Connect with us

Articles

എതിരൊച്ചകളില്ലാത്ത രാജ്യത്താണ് നമ്മളിപ്പോള്‍

Published

|

Last Updated

ഫാസിസം എന്ന വാക്കിന് ലോകം കടപ്പെട്ടിരിക്കുന്നത് ഇറ്റലിയില്‍ സര്‍വാധിപത്യവാഴ്ച നടത്തി ഭരണം കൈയാളിയ സാക്ഷാല്‍ മുസ്സോളിനിയോടാണ്. അഡോള്‍ഫ് ഹിറ്റ്‌ലറെയും പിറകേ വന്ന അസംഖ്യം ഏകാധിപതികളെയുമൊക്കെ ഫാസിസ്റ്റുകള്‍ എന്ന വിശേഷണം ചാര്‍ത്തി ചരിത്രം മനുഷ്യവിരുദ്ധ പക്ഷത്തുതന്നെയാണ് അവര്‍ക്കു സ്ഥാനം കല്‍പ്പിച്ചത്. അപ്പോഴും മുസ്സോളിനിയെ ഫാസിസത്തിന്റെ ആചാര്യ സ്ഥാനത്തു നാം പ്രതിഷ്ഠിക്കുന്നതില്‍ ഒരു സത്യസന്ധത അടങ്ങിയിട്ടുണ്ടെന്നു വേണം കരുതാന്‍. അതെന്താണെന്നല്ലേ? മുസ്സോളിനി തന്റെ ഭരണത്തെ ഫാസിസ്റ്റ് ഭരണം എന്നു തന്നെ വിശേഷിപ്പിക്കുന്നതില്‍ തെറ്റൊന്നും കണ്ടില്ല എന്നതാണത്.

സാക്ഷാല്‍ ഹിറ്റ്‌ലര്‍ പോലും അദ്ദേഹം വിഭാവനം ചെയ്ത രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന് നാഷണല്‍ സോഷ്യലിസം എന്നാണ് വിശേഷണം ചാര്‍ത്തിയത്. അതിന്റെ ചുവടൊപ്പിച്ചാണ് ജര്‍മനിയില്‍ നാസി പാര്‍ട്ടിയും നാസിസവും ഉടലെടുത്തത്. ഭംഗിയായ നുണയില്‍ പൊതിഞ്ഞ കൊടും ക്രൂരതയും മനുഷ്യ വിരുദ്ധതയും ഏകസ്വരവും ഏകവാഴ്ചയും ഒക്കെ ലോകമൊട്ടാകെ വ്യാപിപ്പിക്കാനുള്ള പടയോട്ടത്തിന് നേതൃത്വം നല്‍കാന്‍ ഹിറ്റ്‌ലര്‍ തന്റെ ചെയ്തികള്‍ക്ക് നാഷണല്‍ സോഷ്യലിസം എന്നുതന്നെ പേരു ചാര്‍ത്തിയപ്പോള്‍ താന്‍ ഫാസിസ്റ്റാണെന്നു തുറന്നുപറയാന്‍ അദ്ദേഹം തയ്യാറായതുമില്ല.

