിന് പിന്നില്‍ ബംഗാളികളാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമം നടത്തിയിരുന്നു. എന്നാല്‍ അക്രമത്തിനിടെ ഇരുവരും മലയാളം സംസാരിച്ചുവെന്ന ദമ്പതികളുടെ മൊഴി നിര്‍ണായകമാവുകയായിരുന്നു.

നൗഫല്‍ വിദേശത്തേക്ക് പോകാന്‍ പണം കണ്ടെത്താനാണ് ബന്ധുവും മൂവാറ്റുപുഴയില്‍ വര്‍ക്ഷോപ്പ് ജോലി ചെയ്തുവന്നിരുന്ന അര്‍ഷാദുമായി ചേര്‍ന്ന് കവര്‍ച്ച ആസൂത്രണം ചെയ്തത്.
കവര്‍ച്ചക്ക് ശേഷം സ്വര്‍ണാഭരണങ്ങള്‍ പറവൂര്‍, കൊടുങ്ങല്ലൂര്‍ ഭാഗങ്ങളില്‍ പണയംവെച്ച ശേഷം ഇരുവരും തമിഴ്‌നാട്ടിലും ബെംഗളൂരുവിലുമായി ഒളിവില്‍ കഴിഞ്ഞു. തുടര്‍ന്ന് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

ഐരൂര്‍പാടം അറയ്ക്കല്‍ വീട്ടില്‍ ഏലിയാമ്മ, ജേക്കബ് എന്നീ വൃദ്ധ ദമ്പതികളുടെ വീട്ടില്‍ സെപ്റ്റംബര്‍ മാസം അഞ്ചാം തീയതി പുലര്‍ച്ചെയായിരുന്നു ഇരുവരേയും മര്‍ദ്ദിച്ച് മോഷണം നടത്തിയത്. ദമ്പതികളെ കമ്പിപ്പാരകൊണ്ട് തലക്കടിച്ച് വീഴ്ത്തിയതിന് ശേഷം കൈകാലുകള്‍ കെട്ടിയിട്ട് എട്ട് പവനോളം സ്വര്‍ണാഭരണങ്ങളും പണവും മോഷ്ടിക്കുകയായിരുന്നു.പിടിയിലായ പ്രതികള്‍ അടിപിടി കേസുകളിലെ പ്രതികളാണ്.

Latest