Connect with us

Ongoing News

ഒരുമയുടെ ചൂളയില്‍ തളിര്‍ത്തവര്‍

Published

|

Last Updated

കാലത്തിന്റെ കുത്തിയൊഴുക്കിൽ പരമ്പരാഗത തൊഴിലുകളും ഉത്പന്നങ്ങളുമെല്ലാം പോയ് മറയുമ്പോൾ ഇരുനൂറ് വർഷത്തിലേറെ പാരമ്പര്യമുള്ള സംരംഭം പിടിച്ചു നിർത്താൻ എല്ലാറ്റിനോടും പൊരുതി മുന്നേറുകയാണ് ഇവിടെ ഒരു കൂട്ടമാളുകൾ. കേരളത്തിന്റെ പെരുമയായിരുന്ന ഓട് വ്യവസായ മേഖലക്ക് ഇന്ന് മരണമണി മുഴങ്ങുമ്പോൾ പാറക്കടവ് ഓട്ടുകമ്പനിയെ തകർച്ചയിൽ നിന്ന് രക്ഷിക്കാൻ തൊഴിലാളികൾ ജീവൻമരണ പോരാട്ടത്തിലാണ്.
കേരളത്തിൽ രണ്ട് നൂറ്റാണ്ടിലധികം പഴക്കമുള്ള ഓട് വ്യവസായം പല കാരണങ്ങളാൽ നഷ്ടത്തിലായി. ഉത്പന്നങ്ങളുടെ വിൽപ്പന കുറഞ്ഞതും അസംസ്‌കൃത വസ്തുക്കളുടെ വില കൂടിയതും കാരണം സംസ്ഥാനത്ത് നിരവധി ഓട്ടുകമ്പനികളാണ് ഇതിനകം അടച്ചുപൂട്ടിയത്. തൃശൂർ ജില്ലയിൽ മാത്രം 85 കമ്പനികൾ പൂട്ടി. കോഴിക്കോട് ഫറോക്ക് ഭാഗങ്ങളിൽ പത്തോളം കമ്പനികൾ പൂട്ടി. ഇതോടെ അര ലക്ഷം സ്ഥിരം തൊഴിലാളികളും ഒരു ലക്ഷം താത്കാലിക തൊഴിലാളികളും തൊഴിൽ രഹിതരായി.
ഇങ്ങനെ ഒട്ടനേകം കുടുംബങ്ങൾ പട്ടിണിയിലാകുമ്പോഴാണ് മലപ്പുറം ജില്ലയിലെ മൂന്നിയൂർ പാറക്കടവിൽ കടലുണ്ടി പുഴയോരത്ത് തൊഴിലാളികൾ തന്നെ വിയർപ്പും പണവും നൽകി മണ്ണിനോട് മല്ലിട്ട് അതിജീവനത്തിന്റെ വിപ്ലവം തീർക്കുന്നത്. ഇവിടെ മുതലാളിയും തൊഴിലാളിയുമില്ല എല്ലാവരും എല്ലാമാണ്.

