ഐക്യരാഷ്ട്ര സഭയിലെ സേവനകാലം

കൃഷിയുടെ മാനവിക മുഖത്തിനായി ശബ്ദിച്ച ഗവേഷകൻ. ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ- കാർഷിക സമിതി സാങ്കേതിക ഉപദേഷ്ടാവ്, കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം സ്ഥാപക ഡയറക്ടർ, വിദ്യാഭ്യാസ പ്രവർത്തകൻ എന്നീ നിലകളിൽ രാജ്യത്തിന് അഭിമാനകരമായ സംഭാവനകൾ അർപ്പിച്ച ശാസ്ത്രപ്രതിഭയാണ് ഡോ. കെ വി അഹ്്മദ് ബാവപ്പ. "ദി ഫാദർ ഓഫ് പ്ലാൻറേഷൻ ക്രോപ്‌സ്' എന്ന പേരിൽ ഉടൻ പ്രസിദ്ധീകരിക്കുന്ന ബാവപ്പയുടെ ജീവചരിത്രഗ്രന്ഥത്തിൽ, "ജീവിതദർശനം' എന്ന പേരിൽ അദ്ദേഹം എഴുതിയ ആത്മകഥാപരമായ കുറിപ്പുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. അതിൽ നിന്നുള്ള ചില ഭാഗങ്ങൾ...
വ്യക്തി
Posted on: October 6, 2019 11:13 pm | Last updated: October 6, 2019 at 11:13 pm

കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം (സി പി സി ആർ ഐ) ഡയറക്ടറായിരിക്കുമ്പോൾ, നാളികേര ഉത്പാദനം, സംരക്ഷണം, കാര്യക്ഷമമായ ഉപഭോഗം എന്നിവയെപ്പറ്റി ഐക്യരാഷ്ട്ര സഭയുടെ ഭക്ഷ്യ- കാർഷിക സമിതി 1975ൽ ജമൈക്കയിലെ കിംഗ്സ്റ്റണിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്ത് ഞാൻ പങ്കെടുത്തു. അഞ്ച് ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ആ ചർച്ചാസമ്മേളനത്തിന്റെ രണ്ട് യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും ചെയ്തു. ഈ സമ്മേളനത്തിനിടെ ഐക്യരാഷ്ട്രസഭയുടെ റോമിലെ ഭക്ഷ്യ- കാർഷിക വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥനായ പോട്ടിറെ എണ്ണപ്പന കൃഷിയെപ്പറ്റി ചർച്ച ചെയ്യാൻ റോമിലേക്ക് ക്ഷണിച്ചു. ഇന്ത്യയിലേക്ക് മടങ്ങുംവഴി റോമിൽ ചെല്ലാമെന്ന് ഞാൻ അദ്ദേഹത്തിന് വാക്കുനൽകി.

