ഇപ്രാവശ്യം സ്റ്റേജിലിരിരോഗത്തെ പറ്റിയാണ്!

ഇനി വലതുകൈ നെഞ്ചിൽ പതിച്ച് ഒരു പ്രതിജ്ഞ ചൊല്ലി നമുക്ക് പിരിയാം. ഞാൻ മേലാൽ ഒരിടത്തും അന്യരിരിക്കേണ്ട കസേരയിൽ കയറി സ്വയം ഭൂ ആവുകയില്ലെന്നും അത്തരത്തിൽ വേദികളിലെ ബാധ്യതകളായി മാറുന്നവരെ ബോധവത്കരിക്കുമെന്നും ഇതിനാൽ പ്രതിജ്ഞ ചെയ്യുന്നു.
Posted on: October 6, 2019 11:05 pm | Last updated: October 6, 2019 at 11:06 pm

ഇക്കഴിഞ്ഞതിന്റെ മുമ്പത്തേതാണോ അതോ അതിന്റെ മുമ്പത്തേതാണോ എന്ന് തീർച്ച കിട്ടുന്നില്ല; സാഹിത്യോത്സവിന്റെ പ്രധാനവേദിയിൽ കുഷ്യനിട്ട ഒരു കസേര മൂന്നാം നിരയിലെ ഇടത്തുനിന്ന് നാലാമതായി ഒഴിഞ്ഞ് കിടക്കുന്നത് കണ്ടു. പെട്ടെന്ന് വായിൽ വെള്ളം പൊട്ടി! ഭ്രാന്തമായ ഒരാവേശത്തിൽ കയറി സ്വയം ഉപവിഷ്ഠനായി. നോക്കുമ്പോൾ എന്താ മോനേ സുഖം! ഇരിക്കുമ്പോൾ താണുതാണു പോകുന്നു. ആസനവിസ്തൃതിയാകമാനം മിനുസസുഖം മൂടുന്നു. എനിക്ക് എണീക്കാനേ തോന്നുന്നില്ല.

മുന്നിലോട്ട് നോക്കിയപ്പോൾ പാൽപ്പുഴ പോലെ സദസ്സ് നുരയുന്നു, പതയുന്നു. അതും കൂടി കണ്ടപ്പോൾ എനിക്ക് ഒരുതരം ആത്മരതി പൊട്ടിയൊഴുകി. ഞാൻ ഒരു കാര്യം ഉറപ്പിച്ചു, ഇനി ഇവിടെ നിന്ന് എണീക്കുകയേ ഇല്ല. അപ്പോൾ വന്നു അണ്ടി, പിസ്ത, ബദാം, ഓറഞ്ച്, ആപ്പിൾ അനാർകുരു. കയ്യിൽ നല്ലോണം വാരി ആസ്വദിച്ചു കൊറിച്ചു. അപ്പോഴാണ് വശങ്ങളിലേക്ക് നോക്കിയത്. ഇരിപ്പിടം കിട്ടാതെ കുതാകുത്തനെ നിൽക്കുന്ന പരിചയമുള്ളതും ഇല്ലാത്തതുമായ സുഹൃത്തുക്കളുടെ മുഖത്തേക്ക് തന്നെ മാറിമാറി നോക്കി തിന്നു, കുടിച്ചു. അൽപ്പമമർന്ന്, ഇരുപ്പാഴം ഒട്ടുകൂട്ടി.