ജനത ടൈൽ വർക്‌സ് ലിമിറ്റഡ് എന്ന ഈ ഓട്ടുകമ്പനി ഏറെ വെല്ലുവിളികൾ തരണം ചെയ്താണിന്ന് മുന്നോട്ടുപോകുന്നത്. മൂന്നിയൂർ പാറക്കടവിൽ 1948 ൽ മമ്പുറം ക്ലേ ടൈൽ വർക്‌സ് എന്ന പേരിൽ പ്രൈവറ്റ് ലിമിറ്റഡായാണ് തിരൂരങ്ങാടി എം കെ ഹാജി സ്ഥാപനത്തിന് തുടക്കം കുറിച്ചത്. വർഷങ്ങൾ പിന്നിട്ടപ്പോൾ നഷ്ടത്തിലായതിനെ തുടർന്ന് ബെംഗളൂരുവിലെ വ്യവസായിയായ നടരാജ മുതലിയാർക്ക് സ്ഥാപനം വിറ്റു. പക്ഷേ നഷ്ടക്കച്ചവടം തന്നെയായിരുന്നു ഫലം. പ്രതിസന്ധികൾക്കിടയിൽ പിടിച്ചു നിൽക്കാൻ കഴിയാതെ നടരാജ മുതലിയാരും കമ്പനിയെ കൈവിട്ടു. അവസാനം ഗത്യന്തരമില്ലാതെ 1970 ൽ തൊഴിലാളികൾ തന്നെ കമ്പനി ഏറ്റെടുക്കുകയായിരുന്നു.
തൊഴിലാളികളിൽ നിന്ന് ഷെയർ സ്വീകരിച്ചു കൊണ്ട് കമ്പനി പ്രവർത്തനം തുടർന്നു. എ മുതൽ ഇ വരേയുള്ള അഞ്ച് കാറ്റഗറിയിലായിട്ടാണ് തൊഴിലാളികളുടെ ഷെയർ. ഏറ്റവും കുറഞ്ഞ ഷെയർ വിഹിതം 2,000 രൂപയാണ്. ഷെയറുടമകളായ തൊഴിലാളികൾ മാത്രമാണ് ഇതിന്റെ ഡയറക്ടർ ബോർഡ് അംഗങ്ങൾ നൂറിലേറെ തൊഴിലാളികളാണ് ഇപ്പോൾ ഇവിടെയുള്ളത്. ഇപ്പോൾ എല്ലാ തൊഴിലാളികളും മതലാളിമാരായും എല്ലാ മുതലാളിമാരും തൊഴിലാളികളായും കമ്പനി മുന്നോട്ടു പോകുന്നു. മേച്ചിൽ ഓട്, മൂല ഓട് അടക്കം വിവിധ തരം ഓടുകൾ, ഹോളോബ്രിക്‌സ്, ഹുരുഡീസ്, പൂച്ചട്ടികൾ തുടങ്ങിയ പല തരം ഉത്പന്നങ്ങളും ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ട്. ശരാശരി കണക്കനുസരിച്ച് ദിവസവും പതിനയ്യായിരത്തിലേറെ ഓടുകൾ വിറ്റഴിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ ആറായിരത്തിനും ഏഴായിരത്തിനുമിടയിൽ മാത്രമാണ് വിൽക്കപ്പെടുന്നത്. പലപ്പോഴും നഷ്ടം കാരണം അടച്ചു പൂട്ടലിന്റെ പടിവാതിൽക്കലിൽ വരേ എത്തിയിരുന്നു. തൊഴിലാളികളുടെ ഒത്തൊരുമിച്ചുള്ള പ്രയ്തനത്തിൽ അതിജീവനത്തിന്റെ പാതയിലാണീ സ്ഥാപനം.

പാറക്കടവ് ഓട്ടുകമ്പനിയിൽ നൂറിലേറെ തൊഴിലാളാണുള്ളത്. കാലത്ത് ഏഴ് മുതൽ വൈകുന്നേരം നാല് വരേയാണ് തൊഴിൽ സമയം. തൊഴിലാളികൾക്ക് പി എഫ്, ഇ എസ് ഐ തുടങ്ങിയ എല്ലാ വിധ ആനുകൂല്യങ്ങളും നൽകുന്നുണ്ട്. കൂടാതെ ഇവിടത്തെ കാന്റീൻ സംവിധാനം എടുത്ത് പറയേണ്ടതാണ്. ചോറിന് മൂന്ന് രൂപ. ചായ, പുട്ട്, ഇഡ്‌ലി എന്നിവക്ക് 25 പൈസ വീതവും ഉപ്പുമാവ്, കറി എന്നിവക്ക് 50 പൈസ വീതവും നൽകിയാൽ മതി. മുമ്പൊക്കെ ഓവർടൈം ജോലി എടുത്ത് തൊഴിലാളികൾ പണം കൂടുതൽ സമ്പാദിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഉത്പന്നങ്ങളുടെ ചെലവ് കുറഞ്ഞത് കാരണം ഓവർടൈം ജോലി ഉണ്ടാവാറില്ല.

അടുത്ത കാലത്ത് വരേ ഇവിടെ നിന്ന് ചൂളംവിളി ഉയർന്നിരുന്നു. കാലത്ത് ഏഴ്, ഏഴര, എട്ട്, ഉച്ചക്ക് 12, 12.30, ഒരു മണി, വൈകുന്നേരം അഞ്ച് മണി എന്നീ സമയങ്ങളിലായി ഇവിടെ നിന്ന് മുഴങ്ങിയിരുന്ന സൈറൻ ഏറെ കിലോമീറ്ററുകൾ ദൂരത്തേക്ക് പ്രതിധ്വനിച്ചിരുന്നു. സമയമറിയാൻ ആധുനിക സൗകര്യങ്ങളൊന്നുമില്ലാതിരുന്ന പഴയകാലത്ത് പ്രദേശത്തുകാരുടെ ജീവിതക്രമം നിർണയിച്ചിരുന്നത് പോലും ഈ ശബ്ദമായിരുന്നു.
ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണിപ്പോൾ ഓട്ടുകമ്പനി വ്യവസായം കടന്നു പോയിക്കൊണ്ടിരിക്കുന്നത്. കളിമണ്ണിനുള്ള ഖനനാനുമതി ലഭിക്കാത്തതും വിറകുൾപ്പെടെയുള്ള അവശ്യവസ്തുക്കളുടെ ക്രമാതീതമായ വിലവർധനവും ഉത്പന്നങ്ങളുടെ ചെലവില്ലായ്മയുമെല്ലാം ഈ വ്യവസായത്തിന്റെ അടിവേരറക്കുകയാണ്. മുമ്പൊക്കെ മണ്ണ് ഖനനത്തിന് വില്ലേജ് അധികൃതരിൽ നിന്ന് അനുമതി ലഭിച്ചാൽ മതിയായിരുന്നു. എന്നാൽ വയൽ – നീർത്തട നിയമം വന്നതോടെ നൂലാമാലകളേറെയായി. ഇപ്പോൾ പരിസ്ഥിതി വകുപ്പിന്റെ റിപ്പോർട്ട് കൂടി ലഭിക്കണം. എന്നാൽ മാത്രമേ കലക്ടർ അനുമതി നൽകുകയുള്ളൂ. ഈ നടപടികളെല്ലാം പൂർത്തിയാകുമ്പോഴേക്ക് മാസങ്ങൾ തന്നെ പിടിക്കും. അപ്പോഴേക്കും വയലുകളിൽ വെള്ളമായിരിക്കും പിന്നെ മണ്ണെടുക്കാൻ പറ്റാത്ത അവസ്ഥയായി. ഇത് കാരണം കർണാടകയിൽ നിന്നും മറ്റുമാണ് മണ്ണ് കൊണ്ടുവരുന്നത്.

