ഏറ്റെടുക്കലുകൾക്ക് നടുവിലെ ഗാന്ധി

യോഗ്യതയില്ലാത്തവരുടെ പുകഴ്ത്തലുകൾക്ക് വിധേയനാകുന്നതിനേക്കാൾ വലിയ ദുര്യോഗം മറ്റെന്താണുള്ളത്. അകത്ത് തിരസ്‌കാരത്തിന്റെ വൈതരണികൾ സൂക്ഷിച്ച് പുറത്ത് കെട്ടിപ്പിടിക്കുന്ന കൊടുംകാപട്യം മഹാത്മാവിന്റെ നൂറ്റമ്പതാം ജൻമവാർഷിക ദിനത്തിൽ അരങ്ങു തകർക്കുമ്പോൾ പലവുരു ഗാന്ധി കൊല്ലപ്പെടുകയാണ്. മോഹൻ ഭാഗവതിന്റെ ലേഖനം മാതൃഭൂമിയിലും നരേന്ദ്ര മോദിയുടെ ലേഖനം ന്യൂയോർക്ക് ടൈംസിലും പ്രസിദ്ധീകൃതമാകുന്നതിനെ ഈ നിലയിലാണ് കാണേണ്ടത്. നിഷേധിക്കാനാകാത്ത യാഥാർഥ്യമായി ഗാന്ധി ഇന്നും ജ്വലിച്ച് നിൽക്കുന്ന ഈ രാജ്യത്ത് ആ മഹത്വത്തിന്റെ പങ്കു പറ്റാതെ മുന്നോട്ട് പോകാനാകില്ല. അത് മോഹൻ ഭഗവത് തിരിച്ചറിയുന്നു. രാജ്യത്തിന് പുറത്ത് തകർന്നടിഞ്ഞു പോയ ഇന്ത്യൻ പ്രതിച്ഛായ വീണ്ടെടുക്കാൻ ഗാന്ധിയെ കുറിച്ച് നല്ലവാക്ക് പറയണമെന്ന് മോദിയും മനസ്സിലാക്കുന്നു. ഈ അവസ്ഥ ഗാന്ധിക്ക് അപമാനകരമാണെങ്കിൽ അദ്ദേഹത്തിന്റെ ശത്രുക്കൾക്ക് ഗതികേടാണ്. കൊന്നു തള്ളിയിട്ടും ആ ദർശനങ്ങൾക്ക് മുമ്പിൽ യാചിച്ചു നിൽക്കേണ്ടി വരുന്ന ഗതികേട്.
Posted on: October 6, 2019 11:39 am | Last updated: October 6, 2019 at 11:40 am

ഗാന്ധിജി പല അർഥങ്ങളിൽ നിർഭാഗ്യവാനായ മനുഷ്യനാണ്. യോഗ്യതയില്ലാത്തവരുടെ പുകഴ്ത്തലുകൾക്ക് വിധേയനാകുന്നതിനേക്കാൾ വലിയ ദുര്യോഗം മറ്റെന്താണുള്ളത്. അകത്ത് തിരസ്‌കാരത്തിന്റെ വൈതരണികൾ സൂക്ഷിച്ച് പുറത്ത് കെട്ടിപ്പിടിക്കുന്ന മഹാകാപട്യം മഹാത്മാവിന്റെ നൂറ്റമ്പതാം ജൻമവാർഷിക ദിനത്തിൽ അരങ്ങു തകർക്കുമ്പോൾ പലവുരു ഗാന്ധി കൊല്ലപ്പെടുകയാണ്. മോഹൻ ഭാഗവതിന്റെ ലേഖനം മാതൃഭൂമിയിലും നരേന്ദ്ര മോദിയുടെ ലേഖനം ന്യൂയോർക്ക് ടൈംസിലും പ്രസിദ്ധീകൃതമാകുന്നതിനെ ഈ നിലയിലാണ് കാണേണ്ടത്. ബി ജെ പി