Connect with us

Editorial

ജോളിയും സൗമ്യയും ഉണര്‍ത്തുന്നത്

Published

|

Last Updated

ഞെട്ടിപ്പിക്കുന്നതാണ് താമരശ്ശേരി കൂടത്തായിയിലെ ഒരു കുടുംബത്തിലെ ആറ് പേരുടെ ദുരൂഹ മരണങ്ങളെ സംബന്ധിച്ച് അന്വേഷിച്ച ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍. ആറ് പേരെയും കുടുംബാംഗമായിരുന്ന റോയി തോമസിന്റെ ഭാര്യ ജോളി ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നുവത്രെ. കുടുംബനാഥനും വിദ്യാഭ്യാസ വകുപ്പില്‍ ഉദ്യോഗസ്ഥനുമായിരുന്ന കൂടത്തായി പൊന്നാമറ്റം ടോം തോമസ്, ഭാര്യ അന്നമ്മ, മകന്‍ റോയി തോമസ്, ടോം തോമസിന്റെ സഹോദര പുത്രന്റെ ഭാര്യ സിലി, സിലിയുടെ മകള്‍ രണ്ട് വയസ്സുകാരി അല്‍ഫോന്‍സ, അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍ എന്നിവരാണ് വര്‍ഷങ്ങളുടെ ഇടവേളയില്‍ മരിച്ചത്. 2002ല്‍ അന്നമ്മ മരിച്ചു. ടോം തോമസ് 2008ലും റോയി 2011ലും മാത്യുവും അല്‍ഫോന്‍സയും 2014ലും സിലി 2016ലുമാണ് മരിച്ചത്. ഭക്ഷണം കഴിച്ച ശേഷം വായില്‍ നിന്ന് നുരയും പതയും വന്നായിരുന്നു ആറ് പേരുടെയും മരണം.

കുടുംബ സ്വത്ത് കൈക്കലാക്കാനും ടോം തോമസിന്റെ സഹോദരന്റെ മകന്‍ ഷാജുവിനെ സ്വന്തമാക്കാനുമായിരുന്നു ഈ കൊലപാതക പരമ്പരയെന്നാണ് അന്വേഷണോദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. വീട്ടിലെ സാമ്പത്തിക കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത് ജോളിയുടെ ഭര്‍തൃമാതാവ് അന്നമ്മയായിരുന്നു. അവര്‍ മരിച്ചാല്‍ ഈ അധികാരം തന്നില്‍ വന്നുചേരുമെന്ന് ജോളി കണക്കുകൂട്ടി. ഈ ചിന്തയിലാണ് ആട്ടിന്‍സൂപ്പില്‍ വിഷം കലര്‍ത്തി അന്നമ്മയെ കൊന്നത്. കുടുംബ സ്വത്തില്‍ രണ്ടേക്കര്‍ വയല്‍ വിറ്റ പണം ടോം തോമസ് മകനും ജോളിയുടെ ഭര്‍ത്താവുമായ റോയ് തോമസിനു നല്‍കിയിരുന്നു. ഇതോടെ സ്വത്തില്‍ അവര്‍ക്കുള്ള അവകാശം അവസാനിച്ചെന്നും ബാക്കിയുള്ള സ്വത്തുക്കളെല്ലാം മറ്റു രണ്ട് മക്കള്‍ക്കുള്ളതാണെന്നും അവരെ അറിയിക്കുകയും ചെയ്തിരുന്നു. അവശേഷിച്ച സ്വത്തു കൂടി സ്വന്തമാക്കാനാണ് കപ്പയില്‍ സയനൈഡ് കലര്‍ത്തി ടോം തോമസിനെ വധിച്ചത്. ടോമിന്റെ മരണശേഷം കുടുംബ സ്വത്ത് റോയിക്കും ജോളിക്കുമാണെന്ന് വ്യാജ ഒസ്യത്ത് ചമച്ച ശേഷമായിരുന്നു ഈ കൃത്യം. ജോളിക്ക് അതിരുവിട്ട ബാഹ്യ സൗഹാര്‍ദങ്ങളുണ്ടായിരുന്നു. ഇത് പലപ്പോഴും ഭര്‍ത്താവ് റോയ് തോമസ് ചോദ്യം ചെയ്തു. റോയിയെ വധിക്കാനുണ്ടായ കാരണമിതാണ്. റോയ് മരിച്ചാല്‍ ഒസ്യത്തു പ്രകാരം സ്വത്ത് പൂര്‍ണമായും തന്റെ നിയന്ത്രണത്തില്‍ വരുമെന്നും ജോളി കണക്കുകൂട്ടി. റോയിയുടെ മരണം അസാധാരണമാണെന്നു സംശയം പ്രകടിപ്പിക്കുകയും പോസ്റ്റ്‌മോര്‍ട്ടത്തിനു നിര്‍ബന്ധം പിടിക്കുകയും ചെയ്തതാണ് അന്നമ്മയുടെ സഹോദരന്‍ മാത്യു കൊല്ലപ്പെടാന്‍ ഇടയാക്കിയത്. ടോം തോമസിന്റെ സഹോദര പുത്രന്‍ ഷാജുവിന്റെ ഭാര്യാപദവി ആഗ്രഹിച്ചാണ് അദ്ദേഹത്തിന്റെ ഭാര്യ സിലിയെയും രണ്ട് വയസ്സുള്ള മകള്‍ അല്‍ഫോന്‍സയെയും കൊന്നത്.

