രാത്രി യാത്രാ നിരോധനം: സംസ്ഥാന മന്ത്രിമാര്‍ ഇടപെട്ടു; അനിശ്ചിതകാല നിരാഹാരം അവസാനിപ്പിച്ചു

Posted on: October 6, 2019 8:43 pm | Last updated: October 7, 2019 at 1:45 am

സുല്‍ത്താന്‍ബത്തേരി: ബന്ദിപ്പൂര്‍ വഴിയുള്ള യാത്രാ നിയന്ത്രണം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ബത്തേരിയില്‍ യുവജനകൂട്ടായ്മ നടത്തിയ അനിശ്ചിതകാല നിരാഹാരസമരം അവസാനിച്ചു. ഞായറാഴ്ച ഉച്ചക്കു ശേഷം നടന്ന ഐക്യാര്‍ഢ്യ മഹാസമ്മേളന വേദിയില്‍വെച്ച് സംസ്ഥാന മന്ത്രിമാരുടെ ഉറപ്പിനെ തുടര്‍ന്നാണ് യുവജനകൂട്ടായ്മ സമരത്തില്‍ നിന്ന് പിന്‍മാറിയത്.

സമരം ന്യായമാണന്നും സമരത്തിന് സര്‍ക്കാറിന്റെ എല്ലാപിന്തുണയും ഉണ്ടന്നും ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. മുമ്പുള്ളതിനേക്കാള്‍ ശുഷ്‌ക്കാന്തിയോടെയും സൂക്ഷ്മതയോടെയും പ്രശ്‌നം കൈകാര്യചെയ്യുമെന്നും മന്ത്രി സമരക്കാര്‍ക്ക് ഉറപ്പ് നല്‍കി. എക്‌സൈസ് മന്ത്രിയും സര്‍ക്കാറിന്റെ വിഷയത്തിലുള്ള താല്‍പര്യം അറിയിച്ചു. തുടര്‍ന്നാണ് മന്ത്രി എ കെ ശശീന്ദ്രന്റെ അഭ്യര്‍ഥനയെ മാനിച്ച് യുവജനകൂട്ടായ്മകള്‍ അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ചത്.

തുടര്‍ന്ന് മന്ത്രി എ കെ ശശീന്ദ്രന്‍, സി കെ ശശീന്ദ്രന്‍ എം എല്‍ എ,ഐ സി ബാലകൃഷ്ണന്‍,എം എല്‍ എ പി ജെ ജോസഫ്, ബത്തേി ബിഷപ്പ് ഡോ ജോസഫ് മാര്‍ തോമസ് എന്നിവര്‍ നിരാഹാരമനുഷ്ഠിച്ച ഡി വൈ എഫ് ഐ ജില്ലാ വൈസ് പ്രസിഡന്റ്് എം എസ് ഫെബിന്‍, യൂത്ത് കോണ്‍ഗ്രസ് ബത്തേരി നിയോജകമണ്ഡലം സെക്രട്ടറിയും ബത്തേരി നഗരസഭ കൗണ്‍സിലറുമായ റിനുജോണ്‍,യൂത്ത് ലീഗ് ബത്തേരി നിയോജക മണ്ഡലം ട്രഷറര്‍ ഹാരിസ്,എ ഐ വൈ എഫ് ജില്ലാ സെക്രട്ടറിയേറ്റംഗം എം ശ്രീജിത്ത് പനമരം,യുവ മോര്‍ച്ച് ജില്ലാ സെക്രട്ടറി ദീപുപുത്തന്‍പുരയില്‍ എന്നിവര്‍ക്ക് നാരങ്ങാനീര് നല്‍കിയാണ് നിരാഹാരം അവസാനിപ്പിച്ചത്. തുടര്‍ന്ന് ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

സമരത്തിന്റെ പന്ത്രണ്ടാം ദിനമായി ഇന്നലെയും സമരത്തിന് പിന്തുണയുമായി ആയിരങ്ങളാണ് എത്തിയത്. കൂടാതെ വിവിധ രാഷ്ട്രീയ കക്ഷികളുടെ ദേശീയ സംസ്ഥാന നേതാക്കള്‍ സമരപന്തല്‍ സന്ദര്‍ശിച്ചു. സമൂഹത്തിലെ നാനാതുറകളില്‍പെട്ടവര്‍ ഇന്നലെയും ഐക്യദാര്‍ഢ്യവുമായി സമരപന്തല്‍ സന്ദര്‍ശിച്ചു.