നടത്തുന്ന ഗാന്ധി സങ്കൽപ്പ യാത്രയുടെ മുദ്രാവാക്യം മൻ മേം ബാപ്പു എന്നാണ്. ആർ എസ് എസും നിരവധിയായ കൊണ്ടാടലുകൾ നടത്തുന്നുണ്ട്. ഗാന്ധിയുടെ രൂപമുണ്ടാക്കി അതിന് നേരെ വെടിയുതിർത്ത് ഗാന്ധി വധം പുനഃസൃഷ്ടിക്കുന്നവർ ആഘോഷിക്കപ്പെടുമ്പോഴാണ് ഈ കൊണ്ടാടലുകൾ. നാഥുറാം വിനായക് ഗോഡ്‌സെയെ ഏറ്റവും ധീരനായ രാജ്യസ്‌നേഹിയെന്ന് വിളിച്ച പ്രജ്ഞ സിംഗ് ഠാക്കൂർ ബി ജെ പി. എം പിയായിരിക്കെയാണ് ഗാന്ധി മാർഗത്തിന്റെ പ്രചാരകരായി മോഹൻ ഭാഗവതും നരേന്ദ്ര മോദിയും അവതരിക്കുന്നത്. നിഷേധിക്കാനാകാത്ത യാഥാർഥ്യമായി ഗാന്ധി ഇന്നും ജ്വലിച്ച് നിൽക്കുന്ന ഈ രാജ്യത്ത് ആ മഹത്വത്തിന്റെ പങ്കു പറ്റാതെ മുന്നോട്ട് പോകാനാകില്ല. അത് മോഹൻ ഭാഗവത് തിരിച്ചറിയുന്നു. രാജ്യത്തിന് പുറത്ത് തകർന്നടിഞ്ഞു പോയ ഇന്ത്യൻ പ്രതിച്ഛായ വീണ്ടെടുക്കാൻ ഗാന്ധിയെ കുറിച്ച് നല്ലവാക്ക് പറയണമെന്ന് മോദിയും മനസ്സിലാക്കുന്നു. ഈ അവസ്ഥ ഗാന്ധിക്ക് അപമാനകരമാണെങ്കിൽ അദ്ദേഹത്തിന്റെ ശത്രുക്കൾക്ക് ഗതികേടാണ്. കൊന്നു തള്ളിയിട്ടും ആ ദർശനങ്ങൾക്ക് മുമ്പിൽ യാചിച്ചു നിൽക്കേണ്ടി വരുന്ന ഗതികേട്. ഡോക്ടർജിയെന്ന് സംഘ്പരിവാറുകാർ വിളിക്കുന്ന കേശവ് ബിലറാവു ഹെഡ്‌ഗേവാർ 1925ൽ ആർ എസ് എസ് സ്ഥാപിച്ച് പ്രവർത്തനം തുടങ്ങുമ്പോൾ മഹാത്മാ ഗാന്ധി പൊതു പ്രവർത്തന രംഗത്ത് സജീവമായിരുന്നു. സംവാദങ്ങളായിരുന്നുവല്ലോ ഗാന്ധിയുടെ ശൈലി. എന്നാൽ ഹെഡ്‌ഗേവാറുമായി ഒരിക്കൽ പോലും സംവദിക്കാൻ ഗാന്ധിജി തയ്യാറായില്ല. അംബേദ്കറുടെ 21 വാള്യങ്ങളുള്ള വിശാലമായ എഴുത്തുകളിലും പ്രസംഗങ്ങളിലും ഒരിടത്ത് പോലും ഹെഡ്‌ഗേവാറിന്റെ പേര് പരാമർശിക്കുന്നില്ല. സംസാരം പോലും അസാധ്യമായ ആശയഗതിയായാണ് ഭാഗവതിന്റെ പ്രത്യയ ശാസ്ത്രത്തെ ഗാന്ധിയും അംബേദ്കറുമൊക്കെ കണ്ടത് എന്നതിന് ഇതിൽപരം എന്ത് തെളിവു വേണം.

