Connect with us

Kozhikode

നാട്ടുകാർക്ക് പ്രിയപ്പെട്ട 'എൻ ഐ ടി ലക്ചറർ'

Published

|

Last Updated

കോഴിക്കോട്: ജോളിയെ കുറിച്ച് നാട്ടുകാർക്ക് നല്ലത് മാത്രമേ പറയാനുള്ളൂ. ഇത്തരത്തിലുള്ള കൊലപാതകത്തിന് പിന്നിൽ ജോളിയാണെന്ന് വിശ്വസിക്കാൻ പോലും പലർക്കും പ്രയാസമുണ്ടായിരുന്നു. പ്രദേശത്തെ കാര്യങ്ങളിൽ ഇടപെടാറുള്ള ജോളി നാട്ടുകാരുമായി സൗഹൃദം പുലർത്തിയിരുന്നതായും ഇവർ പറയുന്നു . എന്നാൽ കൂടത്തായിയിലെ ഇവരുടെ വീടിനെ ചുറ്റിപ്പറ്റി എന്തൊക്കെയോ നടക്കുന്നുണ്ടെന്ന് ഇവിടെ നടന്ന മരണങ്ങളിൽ നിന്ന് നാട്ടുകാർക്ക് സൂചന ലഭിച്ചിരുന്നു. എന്നാൽ പല മരണങ്ങളും സാധാരണ മരണം പോലെ പ്രചരിപ്പിച്ചതിനാൽ പലർക്കും സംശയം തോന്നിയില്ല. കൊല്ലപ്പെട്ട റോയിയുടെ വിവാഹംകഴിഞ്ഞതിന് നാല് വർഷങ്ങൾക്ക് ശേഷം പൊന്നമ്മാറ്റത്ത് പ്രശ്‌നങ്ങൾ തുടങ്ങിയതായാണ് നാട്ടുകാർ പറയുന്നത്. ജോളിയുടെ വരവോടെ പ്രശ്‌നങ്ങൾ ആരംഭിച്ചു. നാട്ടുകാരുമായി നല്ല സൗഹൃദം പുലർത്തിയ കുടുംബം ആറ് പേരുടെ മരണത്തോടെ അകന്നതായും ഇവർ പറയുന്നു. താൻ കോഴിക്കോട് എൻ ഐ ടി യിൽ ലക്ചററായി ജോലി ചെയ്യുകയായിരുന്നുവെന്നാണ് ജോളി പ്രചരിപ്പിച്ചിരുന്നത്. എന്നാൽ ഇത് കളവാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. എൻ ഐ ടിയിലെ വ്യാജ ഐ ഡി കാർഡ് ഉണ്ടാക്കി അതുപയോഗിച്ച് സ്ഥിരമായി ലൈബ്രറിയിൽ എത്തുമായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. അവർ മുക്കത്തെ ഒരു ബ്യൂട്ടി പാർലറുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയായിരുന്നുവെന്നും കണ്ടെത്തി. രാവിലെ തന്നെ കാറുമായി വീട്ടിൽ നിന്നും ഇറങ്ങുന്ന ജോളി വൈകീട്ടാണ് തിരികെയെത്തുക.

ബി കോം വിദ്യാഭ്യാസ യോഗ്യതയുള്ള ജോളി ബി ടെക് കാരിയാണെന്നായിരുന്നു പ്രചരിപ്പിച്ചിരുന്നത്. എന്നാൽ എൻ ഐ ടി ജീവനക്കാരിയാണെന്നാണ് തന്നോടും പറഞ്ഞിരുന്നതെന്ന് ജോളിയുടെ ഇപ്പോഴത്തെ ഭർത്താവ് ഷാജു സക്കറിയ പറഞ്ഞു. എന്നാൽ പിന്നീടാണ് താൻ ഇതിന്റെ യാഥാർഥ്യം മനസ്സിലാക്കിയതെന്ന് അദ്ദേഹം വ്യക്തമാക്കി. പൊന്നാമറ്റം ടോം തോമസ്, ടോം തോമസിന്റെ ഭാര്യ അന്നമ്മ, മൂത്തമകനും ജോളിയുടെ ഭർത്താവുമായിരുന്ന റോയ്, അന്നമ്മയുടെ സഹോദരൻ മാത്യു മഞ്ചാടിയിൽ, ടോം തോമസിന്റെ സഹോദരൻ സക്കറിയയുടെ മകനും ജോളിയുടെ ഇപ്പോഴത്തെ ഭർത്താവുമായ ഷാജുവിന്റെ ഭാര്യ സിലി, സിലിയുടെ രണ്ട് വയസ്സുകാരി മകൾ ആൽഫൈൻ എന്നീ ആറു പേരുടെ മരണവുമായി ബന്ധപ്പെട്ട് ജോളിയുടെ സാമീപ്യം ഉണ്ടായിരുന്നു.

ടോം തോമസ്, റോയ്, മാത്യു എന്നീ മൂന്നു പേരും കുഴഞ്ഞു വീണത് നാട്ടുകാരെ അറിയിച്ചത് ജോളിയായിരുന്നു. സിലി കുഴഞ്ഞ് വീണത് ജോളിയുടെ മടിയിലേക്കായിരുന്നു. ഇത്തരത്തിൽ ഒരു നിലക്കും നാട്ടുകാരിൽ സംശയം ജനിപ്പിക്കാത്ത രീതിയിലായിരുന്നു ജോളിയുടെ ഇടപെടൽ.
2002ൽ മരണപ്പെട്ട അന്നമ്മയുടെ ഭർത്താവും മരിച്ച റോയ് തോമസിന്റെ പിതാവുമായ ടോം തോമസ് നേരത്തെ വസ്തു വകകൾ വീതിച്ചു നൽകിയിരുന്നു. പിതാവുമായി നല്ല സൗഹൃദം സ്ഥാപിച്ച ജോളി പിന്നീട് പിണങ്ങുകയും വീണ്ടും സൗഹൃദം സ്ഥാപിക്കുകയും ചെയ്തിരുന്നു.

Latest