അതിതീവ്ര ദേശീയതയില്‍ ഊന്നിക്കൊണ്ടുള്ള ഹിറ്റ്‌ലറുടെ ഫാസിസത്തെയാണെന്നു തോന്നുന്നു ഇന്ത്യയില്‍ ഏക ഭാഷ, ഏക സംസ്‌കാരം, ഒരു പക്ഷേ സമീപ ഭാവിയില്‍ തന്നെ ഏക മതം എന്ന രഹസ്യ അജന്‍ഡയുടെ റിഹേഴ്‌സലുകള്‍ ഭംഗിയായി നടത്തിക്കൊണ്ടിരിക്കുന്ന ഭരണാധികാരികളും റോള്‍ മോഡലായി സ്വീകരിക്കുന്നത്. തീവ്ര വലതു പക്ഷങ്ങള്‍ ഭരണം കൈയാളുന്ന ഒട്ടുമിക്ക രാജ്യങ്ങളിലും ഈയൊരു പ്രതിഭാസം ആവര്‍ത്തിക്കുന്നതായി കാണാം. അതില്‍ വികസിതമെന്നോ വികസ്വരമെന്നോ തരം തിരിവില്ലാതെ അവര്‍ വംശീയ വിദ്വേഷത്തിലും അപര ചിന്തകളിലും അടിച്ചമര്‍ത്തി ഭരിക്കുന്നതിലും ആനന്ദം കണ്ടെത്തുകയും ചെയ്യുന്നു. അപ്പോഴും തങ്ങള്‍ ഫാസിസത്തിന്റെ വക്താക്കള്‍ തന്നെയാണെന്ന് തുറന്നു പറയാന്‍ (മുസ്സോളിനി ചെയ്തതു പോലെ) അവര്‍ക്കാകുന്നുമില്ല. ഓരോ രാജ്യത്തെയും ഭൂരിപക്ഷം ആളുകളെ സ്വാധീനിക്കുന്ന മത ചിന്തകളെയും അതോടനുബന്ധിച്ചുള്ള ആചാരങ്ങളെയും ജ്വലിപ്പിച്ചു നിറുത്തി അതാതിടങ്ങളിലെ ന്യൂനപക്ഷത്തില്‍ പെട്ടവരെ ഭീകരരും കലാപകാരികളുമാക്കി ചിത്രീകരിച്ചാണ് ഫാസിസം അതിന്റെ ഭൂമികകളില്‍ ഭൂരിപക്ഷത്തെ സ്വാധീനിക്കുന്നത്. ഇന്ത്യയിലും പയറ്റുന്നത് ഈ തന്ത്രം തന്നെയാണ്. അതില്‍ നാള്‍ക്കു നാള്‍ വിജയം കണ്ടുവരുമ്പോള്‍ ഇന്ത്യയിലും ചിലരൊക്കെ തങ്ങള്‍ ലക്ഷ്യം വെക്കുന്നത് സവര്‍ണഹൈന്ദവതയില്‍ അധിഷ്ഠിതമായ ഭരണം കൊണ്ടുവരല്‍ തന്നെയാണെന്ന് തുറന്നു പറഞ്ഞു തുടങ്ങിയിട്ടുണ്ട്. ബി ജെ പിയുടെ രണ്ടാം നിരയില്‍ നിന്നും മൂന്നാം നിരയില്‍നിന്നുമുള്ള നേതാക്കളില്‍ നിന്നാണ് അങ്ങിങ്ങായി ഇത് കേട്ട് തുടങ്ങുന്നത്. മുസ്സോളിനിയിലേക്ക് അവര്‍ കൂടുതല്‍ കൂടുതല്‍ അടുത്തു തുടങ്ങുന്നുവെന്നര്‍ഥം. എന്തിനേറെ ഇവര്‍ക്ക് കരുത്തേകുന്ന പ്രധാനപ്പെട്ട രണ്ട് കരങ്ങളും ഇത്തരം തുറന്നു പറച്ചിലുകാരെ ഒരിക്കലും തള്ളിപ്പറയാനും തയ്യാറാകുന്നില്ല. പല വിദേശ മാധ്യമങ്ങളും ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന അരക്ഷിതാവസ്ഥയെ പലപ്പോഴും തുറന്നു കാണിക്കുമ്പോള്‍ മാത്രം ഈ രണ്ട് പേരില്‍ നിന്നും ചിലപ്പോള്‍ ചില ഭംഗിവാക്കുകള്‍ കേള്‍ക്കും. അതിനപ്പുറം തങ്ങളുടെ അജന്‍ഡ നടത്തിപ്പുകാര്‍ക്കെതിരെ പ്രായോഗികമായ ഒരു നടപടിക്കും ഇവര്‍ മുതിരാറുമില്ല. എന്നു മാത്രമല്ല ആരെങ്കിലും മുതിര്‍ന്നാലോ ഇരകള്‍ക്കു വേണ്ടി ശബ്ദിച്ചാലോ പിന്നെ അവര്‍ക്കെതിരെ നിരന്തരം വേട്ടയാടലുകളും അരങ്ങേറുകയും ചെയ്യും.