അവിടെ നിന്ന് കൊണ്ടുവരുന്നതിന് സാമ്പത്തിക ചെലവേറെയാണ്. പോരാത്തതിന് ഗുണമേൻമയില്ലാത്ത മണ്ണാകുന്നതും പ്രയാസം സൃഷ്ടിക്കുന്നു. മണ്ണെണ്ണയും വിറകും വളരെയേറെ ആവശ്യം വരുന്നതിനാൽ അവ രണ്ടിന്റെയും ക്രമാതീതമായ വിലക്കയറ്റവും വിലങ്ങുതടിയാണ്. മുമ്പ് മണ്ണെണ്ണ സബ്‌സിഡിയായി ലഭിച്ചിരുന്നു. ഇപ്പോൾ സർക്കാർ അതെടുത്ത് കളഞ്ഞിരിക്കുകയാണ്. നോട്ടു നിരോധനത്തോടെ വീണ്ടും പ്രതിസന്ധിയിലായി. ജി എസ് ടി വന്നതോടെയുള്ള അധിക സാമ്പത്തിക ചെലവും ഈ മേഖലയുടെ നട്ടെല്ലൊടിക്കുന്നു. ഓട് ഉത്പന്നങ്ങളുടെ ചെലവ് കുറഞ്ഞത് ഏറെ ആശങ്കയിലാക്കിയിരിക്കുകയാണ് വിദേശ രാജ്യങ്ങളിൽ നിന്നുള്ള സെറാമിക് വസ്തുക്കളുടെ ഇറക്കുമതി വർധിച്ചതോടെ നമ്മുടെ ഉത്പന്നങ്ങൾക്ക് ആവശ്യക്കാരില്ലാതെയായി. നാടിന്റെ പരമ്പരാഗത വ്യവസായമായ ഈ മേഖലയെ സംരക്ഷിക്കുമെന്ന് പറയുന്ന സർക്കാറുകൾ ഇക്കാര്യത്തിൽ ഇരട്ടത്താപ്പ് നിലപാടാണ് കൈക്കൊള്ളുന്നതെന്ന് തൊഴിലാളികൾ പറയുന്നു.
യജ്ഞംമൂർത്തി നമ്പൂതിരി, മുൻ മന്ത്രി ഇ കെ ഇമ്പിച്ചി ബാവ, കെ സൈതാലിക്കുട്ടി, എം കുഞ്ഞീതു, കെ ബീരാൻ, എൻ പി കൃഷ്ണൻ, പി പി വാസുദേവൻ തുടങ്ങിയ തൊഴിലാളി നേതാക്കളാണ് കമ്പനിയുടെ തുടക്കത്തിൽ ഉണ്ടായിരുന്നത്.

ഇപ്പോൾ പത്ത് വർഷമായി കരിമ്പിൽ വേലായുധനാണ് ചെയർമാൻ എല്ലാ വർഷവും മാർച്ച് 31ന് ഷെയർ ഉടമകളുടെ ഡയറക്ടർ ബോർഡിന്റെ വാർഷിക ജനറൽ ബോഡിയോഗം ചേർന്ന് ലാഭ – ചേത കണക്കുകൾ അവതരിപ്പിക്കും.
സർക്കാറുകളും വിവിധ വകുപ്പുകളും അനുകൂല നിലപാട് കൈ കൊണ്ടിട്ടില്ലെങ്കിൽ ഈ കമ്പനിയും അടച്ചു പൂട്ടാൻ അധികം കഴിയേണ്ടിവരില്ലെന്ന് തൊഴിലാളികൾ പറയുന്നു.

 ഹമീദ് തിരൂരങ്ങാടി
• sirajtgi@gmail.com

---- facebook comment plugin here -----

Latest