ഈ ഘട്ടത്തിൽ ഗാന്ധി വധം കൂടുതൽ വ്യക്തതയോടെ ഓർമിച്ചെടുക്കുകയും ആരാണ് അത് ചെയ്തതെന്ന് ആവർത്തിക്കുകയുമാണ് ജനാധിപത്യബോധമുള്ളവർ ചെയ്യേണ്ടത്. നാഥുറാം വിനായക് ഗോഡ്‌സേയും നാരായൺ ആപ്‌തേയും വിഷ്ണു കാർക്കറെയും മദൻലാൽ പഹ്‌വയും പല നിലകളിൽ പരിശീലനം നടത്തിയാണ് ഗാന്ധി വധത്തിലേക്ക് തുനിഞ്ഞിറങ്ങിയത്. പല തരം പ്രാർഥനകളും ഹോമങ്ങളും നടത്തി ആത്മവിശ്വാസം ഊട്ടിയുറപ്പിച്ചു. അവർക്കറിയാമായിരുന്നു ചെയ്യുന്നത് ചെറിയ കാര്യമല്ല. മുമ്പൊക്കെ പിഴച്ച പോലെ ഇനി ആവർത്തിച്ചു കൂടാ. കൃത്യം നടത്താൻ ഗോഡ്‌സേയാണ് നിയുക്തനായത്. അത് അയാൾ ഭംഗിയായി നിർവഹിച്ചു. നിരായുധനായ, ഉപവാസത്തിൽ തളർന്നു വീഴാറായ ആ മനുഷ്യനെ വെടിവെച്ചു വീഴ്ത്തി. ഗാന്ധി വധം ഇന്ത്യൻ ഫാസിസത്തിന്റെ ഏറ്റവും ഭീകരമായ പ്രകടനമായിരുന്നു. ഫാസിസം ഒരിക്കലും ഒരു പ്രത്യേക ലക്ഷ്യത്തിനായി ഒരുങ്ങുകയും അത് പൂർത്തിയാക്കി പിൻവാങ്ങുകയുമല്ല ചെയ്യുന്നത്. ഗാന്ധി വധത്തിനുള്ള ഒരുക്കങ്ങൾ പതിറ്റാണ്ട് മുമ്പ് തന്നെ തുടങ്ങിയിരുന്നുവെന്നാണ് വിലയിരുത്തേണ്ടത്. ബ്രിട്ടീഷ് അധികാരികളോട് ഒട്ടി നിന്നു കൊണ്ട് നടത്തിയ നിരവധി ഗൂഢാലോചനകൾ. കോൺഗ്രസിൽ തന്നെ ബാലഗംഗാധര തിലകന്റെ നേതൃത്വത്തിൽ രൂപപ്പെട്ടു വന്ന ഹിന്ദുത്വ തീവ്രവാദ ധാര. ഹിന്ദു മഹാസഭയുടെ പ്രവർത്തനങ്ങൾ. അതിന്റെ സന്നദ്ധ, കായിക, സായുധ സേനയെന്ന നിലയിൽ ആർ എസ് എസിന്റെ ഉത്ഭവം. വിഭജനത്തിന്റെ മുമ്പും ശേഷവുമായി നടന്ന വർഗീയ ഉൻമൂലന ആക്രമണങ്ങൾ. വിഭജനത്തിന് തൊട്ട് ശേഷം നടന്ന കൂട്ടക്കൊലകൾ. ആട്ടിയോടിക്കലുകൾ. ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഒഴിഞ്ഞു പോകലുകൾ. സംഘർഷങ്ങൾ. ചോരപ്പുഴകൾ. ഇതിന്റെയെല്ലാം തുടർച്ചയായിരുന്നു ഗാന്ധി വധം. നിരവധി വധശ്രമങ്ങൾക്ക് ശേഷമാണല്ലോ ഗാന്ധിജി കൊല്ലപ്പെടുന്നത്.

