വിശാഖപട്ടണം ടെസ്റ്റില്‍ ഇന്ത്യക്ക് 203 റണ്‍സിന്റെ വമ്പന്‍ ജയം

Posted on: October 6, 2019 2:57 pm | Last updated: October 6, 2019 at 10:33 pm

വിശാഖപട്ടണം: ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് 203 റണ്‍സിന്റെ വമ്പന്‍ ജയം. 395 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ സന്ദര്‍ശകര്‍ ഇന്ത്യന്‍ സ്പിന്നര്‍മാരുടെ മുന്നില്‍ വെറും 191 റണ്‍സിന് പുറത്തായി. ടെസ്റ്റിലാദ്യമായി ഓപ്പണറായി ഇറങ്ങി രണ്ടിന്നിംഗ്സിലും സെഞ്ചുറി നേടിയ രോഹിത് ശര്‍മ്മയുടെ ബാറ്റിംഗും ഇരട്ട സെഞ്ചുറി നേടിയ മായങ്ക് അഗര്‍വാളിന്റെ പ്രകടനവും ആര്‍ അശ്വിന്‍- രവീന്ദ്ര ജഡേജ- മുഹമ്മദ് ഷമി ത്രയത്തിന്റെ ബൗളിംഗ് മികവുമാണ് സമനിലയിലേക്ക് പോകുമെന്ന് കരുതിയ മത്സരത്തില്‍ ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. ഇതോടെ പരമ്പരയില്‍ 1-0 ന് മുന്നിലെത്തി.
സ്‌കോര്‍: ഇന്ത്യ- 502/7, 323/4. ദക്ഷിണാഫ്രിക്ക- 431/10, 191/10. രോഹിത് ശര്‍മ്മയാണ് മാന്‍ ഓഫ് ദ് മാച്ച്.

രവീന്ദ്ര ജഡേജ എറിഞ്ഞ ഇരുപത്തിയേഴാം ഓവറാണ് മത്സരത്തില്‍ വഴിത്തിരിവായത്. അഞ്ചിന് 70 റണ്‍സായിരുന്ന ദക്ഷിണാഫ്രിക്കക്ക് ആദ്യ പന്തില്‍ എയ്ഡന്‍ മാര്‍ക്രത്തെ (39)യെ നഷ്ടമായി. വെറോണ്‍ ഫിലാന്‍ഡര്‍ (പൂജ്യം), കേശവ് മഹാരാജ് (പൂജ്യം) എന്നിവരെയും ജഡേജ സംപൂജ്യരായി മടക്കിയയച്ചു. റണ്‍സൊന്നും വഴങ്ങാതെ മൂന്നുവിക്കറ്റുകളാണ ജഡേജ ആ ഓവറില്‍ സ്വന്തമാക്കിയത്.

പേസര്‍ മുഹമ്മദ് ഷമിയും മാസ്മരിക ബൗളിംഗാണ് രണ്ടാം ഇന്നിംഗ്സില്‍ പുറത്തെടുത്ത്. ആര്‍ അശ്വിന്‍ ഒരു വിക്കറ്റ് നേടി. അവസാന ദിനത്തിന്റെ തുടക്കത്തില്‍ ഡി ബ്രുയിനെ 10ല്‍ നില്‍ക്കേ ആര്‍ അശ്വിനും തെംബാ ബാവുമയെ(0) മുഹമ്മദ് ഷമിയും ബൗള്‍ഡാക്കി. ആദ്യ ഇന്നിംഗ്സില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ ക്വിന്റണ്‍ ഡികോക്ക്- ഫാഫ് ഡുപ്ലസിസ് കൂട്ടുകെട്ടും ഇക്കുറി വിജയിച്ചില്ല. ഫാഫിനെയും(13), ഡികോക്കിനെയും(0) ഷമി ബൗള്‍ഡാക്കി.

