Connect with us

Kerala

പാരിപ്പള്ളിയില്‍ നാല് വയസുകാരി മരിച്ചത് അമ്മയുടെ മര്‍ദനം മൂലമല്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌

Published

|

Last Updated

കൊല്ലം: പാരിപ്പള്ളിയില്‍ നാല് വയസുകാരി ദിയ മരിച്ചത് അമ്മയുടെ മര്‍ദനം മൂലമല്ലെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ തെളിഞ്ഞു. ന്യൂമോണിയയും മസ്തിഷ്‌ക ജ്വരവുമാണ് മരണ കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി.

ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ച കുഞ്ഞിന്റെ കാലില്‍ കമ്പ് കൊണ്ട് അടിച്ചെന്ന് അമ്മ പോലീസിനോട് സമ്മതിച്ചിരുന്നു. എന്നാല്‍ അടിയേറ്റത് മരണ കാരണമല്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. മര്‍ദ്ദനം ഏറ്റിരുന്നില്ലെങ്കില്‍ കൂടി മരണകാരണമായേക്കാവുന്ന സ്ഥിതിയിലായിരുന്നു കുട്ടിയുടെ ആരോഗ്യനിലയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗുരുതരാവസ്ഥയില്‍ പാരിപ്പള്ളിയിലെ ആശുപത്രിയില്‍ എത്തിച്ച കുട്ടിയുടെ ശരീരത്തില്‍ അടിയേറ്റ പാടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കുട്ടിയുടെ അമ്മ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. അതേസമയം, പനിബാധിച്ച കുട്ടിയെ അടിച്ചതിന് അമ്മക്കെതിരെ ബാലനീതി വകുപ്പ് പ്രകാരം കേസെടുക്കാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്.

വര്‍ക്കല സ്വദേശി ദീപുവിന്റെയും രമ്യയുടെയും
മകള്‍ ദിയയാണ് മരിച്ചത്. ഇവര്‍ പാരിപ്പള്ളിയില്‍ വാടകക്ക് താമസിച്ച് വരികയായിരുന്നു. ഇന്ന് രാവിലെ മാതാപിതാക്കള്‍ ചേര്‍ന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ ശരീരത്തിലും കാലിലും മര്‍ദനമേറ്റ പാടുകളുണ്ടായിരുന്നു. കുട്ടിയുടെ വായില്‍ നിന്നും രക്തം വരുന്നുണ്ടായിരുന്നു. ശരീരത്തില്‍ രക്തം കട്ടപിടിച്ച നിലയിലായിരുന്നു. നില ഗുരുതരമായതിനെ തുടര്‍ന്ന് പോലീസുകാര്‍ ചേര്‍ന്ന് ആംബുലന്‍സില്‍ തിരുവനന്തപുരത്തെ എസ് ഐ ടി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ഇതിനിടെ കഴക്കൂട്ടത്ത് വച്ച് കുട്ടിയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് സി എസ് ഐ മിഷന്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

 

കുട്ടിയുടെ അമ്മയും അച്ഛനും പോലീസ് കസ്റ്റഡിയിലാണ്. പാരിപ്പള്ളി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. മകളുടെ മരണവാര്‍ത്ത അറിഞ്ഞയുടന്‍ അച്ഛന്‍ ബോധരഹിതനായി വീണു. കഴക്കൂട്ടം ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാല്‍ ഇദ്ധേഹത്തില്‍ നിന്നുള്ള കൂടുതല്‍ വിവരങ്ങള്‍ അറിഞ്ഞിട്ടില്ല. കുട്ടിയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റും.

 

Latest