റോമിൽ വെച്ച് ഞങ്ങൾ തമ്മിൽ ഗഹനമായ ചർച്ചകൾ നടത്തി. ദീർഘമായ കരാറിൽ ഒരു ജോലിക്ക് തത്പരനാണോ എന്ന് അദ്ദേഹം എന്നോട് അന്വേഷിച്ചു. അങ്ങനെയാണ് 1977ൽ യു എന്നിന്റെ ഫലവ്യഞ്ജന വിദഗ്ധൻ എന്ന പദവിയിൽ ഞാൻ ശ്രീലങ്കയിൽ പോകുന്നത്. അഞ്ച് വർഷത്തേക്കായിരുന്നു ഈ നിയമനം.
ഇന്ത്യൻ സർക്കാറിന്റെ നിയമങ്ങളും ചട്ടങ്ങളും ശ്രീലങ്കയിലെ ഔദ്യോഗിക സേവന സമയത്ത് എന്നെ പിന്തുടരുന്നുണ്ടായിരുന്നു. ഐ സി എ ആറിൽ ഡപ്യൂട്ടേഷനിൽ വിദേശത്ത് ജോലി ചെയ്യുന്ന മുഴുവൻ ശാസ്ത്രജ്ഞരും മടങ്ങിവരണമെന്ന് അന്നത്തെ കൃഷിമന്ത്രി റാവു ബീരേന്ദ്ര സിംഗിന്റെ അറിയിപ്പ് വന്നു. ഈ ഉത്തരവ് എനിക്ക് അയച്ചപ്പോൾ ഞാൻ ശ്രീലങ്കൻ കൃഷിമന്ത്രി സേനാനായകനോട് യാത്ര പറയാൻ ചെന്നു. അദ്ദേഹം ഈ തീരുമാനത്തിൽ അത്ഭുതപ്പെട്ടു. അഞ്ച് കൊല്ലം പൂർണമായി ശ്രീലങ്കയിൽ തുടരാൻ എനിക്ക് അനുമതി നൽകണമെന്ന് അഭ്യർഥിച്ച് ബീരേന്ദ്ര സിംഗിന് അദ്ദേഹം കത്തയച്ചു. അതിന്റെയടിസ്ഥാനത്തിൽ 1982 വരെ ഞാൻ ശ്രീലങ്കയിൽ തുടർന്നു.

ഭക്ഷ്യ- കാർഷിക സമിതിയിലെ എന്റെ അടുത്ത ഉദ്യോഗം 1988ൽ വിയറ്റ്‌നാമിൽ ആയിരുന്നു. ഐ സി എ ആറിൽ നിന്ന് സ്വമേധയാ വിരമിച്ചാണ് ആ പദവി ഞാൻ സ്വീകരിച്ചത്. അവിടെ നാളികേര വിദഗ്ധനായി ജോലിയിൽ ചേർന്നു. പിന്നീട് മുഖ്യ സാങ്കേതിക ഓഫീസറായി ഭക്ഷ്യ- കാർഷിക സമിതിയുടെ വിയറ്റ്‌നാമിലെ പദ്ധതികളിൽ നിയമനം ലഭിച്ചു. 1992ൽ കാലാവധി പൂർത്തിയാക്കിയാണ് അവിടെ നിന്ന് വിരമിക്കുന്നത്. ലോക ബേങ്കിന്റെ ഹ്രസ്വകാല ഉപദേശകനായും അതുവഴി ഇഫാദ് (ഐ എഫ് എ ഡി), ഐ എം എഫിന്റെ ബംഗ്ലാദേശ്, ഫിലിപ്പൈൻസ്, തായ്‌ലൻഡ്, ഇന്തോനേഷ്യ, മാലിദ്വീപുകൾ, സിറാലിയോൺ എന്നീ രാജ്യങ്ങളിലും പ്രവർത്തിച്ചു.

സി പി സി ആർ ഐയുടെ പ്രവർത്തനപരിധി ഇന്ത്യയുടെ വടക്കുകിഴക്ക് ഭാഗത്തുള്ള അസമിലെ കാഹികൂച്ചി മുതൽ തെക്ക് ഭാഗത്ത് തിരുവനത്തപുരത്തെ പാലോട് വരെയും കിഴക്കുഭാഗത്തുള്ള ആന്തമാൻ മുതൽ പടിഞ്ഞാറ് ലക്ഷദ്വീപ് വരെയും വ്യാപിച്ചുകിടക്കുന്നതായിരുന്നു. ഈ പരിധിക്കുള്ളിലായി നാളികേരത്തിന് അഞ്ച് ഗവേഷണ കേന്ദ്രങ്ങളും സുഗന്ധവ്യഞ്ജനങ്ങൾക്കും അടക്കക്കും എണ്ണപ്പനക്കും കശുവണ്ടിക്കുമായി ആറ് ഗവേഷണകേന്ദ്രങ്ങളും സുസജ്ജമാക്കി. നാണ്യവിളകളുടെ വിളവെടുക്കൽ സമ്പ്രദായത്തിനും ഗവേഷണകേന്ദ്രങ്ങൾ സ്ഥാപിച്ചു.


