Connect with us

Ongoing News

കോഴിക്കോടിനെ നടുക്കി മുമ്പും സയനൈഡ് മരണങ്ങൾ

Published

|

Last Updated

കോഴിക്കോട്: കോഴിക്കോട്ടുകാർ ആദ്യമായി കേൾക്കുന്ന സയനൈഡ് മരണമല്ല കൂടത്തായിയിലെ കൂട്ടക്കൊല. രണ്ടര പതിറ്റാണ്ട് മുമ്പ് കോഴിക്കോട് പാളയത്ത് പ്രവർത്തിച്ചിരുന്ന ഹോട്ടൽ ഡി ദർബാറിൽ സയനൈഡ് മൂലം മരണങ്ങളുണ്ടായിരുന്നു. എന്നാൽ അന്നു നടന്ന സയനൈഡ് മരണങ്ങൾ തുമ്പില്ലാതെ പോയി. പുട്ടും ബീഫും കിട്ടുന്ന ഹോട്ടലിൽ നല്ല തിരക്കുണ്ടാകാറുണ്ടായിരുന്നു.
നല്ല കച്ചവടമുണ്ടായിരുന്ന ഹോട്ടലിന്റെ ഉടമയോടുള്ള വ്യക്തിവിരോധത്തിന്റെ പേരിൽ ഉടമയുടെ മരുമകൻ ഒരു ഭക്ഷ്യവിഷബാധ ആസൂത്രണം ചെയ്യുകയായിരുന്നു. ഇതിനായി ഒരാളെ ചുമതലപ്പെടുത്തുകയും ചെയ്തു. ഹോട്ടലിലെ ബീഫിൽ അയാൾ സയനൈഡ് വിതറി. സയനൈഡ് വിതറിയ ഭക്ഷണം കഴിച്ച ഹോട്ടലിലെ രണ്ട് ജീവനക്കാരാണ് ആദ്യം കൊല്ലപ്പെട്ടത്.
ഭക്ഷണം കഴിച്ച് നിമിഷങ്ങൾക്കകം അതിൽ ഒരാൾ നുരയും പതയും വന്ന് കുഴഞ്ഞ് വീണു മരിച്ചു. രണ്ടാമത്തെയാൾ ആശുപത്രിയിലേക്കുള്ള വഴിയിലും മരിച്ചു. ഇതോടെ ഹോട്ടലിലെ കച്ചവടം കുറഞ്ഞു.

അന്നും ഒരു ജ്വല്ലറിയിൽ നിന്നായിരുന്നു സയനൈഡ് എത്തിച്ചിരുന്നത്. എന്നാൽ ജ്വല്ലറിയുടമയുടെയും ഹോട്ടലുടമയുടെയും സ്വാധീനം കാരണം കേസ് തേഞ്ഞുമാഞ്ഞു പോയി.
കോഴിക്കോട് മൂരാട് പാലത്തിന് സമീപം പോലീസ് ദമ്പതികളുടെ മകൻ ജിനേഷ് ആത്മഹത്യ ചെയ്തത് സയനൈഡ് കഴിച്ചായിരുന്നു. കൂടെയുണ്ടായിരുന്ന ജിനേഷിന്റെ സുഹൃത്തുക്കൾ ദിവസങ്ങൾക്ക് മുമ്പ് ആത്മഹത്യ നടത്തിയതിന് സഹായിച്ചത് ജിനേഷ് ആയിരുന്നു. ഇതെ തുടർന്നുള്ള അന്വേഷണമെത്തിയപ്പോഴാണ് ജിനേഷ് സയനൈഡ് കഴിച്ച് ആത്മഹത്യ ചെയ്തത്. എന്നാൽ തന്റെ മകൻ ആത്മഹത്യ ചെയ്യില്ലെന്നും പോലീസ് നൽകിയത് തന്റെ മകന്റെ മൃതദേഹമല്ലെന്നും അവൻ ജീവിച്ചിരിപ്പുണ്ടെന്നും കാണിച്ച് പോലീസ് എസ് ഐ ആയ പ്രമീള പ്രധാനമന്ത്രി എ ബി വാജ്‌പേയ്ക്ക് ഡൽഹിയിലെത്തി പരാതി നൽകി. എന്നാൽ ലഭിച്ച എല്ലാ വസ്തുക്കളും ജിനേഷിന്റേതാണെന്ന് സമർഥിക്കാൻ കഴിഞ്ഞിരുന്നതായി അന്ന് പോലീസ് സർജനായി ഉണ്ടായിരുന്ന മുൻ ഉദ്യോഗസ്ഥ പറയുന്നു. രണ്ടര പതിറ്റാണ്ട് മുമ്പ് കോടഞ്ചേരിയിൽ സയനൈഡ് മദ്യത്തിൽ നൽകി കൊലപ്പെടുത്താനുള്ള ശ്രമം നടന്നിരുന്നു. സഹോദരന്മാർ തമ്മിൽ പകയുടെ പേരിലായിരുന്നു കൊലപാതക ശ്രമം. എന്നാൽ സഹോദരൻ വാങ്ങിക്കൊടുത്ത മദ്യം കഴിക്കാൻ കൂട്ടാക്കാത്തതിനെ തുടർന്ന് ശ്രമം വിജയിച്ചില്ല. പകരം കത്തികൊണ്ട് കുത്തിക്കൊന്നു. 1982ൽ ആലുവയിൽ നടന്ന മെർലിന്റേയും രണ്ട് കുട്ടികളുടെയും മരണം സയനൈഡ് മൂലമായിരുന്നു. ബന്ധു അമ്മിണിയായിരുന്നു അഞ്ചും എട്ടും വയസ്സുള്ള കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് ആപ്പിളിൽ സയനൈഡ് തേച്ച് നൽകിയത്.

Latest