പെണ്‍ബുദ്ധി പിന്‍ബുദ്ധിയെന്നാണ് പറയപ്പെടാറുള്ളത്. ജോളിയുടെ കാര്യത്തില്‍ പക്ഷേ ഇത് ശരിയല്ല. അപസര്‍പ്പക കഥകളിലെ സമര്‍ഥരായ കുറ്റവാളികളെ ഓര്‍മിപ്പിക്കുന്നതാണ് ഇതിനകം പുറത്തുവന്ന അവരുടെ കഥകള്‍. വീട്ടുകാര്‍ക്കോ കുടുംബങ്ങള്‍ക്കോ സംശയം ജനിപ്പിക്കാത്ത വിധത്തിലാണ് എല്ലാ കൃത്യങ്ങളും നടത്തിയത്. എന്തെങ്കിലും സംശയം ഉദിച്ചവരെയും അവര്‍ ഇല്ലാതാക്കി. ഹൃദ്യമായ പെരുമാറ്റത്തിലൂടെ നാട്ടുകാരെ കൈയിലെടുത്തിരുന്നു ജോളി. പ്രിയങ്കരിയായ ടീച്ചറായിരുന്നു നാട്ടുകാര്‍ക്കിടയില്‍ അവര്‍. ബി കോം ബിരുദമാണെങ്കിലും ബിടെക്കുകാരിയാണെന്നും എന്‍ ഐ ടി ലക്ചററാണെന്നുമായിരുന്നു ജോളി നാട്ടുകാരെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്. ടീച്ചറല്ലെന്ന് നാട്ടുകാര്‍ അറിയുന്നത് കൊലക്കുറ്റത്തിന് പിടിക്കപ്പെട്ടപ്പോള്‍ മാത്രമാണ.് ഓരോ മരണങ്ങള്‍ക്കിടയിലും വര്‍ഷങ്ങളുടെ ഇടവേള വരുത്തിയത് സംശയം ജനിക്കാതിരിക്കാനാണ്.

