Connect with us

Ongoing News

ജോളിയുടെ 'മുൻഗാമി' ബെല്ലാരി ജയിലിൽ

Published

|

Last Updated

മല്ലിക

ബെംഗളൂരു: കൂടത്തായി കൊലപാതക പരമ്പരയുടെ ഞെട്ടിപ്പിക്കുന്ന വാർത്തകൾ പോലെ മുമ്പ് മാധ്യമങ്ങളിൽ ഇടം പിടിച്ചിരുന്ന വാർത്തായിയായിരുന്നു സയനൈഡ് മല്ലികയുടേത്. ജോളിയുടെ മുൻഗാമിയായി പറയാവുന്ന സയനൈഡ് മല്ലിക ഇപ്പോൾ കർണാടക ബെല്ലാരി ജയിലിലാണ്. സീരിയൽ കില്ലർ എന്ന പേരിൽ ഇന്ത്യയിൽ പിടിക്കപ്പെടുന്ന ആദ്യത്തെ വനിതയാണ് സയനൈഡ് മല്ലിക എന്ന കെ ഡി കെമ്പമ്മ. എട്ട് വർഷങ്ങളിലായി ആറ് പേരെയാണ് കർണാടകയിലെ കഗ്ഗളിപുര സ്വദേശിനിയായ ഇവർ കൊലപ്പെടുത്തിയത്.

ബെംഗളൂരുവിൽ പതിവായി ക്ഷേത്ര ദർശനത്തിന് പോകാറുണ്ടായിരുന്ന മല്ലിക, തീവ്ര ദു:ഖത്തോടെ ഇവിടെയെത്തുന്ന ഭക്തരെയാണ് തന്റെ ഇരകളാക്കിയിരുന്നത്. കടുത്ത ദൈവ വിശ്വാസിയായ സ്ത്രീയെന്ന പ്രതീതി ജനിപ്പിച്ച് അതീവ ദു:ഖിതരായ സ്ത്രീകളെ വശത്താക്കുകയായിരുന്നു. ഇത്തരത്തിൽ കൂട്ടുകൂടുന്ന സ്ത്രീകളെ നല്ല വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ച് ബെംഗളുരു നഗരത്തിന് പുറത്തുള്ള ക്ഷേത്രങ്ങളിൽ വരാൻ ആവശ്യപ്പെടും. ഇവിടെയെത്തിയാൽ പുണ്യതീർഥം എന്ന പേരിൽ സയനൈഡ് കലർത്തിയ വെള്ളം നൽകി കൊലപാതകം നടത്തും.

ഏഴു കൊലപാതകങ്ങൾ

1999 ഒക്ടോബർ 19 ന് ഹൊസ്‌കോട്ടെയിലാണ് മല്ലിക ആദ്യ കൊലപാതകം നടത്തുന്നത്. ഹൊസകോട്ടയിലെ മുപ്പതുകാരിയായ മമത രാജനെയാണ് മല്ലിക വധിച്ചത്. മമതയുടെ കൊലപാതക കേസിൽ അന്വേഷണം തന്നിലേക്ക് എത്താതിരുന്നത് മല്ലികയുടെ ആത്മവിശ്വാസം വർധിപ്പിച്ചു. എങ്കിലും ഏഴ് വർഷത്തിന് ശേഷം 2007 ലായിരുന്നു രണ്ടാമത്തെ കൊലപാതകം.തന്റെ കാണാതായ ചെറുമകൾക്ക് വേണ്ടി പ്രാർഥിക്കാൻ എത്തിയ ബാനസവാടിയിലെ എലിസബത്തിനെ (52) യാണ് ക്ഷേത്രത്തിൽ വച്ച് സയനൈഡ് കലക്കി നൽകി മല്ലിക കൊലപ്പെടുത്തിയത്.

അതിനു ശേഷം ഹെബ്ബാളിയിലെ അറുപതുകാരിയായ യശോദമ്മയെ കൊലപ്പെടുത്തി. സിദ്ദഗംഗ മഠത്തിൽ വച്ചാണ് യശോദമ്മയെ സമാന രീതിയിൽ കൊലപ്പെടുത്തിയത്. ചിക്കബൊമ്മസന്ദ്രയിലെ മുനിയമ്മ (60), ഹെബ്ബാളിലെ പിള്ളമ്മ (60) എന്നിവരും കൊലക്കിരയായി. ക്ഷേത്രങ്ങൾ കാണിക്കാനെന്ന വ്യാജേനയാണ് പിള്ളമ്മയെ കൂട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. മുപ്പതുകാരിയായ നാഗവേണിയായിരുന്നു മല്ലികയുടെ അവസാന ഇര. 1999-2007 കാലഘട്ടത്തിൽ ആറ്് പേരെയാണ് മല്ലിക കൊന്നത്. ആഭരണങ്ങളും പണവും കവരുന്നതിനാണ് ഇവർ കൊലപാതക പരമ്പര നടത്തിയത്.

മോഷ്ടിച്ച സ്വർണം വിൽപ്പന നടത്തുന്നതിനിടെയാണ് 2007 ഡിസംബർ 31ന് മല്ലിക പോലീസ് വലയിലാവുന്നത്. യുവതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ജ്വല്ലറി ഉടമയാണ് പോലീസിൽ വിവരമറിയിച്ചത്. ചോദ്യം ചെയ്യലിൽ പരസ്പര വിരുദ്ധമായ മറുപടിയാണ് മല്ലിക നൽകിയത്. കൂടുതൽ അന്വേഷിച്ചപ്പോഴാണ് ഞെട്ടിക്കുന്ന കൊലപാതക പരമ്പരകളുടെ വിവരങ്ങൾ പുറത്ത് വന്നത്.

Latest