ഒമ്പതാം വിക്കറ്റില്‍ സെനുരന്‍ മുത്തുസ്വാമിയുടെയും ഡാനെ പീഡിറ്റിന്റെയും ചെറുത്ത് നില്‍പ്പ് വിജയത്തിനായി ഇന്ത്യക്ക് ഏറെ നേരം കാത്തിരിക്കേണ്ടിവന്നു. സനൂരന്‍ മുത്തുസ്വാമി 106 പന്തില്‍ 33 റണ്‍സുമായി പുറത്താകാതെ നിന്നു.

ദക്ഷിണാഫ്രിക്കയുടെ ടെമുബ ബവുമ, ക്വിന്റണ്‍ ഡികോക്ക്, വെറോണ്‍ ഫിലാന്‍ഡര്‍, കേശവ് മഹാരാജ് എന്നീ നാലുപേരാണ് രണ്ടാം ഇന്നിംഗ്സില്‍ റണ്ണെടുക്കാതെ പുറത്തായത്. ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറി നേടി പ്രതിരോധം തീര്‍ത്ത ഡീന്‍ എല്‍ഗര്‍ (2) നേരത്തെ പുറത്തായതും ദക്ഷിണാഫ്രിക്കയുടെ തോല്‍വിക്ക് കാരണമായി.

ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യയുടെ 502/7 റണ്‍സ് പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 431 റണ്‍സില്‍ പുറത്താവുകയായിരുന്നു. നാലാം ദിനം എട്ട് വിക്കറ്റിന് 385 റണ്‍സ് എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച അവര്‍ക്ക് 46 റണ്‍സ് മാത്രമേ കൂട്ടി ചേര്‍ക്കാനായുള്ളൂ. ആര്‍ അശ്വിന്റെ ഏഴ് വിക്കറ്റ് പ്രകടനമാണ് ഇന്ത്യക്ക് നിര്‍ണായക ലീഡ് സമ്മാനിച്ചത്. ഒമ്പത് റണ്‍സെടുത്ത കേശവ് മഹാരാജിനെയും 15 റണ്‍സില്‍ നില്‍ക്കേ കാഗിസോ റബാഡയെയും അശ്വിന്‍ പുറത്താക്കി.

ആദ്യ ദിനം രോഹിത്തും രണ്ടാം ദിനം മായങ്കുമായിരുന്നു ഇന്ത്യന്‍ ഇന്നിംഗ്സിലെ ഹീറോകള്‍. ആദ്യ ടെസ്റ്റ് സെഞ്ചുറി ഇരട്ട സെഞ്ചുറിയാക്കിയ മായങ്ക് അഗര്‍വാളും ഓപ്പണറായിറങ്ങിയ ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറിയുമായി രോഹിത് ശര്‍മ്മയുമാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ഇരുവരും ഓപ്പണിംഗ് വിക്കറ്റില്‍ 317 റണ്‍സ് നേടി. രോഹിത് 244 പന്തില്‍ നിന്ന് 23 ഫോറും ആറ് സിക്സും ഉള്‍പ്പടെ 176 റണ്‍സെടുത്തപ്പോള്‍ മായങ്ക് 371 പന്തില്‍ 23 ഫോറും ആറ് സിക്സും അടക്കം 215 റണ്‍സ് നേടി. എന്നാല്‍ ചേതേശ്വര്‍ പൂജാര (6), ക്യാപ്റ്റന്‍ വിരാട് കോലി (20), അജിന്‍ക്യ രഹാനെ (15), ഹനുമ വിഹാരി (10), വൃദ്ധിമാന്‍ സാഹ എന്നീ സീനിയര്‍ താരങ്ങള്‍ നിരാശ സമ്മാനിച്ചു. രവീന്ദ്ര ജഡേജ (30)യുടെ ഇന്നിംഗ്‌സ് സ്‌കോര്‍ 500 കടത്താന്‍ സഹായിച്ചു.