കൂടത്തായിയിലെ ജോളിയെ ഓര്‍മിപ്പിക്കുന്ന മറ്റൊരു സ്ത്രീയെ കഴിഞ്ഞ വര്‍ഷം കണ്ണൂരിലെ പിണറായിയില്‍ പരിചയപ്പെട്ടിരുന്നു കേരളീയ സമൂഹം. സ്വന്തം പിതാവിനെയും മാതാവിനെയും മകളെയുമാണ് പിണറായി പടന്നരക്കയിലെ സൗമ്യ എന്ന യുവതി നാല് മാസത്തിനിടെ പല ഘട്ടങ്ങളിലായി ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയത്. അടുത്തടുത്തുള്ള മരണങ്ങളില്‍ സംശയം തോന്നിയ നാട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് സംഭവങ്ങളുടെ ചുരുളഴിഞ്ഞത്. ഭര്‍ത്താവുമായി അകന്നു കഴിഞ്ഞിരുന്ന സൗമ്യക്ക് വഴിവിട്ട പരബന്ധങ്ങളുണ്ടായിരുന്നു. വീട്ടിലെ മറ്റംഗങ്ങള്‍ ഇതിനു തടസ്സമാകുമെന്ന് തോന്നിയതിനാല്‍ മൂവരെയും ഒഴിവാക്കാനാണ് ഈ കടും കൈ ചെയ്തത്. അറസ്റ്റിലായ സൗമ്യ പിന്നീട് ജയില്‍ വളപ്പിലെ കശുമാവിന്‍ കൊമ്പില്‍ കെട്ടിയ സാരിയില്‍ സ്വയം ജീവിതം അവസാനിപ്പിച്ചു.

സ്വത്തിനോടുള്ള അത്യാർത്തിയും അതിരുവിട്ട സുഖജീവിത ത്വരയും മനുഷ്യനെ എത്രമാത്രം ദുഷ്ടനാക്കുമെന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവങ്ങള്‍. മൃഗങ്ങളെ പോലെയല്ല മനുഷ്യന്‍. അവന്റെ ജീവിതത്തിനു ചില അതിര്‍ വരമ്പുകളുണ്ട്. ന്യായമായ മാര്‍ഗത്തിലൂടെ മാത്രം സ്വത്ത് സമ്പാദിച്ചും സന്മാര്‍ഗികത പാലിച്ചുമാണ് സവിശേഷ ബുദ്ധിയുടെ ഉടമയായ മനുഷ്യന്‍ ജീവിക്കേണ്ടത്. നല്ല മൂല്യങ്ങളില്ലാത്ത വ്യക്തികള്‍ സമൂഹത്തിന് ആപത്താണ്. എന്നാല്‍ ഈ ബോധം കൈവെടിഞ്ഞ് വഴിതെറ്റി ജീവിക്കുന്നവരുടെ എണ്ണം സമൂഹത്തില്‍ പെരുകിക്കൊണ്ടിരിക്കുന്നു. മോശമായ സാഹചര്യങ്ങള്‍, കുട്ടികളെ നല്ലവരായി വളര്‍ത്തുന്നതില്‍ മാതാപിതാക്കള്‍ക്ക് സംഭവിക്കുന്ന അപചയങ്ങള്‍ തുടങ്ങി ഇതിന്റെ കാരണങ്ങള്‍ പലതാണ്. തെറ്റും ശരിയും തിരിച്ചറിയാനാകാത്ത കുട്ടികള്‍ക്കു നേര്‍വഴി പറഞ്ഞു കൊടുക്കുകയും, അതിനുപരി നേര്‍വഴിയിലൂടെ മാത്രം സഞ്ചരിച്ച് മാതൃക കാട്ടുകയും വേണം രക്ഷിതാക്കള്‍. തെറ്റുകള്‍ മുളയിലേ നുള്ളിയില്ലെങ്കില്‍ അവര്‍ വഴിതെറ്റി സഞ്ചരിക്കും.

അറിയപ്പെട്ട കുറ്റവാളികളുടെ പൂര്‍വകാല ജീവിതങ്ങള്‍ ഇതിനു അടിവരയിടുന്നുണ്ട്. ജോളിയുടെയും സൗമ്യയുടെയും ജീവിതത്തിലേക്കിറങ്ങിച്ചെന്നാലും ഇത് കണ്ടെത്താനായേക്കും. ഇന്നത്തെ തിരക്കു പിടിച്ച ജീവിതത്തിനിടയില്‍ രക്ഷിതാക്കള്‍ക്ക് കുട്ടികളെ ശ്രദ്ധിക്കാനെവിടെ സമയം? കുറ്റവാളിയായി ആരും ജനിക്കുന്നില്ല. സാഹചര്യവും രക്ഷിതാക്കളുമാണ് കുറ്റവാളികളെ സൃഷ്ടിക്കുന്നതെന്നാണല്ലോ മഹദ്‌വചനം.

Latest