എല്ലാ രംഗത്തും ബഹുസ്വരതയെ കൊന്നു കൊലവിളിക്കുക എന്നതു തന്നെയാണ് അവര്‍ ലക്ഷ്യമാക്കുന്നത്. അത് തുറന്നു പറയുന്നില്ലെങ്കിലും സമീപ ഭാവിയില്‍ത്തന്നെ മുസ്സോളിയന്‍ സമീപനത്തിലേക്ക് തങ്ങളും എത്തിച്ചേരുമെന്ന പ്രതീകാത്മകമായ പ്രഖ്യാപനങ്ങള്‍ അവര്‍ നടത്തുന്നുമുണ്ട്. നമ്മില്‍ പലരും കരുതുന്നത് പോലെ ഹിന്ദു മതത്തെ അതിന്റെ അന്തഃസ്സത്തയോടെ ഇന്ത്യയില്‍ നിലനിറുത്തുക എന്ന ലക്ഷ്യമൊന്നുമല്ല ഫാസിസത്തിന്റെ റോള്‍ മോഡല്‍ കൊണ്ട് അതിന്റെ നടത്തിപ്പുകാര്‍ ഉദ്ദേശിക്കുന്നത്. (ബി ജെ പിയിലും ആര്‍ എസ് എസിലും അണിനിരന്നിരിക്കുന്ന ഭൂരിപക്ഷം പാവപ്പെട്ട ഹൈന്ദവര്‍ അങ്ങനെ വിശ്വസിക്കുന്നുണ്ടെങ്കിലും).

ഭക്തരായ ജനങ്ങളില്‍ അടിഞ്ഞു കൂടിയിട്ടുള്ള മത വിശ്വാസത്തെ വൈകാരികമായി ജ്വലിപ്പിച്ചു നിറുത്തുന്നതിലൂടെ അവരിലെ രോഷങ്ങളത്രയും ഇതര മതസ്ഥര്‍ക്കും ജാതിയില്‍ താഴ്ന്നവര്‍ക്കും സെക്കുലര്‍ ചിന്താഗതിക്കാര്‍ക്കും എതിരെ തിരിച്ചുവിടാന്‍ ഇതുമൂലം സാധിക്കുന്നു. ഈ പിന്തുണയുടെ മറപറ്റി സാക്ഷാല്‍ കോര്‍പറേറ്റുകള്‍ക്ക് രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിക്കാന്‍ അവസരമൊരുക്കുകയെന്നത് ഇവര്‍ പ്രധാനമായും ലക്ഷ്യമാക്കുന്നു. അതില്‍ അവര്‍ വല്ലാതെ വിജയിച്ചു നില്‍ക്കുന്നു എന്ന് സമീപകാല ഇന്ത്യയെ നോക്കി ആര്‍ക്കും മനസ്സിലാക്കാകുന്നതേയുള്ളൂ. റിസര്‍വ് ബേങ്കിന്റെ കരുതല്‍ ശേഖരത്തില്‍ നിന്ന് പോലും ആശങ്കപ്പെടുത്തുന്ന തരത്തില്‍ ലക്ഷക്കണക്കിന് കോടി രൂപ കൈക്കലാക്കിയാണ് കോര്‍പറേറ്റുകള്‍ക്ക് തീറെഴുതിക്കൊണ്ടിരിക്കുന്നത്.
കോര്‍പറേറ്റുകളെ സംബന്ധിച്ചിടത്തോളം ഒരു തരത്തിലും എതിര്‍പ്പുകളുയര്‍ത്താത്ത വിനീത വിധേയരായ ഒരു ജനതയെ സൃഷ്ടിച്ചെടുക്കുകയെന്നത് പരമപ്രധാനമായ ഒന്നാണ്. അതിന് ഭരണകൂടത്തെ തന്നെ ഒരു ഉപകരണമാക്കുകയാണവര്‍. ഒന്നുകൂടി തെളിച്ചു പറഞ്ഞാല്‍ സാങ്കേതികാര്‍ഥത്തില്‍ ഇന്ത്യ ഒരു തീവ്ര വലതുപക്ഷ കക്ഷിയും അവര്‍ പടച്ചുണ്ടാക്കിയ ഒരു മുന്നണിയുമാണ് ഭരിക്കുന്നതെങ്കിലും ഭരണത്തിന്റെ പിന്‍ സീറ്റിലിരുന്ന് ഡ്രൈവ് ചെയ്യുന്നത് കോര്‍പറേറ്റ് ഭീമന്മാര്‍ തന്നെയാണ്. അത് ലളിതമായി മനസ്സിലാക്കാന്‍, പെട്രോള്‍, ഡീസല്‍ വിലകളിലും നിത്യോപയോഗ സാധനങ്ങളുടെ വിലകളിലും വരുന്ന വന്‍ വര്‍ധനവുകള്‍ ആര് അസൂത്രണം ചെയ്യുന്നു എന്ന് ചിന്തിച്ചാല്‍ മതിയാകും.
സര്‍ക്കാറുകള്‍ തങ്ങളില്‍ നിക്ഷിപ്തമായ ആസ്തികളത്രയും തങ്ങളുടെ അടുപ്പക്കാരായ ഓരോരോ കോര്‍പറേറ്റുകള്‍ക്ക് കൈമാറാന്‍ കാണിക്കുന്ന ധൃതി നല്‍കുന്ന സന്ദേശം മറ്റെന്താണ്.? ഫാസിസം അരങ്ങേറിയ ഇടങ്ങളിലെവിടെയും അതിന്റെ ഇരകളാക്കപ്പെട്ടവരുടെ പട്ടികയില്‍ അതാതു രാജ്യത്തെ വന്‍കിട മൂലധന ശക്തികളെ നമുക്ക് കണ്ടെത്താനാകില്ല. താന്‍ ഫാസിസ്റ്റ് ഭരണാധികാരിയാണെന്ന് തുറന്നു പറഞ്ഞ മുസ്സോളിനിയുടെ ഇറ്റലിയിലായാലും താന്‍ നാഷണല്‍ സോഷ്യലിസമാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന് പറഞ്ഞ് ജനപിന്തുണയാര്‍ജിച്ച് അതിന്റെ മറപറ്റി പക്കാ ഏകാധിപത്യവും സൈനിക ഓപറേഷനുകളും നടത്തിയ ഹിറ്റ്‌ലറുടെ നാട്ടിലായാലും ഇരയാക്കപ്പെടുന്നത് ഭൂരിപക്ഷമത വിഭാഗങ്ങളില്‍ പെട്ടവരായിരുന്നില്ല.

