Connect with us

Kozhikode

ജോളി ദ്വിമുഖ വ്യക്തിത്വമുള്ളയാൾ

Published

|

Last Updated

കോഴിക്കോട്: കൂടത്തായിയിലെ കൊലപാതക പരമ്പരയിലെ പ്രതി ജോളി ദ്വിമുഖ വ്യക്തിത്വമുള്ളയാളെന്നു മാനസികാരോഗ്യ വിദഗ്ധർ. മാന്യതയോടെയുള്ള പെരുമാറ്റമുണ്ടെങ്കിലും ഉള്ളിൽ ക്രിമിനൽ സ്വഭാവമുള്ളയാളാണ് ജോളിയെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇത്തരം പ്രകൃതമുള്ളവർ ലക്ഷ്യം നിറവേറാൻ എന്ത് മാർഗവും സ്വീകരിക്കുമെന്ന് കുറ്റാന്വേഷണ വിദഗ്ധരും വിലയിരുത്തുന്നു. ലക്ഷ്യം നിറവേറാൻ തടസ്സമായി നിൽക്കുന്നവരെയെല്ലാം ഇത്തരക്കാർ വകവരുത്തും. ഇതാണ് ജോളിയുടെ കാര്യത്തിലും സംഭവിച്ചിരിക്കുന്നത്.

കുടുംബത്തിൽ ആധിപത്യം നേടുകയും സ്വത്തുക്കൾ നേടുകയും അവരുടെ ലക്ഷ്യങ്ങളാകാം. ലക്ഷ്യം നിറവേറിക്കിട്ടാൻ സെക്‌സ് ഒരു മാധ്യമമാക്കും ഇത്തരക്കാർ. പണവും സെക്‌സും ഇത്തരക്കാരുടെ ഒരു ദൗർഭല്ല്യമായിരിക്കും.സയനൈഡ് എത്തിച്ച് നൽകിയ ബന്ധുവായ മാത്യു ജോളിയെ നിരന്തരം ലൈംഗികമായി ഉപയോഗിച്ചിരിക്കാമെന്ന സംശയമുണ്ട്. എന്നാൽ ഇത് സംബന്ധിച്ച വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. കർണാടകത്തിലെ സയനൈഡ് മോഹനന്റെയും സയനൈഡ് മല്ലികയുടെയും മാനസിക പ്രകൃതങ്ങൾക്ക് സമാനമായ സാഹചര്യങ്ങൾ ജോളിക്കുമുണ്ടാകാമെന്ന് പോലീസ് സർജനും ഫോറൻസിക് വിദഗ്ധയായും പ്രവർത്തിച്ച ഡോ. ഷേർലി വാസു അഭിപ്രായപ്പെടുന്നു.

2002 മുതൽ അധ്യാപകനായിരുന്ന സയനൈഡ് മോഹൻ വിവാഹം കഴിക്കാമെന്ന് കബളിപ്പിച്ച് 32 പേരെയാണ് കൊലപ്പെടുത്തിയത്. ഓരോ കോലപാതകം കഴിയുമ്പോഴേക്കും അടുത്തതിനുള്ള ആസൂത്രണം മോഹൻ നടത്തിയിരുന്നു. സയനൈഡ് മല്ലിക എട്ട് വർഷത്തിനിടെ ആറ് കൊലപാതകങ്ങളാണ് നടത്തിയത്.
2010ൽ പിടിക്കപ്പെടുന്നത് വരെ ബംഗളുരു, മൈസൂർ, യേനപ്പോയ, മണിപ്പാൽ ഭാഗങ്ങളിൽ നിരവധി കൊലപാതകങ്ങളാണ് ഇവർ രണ്ട് പേരും നടത്തിയിരുന്നത്. പിടിക്കപ്പടാതിരുന്നതിനാലാണ് ഇവർ കൂടുതൽ കൊലപാതകങ്ങൾ നടത്തിക്കൊണ്ടിരുന്നത്. ജോളിയുടെ വിഷയത്തിലും സംഭവിച്ചത് ഇതായിരുന്നു.
2002ൽ തന്നെയാണ് ജോളിയുടെ വീട്ടിലും ആദ്യ മരണം നടക്കുന്നത്. ഭർത്താവ് റോയ് തോമസിന്റെ മരണത്തിൽ സംശയം തോന്നിയപ്പോൾ നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തിയതാണ് ഇപ്പോൾ പോലീസിന് പിടിവള്ളിയായിരിക്കുന്നത്. എന്നാൽ അന്ന് പോലീസ് ഇക്കാര്യം ഗൗനിച്ചിരുന്നില്ല. തുടരന്വേഷണം നടത്തിയില്ല. തുടരന്വേഷണത്തിന് പ്രചോദനമാകേണ്ടത് ഭാര്യ ജോളിയായിരുന്നു.

കൊലപാതകമാണെന്ന സംശയം പ്രകടിപ്പിക്കുന്നതിനു പകരം ഇവർ റോയിയുടെ മരണം ആത്മഹത്യയാണെന്ന് പോലീസിനെ ധരിപ്പിക്കുകയായിരുന്നു. ഭാര്യ പോലും സംശയം പ്രകടിപ്പിക്കാത്ത സാഹചര്യത്തിൽ പോലീസ് കേസ്് മുന്നോട്ട് കൊണ്ടുപോയില്ല. പോലീസിനെ സ്വാധീനിക്കാൻ ശ്രമിച്ചതായും കുറ്റന്വേഷണ വിദഗ്ധർ അഭിപ്രായപ്പെടുന്നു. ആളുകൾ സംഭവം മറന്ന് തുടങ്ങിയതിന് ശേഷമാണ് മറ്റ് കൊലപാതകങ്ങൾ നടക്കുന്നത്. റോയി മരിച്ച് ആറ് മാസം കഴിഞ്ഞപ്പോഴേക്കും ഷാജുവിനെ വിവാഹം ചെയ്യാൻ ശ്രമിച്ചിരുന്നെങ്കിലും റോയിയുടെ കുടുംബത്തിന്റെ എതിർപ്പിനെ തുടർന്ന് അത് 2017വരെ നീളുകയായിരുന്നു. ഇത്തരത്തിലുള്ള ഓരോ ഘട്ടത്തിലും വളരെ ആസൂത്രിതമായി മുന്നേറാനുള്ള മനക്കരുത്ത് ഇവർക്കുണ്ടായി എന്നത്് മനശാസ്ത്രജ്ഞരെ പോലും അതിശയിപ്പിക്കുന്നുണ്ട്്. മറ്റൊരാൾ സഹായിച്ചാൽ കൊലപാതകം ആസൂത്രണം ചെയ്യാൻ ഇവർക്ക് കഴിയുമെന്ന് റിട്ട. എസ് പി സുഭാഷ് ബാബു പറയുന്നു.

ബ്യൂറോ ചീഫ്, സിറാജ്, കോഴിക്കോട്

Latest