സദസ്സിലിരിക്കുന്നത് പോലെയല്ല സ്റ്റേജിലിരിക്കേണ്ടത് എന്നൊരു ബോധനം ഉള്ളിലെവിടെയോ കത്തി. കാലങ്ങോട്ടും തുണിക്കോന്തല ഇങ്ങോട്ടുമായുള്ള ഒയന്നോവർ ഇരുത്തത്തിൽ നിന്ന് മസിലുപിടിച്ചുള്ള ഒരു ഇസ്തിരിയിരുത്തത്തിലേക്ക് ഞാൻ സ്വിച്ച്ഓവർ ചെയ്തു. മുഖത്ത് ആകാവുന്നത്ര ആഢ്യത്വം ആഗിരണപ്പെടുത്തി. ഏറെ കഴിയാതെ എനിക്ക് സ്റ്റേജിലൊരു കസേരകളി നടക്കുന്നതായി ഫീൽ ചെയ്തു. ചിലർ വരുമ്പോൾ ചിലർ മാറിയിരിക്കുന്നു. ചിലർ പുറത്താകുന്നു. ഇവിടെയിരുന്നവർ അവിടെ ഇരിക്കുന്നു. പക്ഷേ ഞാനതൊന്നും അശേഷം ശ്രദ്ധയിൽ പെടാത്തവനെപ്പോലെ, എത്ര വലിയ പ്രധാനി സ്റ്റേജിലേക്ക് വന്നാലും അനങ്ങില്ലെന്ന ഉറച്ച് ആത്മവിശ്വാസത്തോടെ ഇളിച്ചങ്ങനെ ഇരുന്നു. അപ്പോഴും പ്രധാനികളായ പലരും മുൻനിരയിലെ സീറ്റുകൾ വിട്ടു കൊടുത്ത് പിറകിലോട്ട് കുടിയേറുന്നുണ്ടായിരുന്നു. ഏയ്, ഞാൻ മാവിലായിക്കപ്പുറത്തുള്ള കപിലവസ്തുക്കാരനാണ്. എനിക്കിതൊന്നും ശ്രദ്ധിക്കേണ്ട കാര്യമേയില്ല.
ഞാൻ വലിയ കാര്യത്തിൽ ഫോണിൽ നോക്കുകയാണ്. കാര്യപ്പെട്ട ആരെങ്കിലും വിളിക്കുകയോ വാട്‌സപ്പിക്കുകയോ ചെയ്തിട്ടുണ്ടാകും എന്ന മതിപ്പിൽ. സംഗതി ഗ്രൂപ്പിൽ ഒരാളെ പറ്റി ചർച്ച നടക്കുകയാണ്. വേദിയിൽ കാര്യപ്പെട്ട ഒന്ന് രണ്ട് പേർ കയറിവരാനിരിക്കുന്നുണ്ട്. പക്ഷേ സ്ഥലമില്ലായ്കയാൽ അയാളെ താഴേക്ക് വിളിക്കണമെന്ന്. ആളെ എനിക്ക് മനസ്സിലായി. എന്റെ നേരെ മുമ്പിലെ റോവിൽ ഏറ്റവും ഇടത്തെ അറ്റത്തായി ആള് ഇരിക്കുന്നു. ഈ ചർച്ചകളൊന്നും മൂപ്പർ അറിയുന്നില്ല. ആൾ ഈ ഗ്രൂപ്പിൽ ഇല്ല. ഞാനുടൻ ആ ചർച്ചയുടെ പരിപ്പ് ഉൾക്കൊണ്ട് സ്വയം എഴുന്നേറ്റ് സ്ഥാനദാനം നടത്തുകയായിരുന്നു വേണ്ടത്. പക്ഷേ, കസേര ലഹരിയിൽ ഭ്രമിതനായ ഞാൻ ഉടൻ ആ ചർച്ചയുടെ സ്‌ക്രീൻ ഷോട്ട് എടുത്ത് അയാളുടെ ഫോണിലേക്ക് തട്ടി. വായിച്ചതും അയാൾ ചമ്മിപ്പുഞ്ചിരിയോടെ എന്നെ തിരുഞ്ഞുനോക്കി. ഞാൻ കൈകൊണ്ട് “വേഗം വിട്ടോ… വേഗം വിട്ടോ’ എന്ന അർഥത്തിൽ ആംഗ്യം കാണിച്ച് പിന്നെയും അമർന്നിരുന്നു.
