Connect with us

Kerala

തടയണ സന്ദര്‍ശിക്കാനെത്തിയവരെ തടഞ്ഞ സംഭവം; നൂറോളം പേര്‍ക്കെതിരെ കേസെടുത്തു

Published

|

Last Updated

നിലമ്പൂര്‍: പി വി അന്‍വര്‍ എം എല്‍ എയുടെ ഭാര്യാ പിതാവിന്റെ കക്കാടംപൊയില്‍ ചീങ്കണ്ണി പാലിയിലെ വിവാദ തടയണ സന്ദര്‍ശിക്കാനെത്തിയ പരിസ്ഥി, സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തകരടങ്ങിയ സംഘത്തെ തടഞ്ഞവര്‍ക്കെതിരെ കേസെടുത്തു. കണ്ടാലറിയുന്ന നൂറോളം പേര്‍ക്കെതിരെ തിരുവമ്പാടി പോലീസാണ് കേസെടുത്തത്. വിവാദ തടയണക്കെതിരെ ഹൈക്കോടതിയെ സമീപിച്ച എ പി വിനോദിനൊപ്പം എത്തിയ ഡോ. എം എന്‍ കാരശ്ശേരി, എം ജി എസ് നാരായണന്‍, ഡോ, എ അച്യുതന്‍, ബി രാജീവന്‍, ഡോ. ടി വി സജീവ്, സി ആര്‍ നീലകണ്ഠന്‍, കെ അജിത, കുസുമം ജോസഫ്, കെ എം ഷാജഹാന്‍, ഡോ. നുജൂം, വി പി സുഹറ, നൗഷാദ് വെന്നിയൂര്‍ , അന്‍സാരി രണ്ടത്താണി ഉള്‍പ്പെടെയുള്ള 46 അംഗ സംഘത്തിനുനേരയാണ് നാട്ടുകാര്‍ ഇന്നലെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നത്.

ചീങ്കണ്ണിപ്പാലിയിലേക്ക് വരുന്നതിതിനിടെ തേനരുവി ക്വാറിക്ക് സമീപം പീടികപ്പാറയില്‍ വെച്ചാണ് സംഘത്തെ നാട്ടുകാര്‍ തടഞ്ഞത്. കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നസീര്‍, പഞ്ചായത്തംഗം അരുണ്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് നാട്ടുകാര്‍ സംഘടിച്ചത്. വിവാദ തടയണയുടെ പേരില്‍ കക്കാടംപൊയില്‍ മേഖലയെ പരിസ്ഥിതി ലോല പ്രദേശമാക്കാനുള്ള നീക്കം അനുവദിക്കില്ലെന്നും സംഘം മടങ്ങണമെന്നുമായിരുന്നു നാട്ടുകാരുടെ ആവശ്യം. ഇതേ തുടര്‍ന്ന് ബഹളവും നേരിയ സംഘര്‍ഷവുമുണ്ടായി. പോലീസ് എത്തിയാണ് പ്രശ്നം ശാന്തമാക്കിയത്. പ്രതിഷേധം ശക്തമായതോടെ കക്കാടംപൊയിലും ചീങ്കണിപ്പാറയും സന്ദര്‍ശിക്കാനാകാതെ സംഘം മടങ്ങി. സര്‍വ്വകക്ഷി യോഗത്തിന്റെ അടിസ്ഥാനത്തില്‍ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും പിന്തുണയോടെയാണ് സംഘത്തെ തടഞ്ഞെതെന്ന് നാട്ടുകാര്‍ പറയുന്നു.

സംഭവത്തില്‍ പരിസ്ഥി, സാംസാകാരിക പ്രവര്‍ത്തകര്‍ വടകര റൂറല്‍ എസ് പിക്ക് പരാതി നല്‍കി. കോഴിക്കോട് എസ് കെ പൊറ്റക്കാട് ചത്വരത്തില്‍ പ്രതിഷേധ യോഗവും സംഘടിപ്പിച്ചു.