ഇന്ത്യയിലും ഇപ്പോള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത് മുസ്സോളിയന്‍ ഫാസിസത്തിന്റെയും സോഷ്യലിസത്തിന്റെ വ്യാജ ലേബലൊട്ടിച്ച് അഡോള്‍ഫ് ഹിറ്റ്‌ലര്‍ ജര്‍മനിയില്‍ തുടക്കമിട്ട ഫാസിസത്തിന്റെയുമൊക്കെ രീതികള്‍ തന്നെയാണ്. ഇനിയിപ്പോള്‍ ഇന്ത്യയില്‍ തങ്ങള്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത് ഹൈന്ദവ ഫാസിസമാണെന്ന് മോദിയും അമിത് ഷായുമൊക്കെ വെട്ടിത്തുറന്ന് പറഞ്ഞാല്‍ പോലും അതുള്‍ക്കൊള്ളാന്‍തക്ക മാനസിക പരുവത്തില്‍ വലിയൊരു മത വിശ്വാസി സമൂഹത്തെ വാര്‍ത്തെടുക്കുന്നതില്‍ ഇന്ത്യയിലെ തീവ്ര വലതു പക്ഷങ്ങള്‍ വിജയിച്ചിരിക്കുന്നു എന്നു വേണം കരുതാന്‍.

അതുകൊണ്ട് വലിയ കാലതാമസം കൂടാതെ, തങ്ങളുടെ ലക്ഷ്യം ഫാസിസം തന്നെ എന്ന തുറന്നു പറച്ചിലുകള്‍ കേള്‍ക്കാന്‍ വേണ്ടി ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്കും അരികുവത്കരിക്കപ്പെട്ട ജനസമൂഹത്തിനും ഇപ്പോള്‍ത്തന്നെ കാതോര്‍ക്കാകുന്നതേയുള്ളൂ.