അങ്ങനെ ആനന്തതുന്ദിലനായി ഇരുന്നാർമദിക്കവേ പെട്ടെന്ന് മൂത്രമ്മുട്ടിന്റെ ഒരു പുള്ളി ഉള്ളിൽ രൂപപ്പെട്ടു. ഞാൻ പ്രതിരോധിച്ചിരുന്നു. കുറേ പുള്ളികൾ ചേർന്ന് ഒരു വൻകരയായി മാറി. മൂത്രപ്രവിശ്യയുടെ ശ്രീലങ്കൻ കടലിടുക്കിൽ അതിതീവ്രമായ ന്യൂനമർദം പരോക്ഷപ്പെട്ടു. കലശലായ യൂറിക്മർദനം എന്റെ വടിവൊത്ത ഇരുത്തത്തിന് നെയ്യുറുമ്പുകടിയായി ഭവിച്ചു. സ്റ്റേജിൽ തന്നെ കുറേ പേർ സീറ്റ് കിട്ടാതെ ഊഴം കാത്ത് നടന്നു കളിക്കുന്നുണ്ട്. ഇനി എണീറ്റാൽ ഈ ജന്മത്തിൽ ഇവിടെ സീറ്റ് കിട്ടില്ലെന്നുറപ്പ്. മൂത്രബാധ പ്രതിരോധിക്കാൻ ഞാൻ ചിന്തയെ മരട് ഫ്ളാറ്റുകളിലേക്ക് മാറ്റി. യാതൊരു രക്ഷയുമില്ല. മൂത്രമ്മുട്ടിന്റെ കടന്നൽ കൂടിനിതാ കല്ലേറ് കിട്ടിയിരിക്കുന്നു.
ഏണീറ്റു പോരുമ്പോൾ പ്രകാശനം വഴി കിട്ടിയ പുതിയ പുസ്തകവും പുതിയ ലക്കം രിസാലയും സ്ഥലം പിടിക്കാനായി ആ കസേരയിൽ വെച്ചാലോ എന്ന് കരുതി. പിന്നെ അതും കൂടി നഷ്ടപ്പെടുമോ എന്ന ആധിയിൽ വേണ്ടെന്ന് വെച്ചു. ദുഃഖിതനായി ഞാൻ സ്റ്റേജിൽ നിന്നിറങ്ങിയപ്പോൾ തന്നെ എനിക്ക് പതിനെട്ടര കിലോ ഭാരം കുറഞ്ഞതായി തോന്നി. കാര്യം തീർത്തു വന്നു നോക്കുമ്പോൾ വേദി ഹൗസ്ഫുൾ. നിരാശനും പരാജിതനുമായി ഞാൻ ഒരു പ്ലാസ്റ്റിക് കസേരയിൽ കീഴേ ഇരുന്നു. പൊയ്തുംകടവിന്റെ “പ്ലാസ്റ്റിക്’ എന്ന കഥ എന്റെ മുന്നിൽ വന്ന് ഉലർന്നു. ഇരുത്തത്തിന് ഒരു സുഖവും തോന്നിയില്ല. അണ്ടിപ്പരിപ്പ് പോയിട്ട് ഉണ്ടബിസ്‌കറ്റ് പോലും ആരും കൊണ്ടത്തന്നില്ല. സ്റ്റേജ് കാണാൻ ഏന്തി നോക്കേണ്ടി വന്നു. സദസ്സിലാരും ഇങ്ങനെ ഒരാൾ ഇവിടെ ഇരിക്കുന്നതായി കാണുന്നേ ഇല്ല. ഒറ്റ ഫോട്ടോ മിന്നലും ഈ വഴിക്ക് പാളുന്നില്ല. ഒരുപ്പില്ലാത്ത, നിർവികാരമായ ജഢികയിരുത്തം. വൂൂൂൂ… എനിക്ക് കരച്ചിൽ വന്നു.
സാധാരണഗതിയിൽ സ്റ്റേജിലേക്ക് വിളിച്ചാൽ തന്നെ കയറിച്ചെല്ലാൻ മടിക്കുന്ന ഒരുമാതിരി മൊശട് ഇൻേട്രാവേഴ്ഷനെ പോറ്റിനടക്കുന്ന എനിക്കിതെന്തു പറ്റിപ്പോയി? ആരും വിളിക്കാതെ കയറിച്ചെന്ന്, ആരോ ഇരിക്കേണ്ട സ്ഥലം കയ്യടക്കി വെച്ചത് എന്തായാലും മോശമായിപ്പോയി. സോറി, ഇനിയിതാവർത്തിക്കില്ല.
സദസ്സൊരുക്കുമ്പോൾ സൗകര്യപ്രദവും വിശാലവുമായ രൂപത്തിൽ സംവിധാനിക്കണം. ഏറ്റവും വിശാലമായ സദസ്സാണ് ഏറ്റവുമുത്തമമെന്ന് തിരുവരുളുണ്ട്. ആളെ എണീപ്പിച്ച് അവിടെ ഇരിക്കുന്നത് ഗുണകരമല്ല. അതരുതെന്ന് ഹദീസിലുണ്ട്. മഹാനായ ഇബ്‌നു ഉമർ (റ) ഒരാളെ എണീപ്പിച്ച സീറ്റിലേക്ക് ഇരിക്കുകയേ ഇല്ലായിരുന്നു.

