Kerala
സ്ത്രീകളെ അപമാനിക്കുന്നത് സിപിഎം ഫാഷനാക്കി; പൂതന പരാമര്‍ശത്തില്‍ മന്ത്രി മാപ്പ് പറയണം: പ്രതിപക്ഷ നേതാവ്
കൊച്ചി: ഷാനിമോള്‍ ഉസ്മാനെതിരെ മന്ത്രി ജി സുധാകരന് നടത്തിയ “പൂതന” പരാമര്‍ശത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉപതെരഞ്ഞെടുപ്പില്‍ ചൂടേറുന്നു. അരൂരില്‍ പരാജയ ഭീതി പൂണ്ട് സിപിഎമ്മിനും മന്ത്രി ജി സുധാകരനും സമനില തെറ്റിയിരിക്കുകയാണെന്ന് പറഞ്ഞ ചെന്നിത്തല ,സ്ത്രീകളെ അപമാനിക്കുന്നത് സിപിഎം നേതാക്കളുടെ ഫാഷനായി മാറിയെന്നും ആരോപിച്ചു.
പൂതന പാമര്‍ശത്തില്‍ ഷാനിമോള്‍ ഉസ്മാനോട് സുധാകരന് മാപ്പ് പറയണം. സ്ത്രീകളെ അപമാനിക്കുന്നത് പതിവായിട്ടും മുഖ്യമന്ത്രി ഒരക്ഷരം മിണ്ടിയിട്ടില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. പാര്‍ട്ടി നേതൃത്വം വിഷയത്തില്‍ ഖേദം പ്രകടിപ്പിച്ചില്ലെന്നും ചെന്നിത്തല പറഞ്ഞു. വലിയ ഭൂരിപക്ഷത്തില്‍ ഷാനിമോള്‍ ഉസ്മാന് അരൂരില്‍ ജയിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.
സുധാകരന്റെ പരാമര്‍ശത്തിനെതിരെ രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസവും രംഗത്തെത്തിയിരുന്നു. തൈക്കാട്ടുശേരിയിലെ കുടുംബ യോഗത്തിലായിരുന്നു ജി സുധാകരന്റെ വിവാദ പരാമര്‍ശം. പൂതനമാര്‍ക്ക് ജയിക്കാനുള്ള സ്ഥലമല്ല അരൂരെന്ന് ജി സുധാകരന് പറഞ്ഞിരുന്നു. അതേ സമയം ഷാനിമോളേ കുറിച്ച് മോശമായി ഒന്നും പറഞ്ഞിട്ടില്ലെന്നും മാധ്യമങ്ങള്‍ അനാവശ്യമായി വിവാദങ്ങള്‍ ഉണ്ടാക്കുന്നുവെന്നും സുധാകരന് വിവാദങ്ങളോട് പ്രതികരിച്ചിരുന്നു