ഇത്തരത്തിൽ ഒരു സ്ഥാപനം കേരളത്തിൽ സ്ഥാപിക്കാൻ സ്ഥലം വിട്ടുകിട്ടാൻ കേരള സർക്കാറിന്റെ സഹകരണം അത്യാവശ്യമായിരുന്നു. ഇതിനായി കേരള സർക്കാറിനെ അഭിമുഖീകരിച്ചപ്പോഴുണ്ടായ അനുഭവം ഇവിടെ രേഖപ്പെടുത്താൻ ആഗ്രഹമുണ്ട്. അന്നത്തെ ചീഫ് സെക്രട്ടറി ചന്ദ്രഭാനുവിനെ ഫലവ്യഞ്ജന ഗവേഷണ കേന്ദ്രം സ്ഥാപിക്കാൻ 250 ഏക്കർ വനഭൂമി നൽകുന്നതിനായി സമീപിച്ചു. ഇത് കേരളത്തിൽ സാധ്യമല്ലെന്നും കർണാടകയിലോ, തമിഴ്‌നാട്ടിലോ നോക്കുകയാണ് നല്ലതെന്നുമാണ് അദ്ദേഹം മറുപടി നൽകിയത്. നാണ്യവിളകളുടെ ജന്മനാടായ കേരളത്തിൽ ഈ ഗവേഷണകേന്ദ്രം സ്ഥാപിക്കുന്നതിന്റെ പ്രാധാന്യവും പാരമ്പര്യ സസ്യവിളകൾ രാജ്യത്തിന്റെ ചരിത്രത്തെ എത്രമാത്രം ധന്യമാക്കിയിട്ടുണ്ടെന്നും അറിയാവുന്ന എനിക്ക് അദ്ദേഹത്തിന്റെ അഭിപ്രായത്തോട് യോജിക്കാനായില്ല. ഞാൻ അന്നത്തെ വനംമന്ത്രി ഡോ. അടിയോടിയെ ചെന്ന് കാണാൻ തീരുമാനിച്ചു. അദ്ദേഹം കോഴിക്കോട് പെരുവണ്ണാമുഴിയിലെ ഭൂമി സന്ദർശിക്കാൻ പറഞ്ഞു. പരിശോധനയിൽ സ്ഥലം യോഗ്യമാണെന്ന് കണ്ടെത്തി. തുടർന്ന് സ്ഥലം അളക്കാനും കൈമാറ്റം ചെയ്യാനുമുള്ള ഉത്തരവ് പുറപ്പെടുവിക്കാനും ആവശ്യമായ കാര്യങ്ങൾ പൂർത്തിയാക്കാനും അദ്ദേഹം ഉത്സാഹിച്ചു. അങ്ങനെയാണ് പെരുവണ്ണാമുഴിയിൽ ദേശീയ സുഗന്ധ വിള ഗവേഷണ കേന്ദ്രം നിലവിൽ വന്നത്.

ഇതേ സമീപനമാണ് കിടുവിലെ വിത്ത് തേങ്ങാതോട്ടവും ശാന്തിഗോഡ് കശുവണ്ടി വിത്തുകേന്ദ്രവും യാഥാർഥ്യമാക്കിയത്. അന്നത്തെ കർണാടക മന്ത്രി രാച്ചയ്യ ഇക്കാര്യത്തിൽ പ്രത്യേക താത്പര്യമെടുത്ത് സ്ഥലം ലഭ്യമാക്കാനാവശ്യമായ നടപടികൾ സ്വീകരിച്ചു. ദക്ഷിണേഷ്യയിലെ അന്താരാഷ്ട്ര തേങ്ങാ ജനുസ്സുകളുടെ സംഭരണകേന്ദ്രമായി ഈ വിത്തുകൃഷിയിടം ഇന്ന് വളർന്നു.
.