സ്റ്റേജിലിരിക്കേണ്ടവർ സ്റ്റേജിൽ തന്നെയിരിക്കണം. അവർ അനാവശ്യ വിനയം കാണിച്ച് താഴെ വന്നിരിക്കുന്നത് അശ്ലീതയാണ്. അതേസമയം താഴെ ഇരിക്കേണ്ടവർ ഞെളിഞ് ചെന്ന് സ്റ്റേജിലിരിക്കുന്നത് നല്ല അടികിട്ടേണ്ട കേസാണ്. അപ്പോൾ ആരാണ് സ്റ്റേജിലിരിക്കേണ്ടത്, ആരാണ് താഴെ ഇരിക്കേണ്ടത് എന്ന് ആര് തീരുമാനിക്കും? അത് ആപേക്ഷികമാണ്. അത് ഫംഗ്ഷനുകളുടെ വലുപ്പച്ചെറുപ്പത്തിനനുസരിച്ച് മാറിമാറി വരും. ചെറുകിട പരിപാടിയിൽ സ്റ്റേജിലിരിക്കേണ്ടവർ വമ്പൻ പരിപാടികളിൽ സ്റ്റേജിന്റെ 4.37 മീറ്റർ അടുത്തേക്ക് പോലും സാന്നിധ്യപ്പെടാൻ പാടില്ല. ചുരുക്കത്തിൽ ആളുകളെ a. എപ്പോഴും സ്റ്റേജിലിരിക്കേണ്ടവർ b. എപ്പോഴും സദസ്സിലിരിക്കേണ്ടവർ c. ചിലപ്പോൾ സ്റ്റേജിലും ചിലപ്പോൾ സദസ്സിലുമായിരിക്കേണ്ടവർ എന്നിങ്ങനെ മൂന്ന് വിഭാഗമായി തിരിക്കാം. ഇതിലൊന്നും പെടാത്ത ഒരു വിഭാഗത്തെ ഇരുത്താനായി സ്റ്റേജിന്റെ വശങ്ങളിലായി പന്തലു പണിയണം. പക്ഷേ ഇതിനെ ആരും ‘പന്തലുൽ അഅ്‌റാഫ്’ എന്നുവിളിച്ചേക്കരുത്.

അപ്പോൾ ഒരാൾ എവിടെ ഇരിക്കണമെന്നുള്ളത് സംഘാടകർക്ക് നന്നായി അറിയാം. നിങ്ങൾ ഒരിടത്ത് സ്റ്റേജിലിരിക്കേണ്ട ആളാണെന്ന് വെക്കുക. വിനയവശാൽ സദസ്സിലിരിക്കുകയാണ്. ഉടൻ സംഘാടകർ വന്ന് നിങ്ങളെ ബലാത്കാരമായി കിഡ്‌നാപ്പ് ചെയ്യും. അവിടെയും ശ്രദ്ധിക്കണം. വളണ്ടിയർ വന്ന് തൊടുമ്പോഴേക്കും സ്വിച്ചിട്ട പോലെ സ്റ്റേജിലേക്ക് തെറിക്കണ്ട! ചിലപ്പോൾ സ്റ്റേജിൽ ഇടം കാണില്ല. നിങ്ങളെ ആദരിക്കാതെ വയ്യതാനും. അപ്പോൾ ക്ഷണിച്ച് ആദരവ് പ്രകടിപ്പിച്ചതാവാം. അന്നേരം നിങ്ങൾ അതുകൊണ്ട് തൃപ്തിപ്പെടണം.

“സദസ്സിൽ നിന്ന് എണീപ്പിച്ച് സ്റ്റേജിൽ മാറിയിരിക്കേണ്ട ആയിരം അനുഭവമുണ്ടായാലും സ്റ്റേജിൽ നിന്ന് എണീപ്പിച്ച് സദസ്സിലേക്ക് തള്ളിവിടുന്ന ഒറ്റ അനുഭവം പോലും വരാതിരിക്കാൻ കരുതലുണ്ടാകണം’ എന്നന്ന് ഏത് മഹാനാ പറഞ്ഞത്. അയാളോട് ചേർത്തുപറയാൻ പറയണം; “വേദിയുടെ ഭംഗിക്ക് വേണ്ടി ഇരുന്ന് കൊടുക്കുകയും സന്ദർഭത്തിനനുസരിച്ച് സ്വയം മാറിക്കൊടുക്കുകയും ചെയ്യുന്നതിൽ വിരോധമില്ലെന്ന്’.

കൂട്ടത്തിൽ ഒരു കാര്യം കൂടി ചെയ്യാം. പ്രോഗ്രാമിന് മുന്നോടിയായി റിസപ്ഷൻ, അക്കമഡേഷൻ, സ്റ്റേജ് ആൻഡ് സൗണ്ട് എന്നിങ്ങനെ വിഭാഗങ്ങൾ ഉണ്ടാക്കുന്ന കൂട്ടത്തിൽ ഇത്തരത്തിൽ വേദികളിൽ അടിഞ്ഞു കൂടുന്ന അധിക ബാധ്യതകളെ മെരുക്കുവാനായി ഒരു വകുപ്പ് ഉണ്ടാക്കാം. സ്റ്റേജിന്റെ പിൻവശത്ത് ഒരു ഡാർക്ക് റൂം. വേദി നിറഞ്ഞ് നിൽക്കുന്ന ഇത്തരം ആളുകളെ ‘പ്രധാനപ്പെട്ട ഒരു കാര്യം ചർച്ച ചെയ്യാനുണ്ടെന്ന്’ പറഞ്ഞ് അവിടേക്ക് മാറ്റി പുറത്ത് നിന്ന് പൂട്ടാം. പരിപാടി കഴിയുന്നതോടെ അവരെ തുറന്ന് വിടാതിരുന്നാൽ അടുത്ത പരിപാടിക്ക് സൊല്ല കുറക്കാം.
ഇനി വലതുകൈ നെഞ്ചിൽ പതിച്ച് ഒരു പ്രതിജ്ഞ ചൊല്ലി നമുക്ക് പിരിയാം. ‘ഞാൻ മേലാൽ ഒരിടത്തും അന്യരിരിക്കേണ്ട കസേരയിൽ കയറി സ്വയം ഭൂ ആവുകയില്ലെന്നും അത്തരത്തിൽ വേദികളിലെ ബാധ്യതകളായി മാറുന്നവരെ ബോധവത്കരിക്കുമെന്നും ഇതിനാൽ പ്രതിജ്ഞ ചെയ്യുന്നു’.

ഫൈസൽ അഹ്‌സനി ഉളിയിൽ
[email protected]