ഹിന്ദു മഹാ സഭയുടെയും ആർ എസ് എസിന്റെയും നേതാക്കൾ അവയുടെ ആദ്യഘട്ടങ്ങളിൽ തന്നെ പാഠങ്ങൾ പകർത്തിയിരുന്നത് ഇറ്റലിയിലെ മുസ്സോളിനിയിൽ നിന്നും ജർമനിയിലെ ഹിറ്റ്‌ലറിൽ നിന്നുമായിരുന്നു. വംശീയമായ കലർപ്പുകളാണ് എല്ലാ പ്രശ്‌നങ്ങൾക്കും കാരണമെന്ന് ഹിറ്റ്‌ലറും മുസ്സോളിനിയും സംഘ്പരിവാർ നേതാക്കളും ഒരു പോലെ വിശ്വസിക്കുന്നു. ദേശീയത എന്നത് വന്നു കൂടിയവർ എന്ന് ചാപ്പചാർത്തപ്പെട്ട എല്ലാ വിഭാഗം ജനങ്ങളെയും നിഷ്‌കാസനം ചെയ്യലാണെന്ന് ഇവർ വാദിക്കുന്നു. കൂട്ടക്കൊലകളും ആട്ടിയോടിക്കലുകളും ന്യായീകരിക്കുന്നത് ഈ വാദമുയർത്തിയാണ്. കലാപങ്ങൾ വിതച്ചും നേരിട്ടും നടത്തിയ കൂട്ടക്കൊലകളൊന്നിലും സംഘ്പരിവാറിന് ഒരു കുറ്റബോധവും തോന്നാത്തത് അങ്ങേയറ്റം അപകടകരമായ ദേശീയതാ നിർവചനം എടുത്തണിയുന്നത് കൊണ്ടാണ്. ഈ ന്യായീകരണം അവർ പകർത്തുന്നത് മുസ്സോളിനിയിൽ നിന്നും ഹിറ്റ്‌ലറിൽ നിന്നുമാണ്. ഡോ. ബി എസ് മൂഞ്ചെ ഹിന്ദു മഹാ സഭയുടെ തലമുതിർന്ന നേതാവായിരുന്നു. ആർ എസ് എസ് സ്ഥാപകനായ ഹെഡ്‌ഗേവാറിന്റെ ഉപദേശകരിലൊരാളും സുഹൃത്തുമായിരുന്നു. അദ്ദേഹം പല തവണ മുസ്സോളിനിയെ സന്ദർശിച്ചു. കായിക പരിശീലനം സിദ്ധിച്ച യുവാക്കളുടെ ബ്രിഗേഡുകൾ പണിയുന്നതടക്കമുള്ള സംഘടനാ സംവിധാനങ്ങളെല്ലാം അദ്ദേഹം അവിടെ ചെന്ന് പഠിച്ചെടുക്കുകയായിരുന്നു. ഫാസിസത്തിന്റെയും നാസിസത്തിന്റെയും ആരാധകനായിരുന്നു വി ഡി സവർക്കർ. ഹിറ്റ്‌ലറുടെ ആത്മകഥയായ മെയ്ൻ കാംഫും ഗോൾവാൾക്കറുടെ വിചാരധാരയും പല നിലകളിൽ സമാനത പുലർത്തുന്നുണ്ട്. ബിംബാരാധകരും ബിംബാരാധനയെ നിരാകരിക്കുന്നവരും ഒരിക്കലും സഹവർതിത്വം സാധ്യമല്ലെന്നും വംശീയമായ വിച്ഛേദനം അനിവാര്യമാണെന്നും ഗോൾവാൾക്കർ ശഠിക്കുന്നത് ഹിറ്റ്‌ലറുടെ ആര്യ മേധാവിത്വ പരികൽപ്പനയുടെയും ജൂത ഉൻമൂലനത്തിന്റെയും മാതൃക മനസ്സിൽ വെച്ചാണ്.
എന്നാൽ വൈജാത്യങ്ങൾക്കിടയിലെ ഏകത ഈ രാജ്യത്തിന്റെ അടിസ്ഥാന ഭാവമാണെന്നും അത് മുറിച്ചു കടക്കുക എളുപ്പമല്ലെന്നും ഈ ഹിന്ദുത്വ നേതാക്കൾക്കെല്ലാം അറിയാമായിരുന്നു. ഇത് ഇന്ത്യയുടെ ആധുനിക രാഷ്ട്രീയ ചരിത്രത്തിൽ ഏറ്റവും തെളിമയോടെ വെളിപ്പെട്ടത് 1857ലായിരുന്നു. ശിപായി ലഹളയെന്ന് ബ്രിട്ടീഷുകാർ അധിക്ഷേപിക്കുകയും ഒന്നാം സ്വാതന്ത്ര്യ സമരമെന്ന് ഇന്ത്യ അഭിമാനം കൊള്ളുകയും ചെയ്യുന്ന സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിനൊടുവിൽ ചക്രവർത്തിയായി വാഴിക്കപ്പെട്ടത് ബഹദൂർഷാ സഫറിനെയായിരുന്നു. മുഗൾ രാജവംശത്തിലെ അവസാനത്തെ കണ്ണിയായിരുന്നു അദ്ദേഹം. അന്ന് അദ്ദേഹത്തിന്റെ ആസ്ഥാനത്തേക്ക് മാർച്ച് ചെയ്ത പട്ടാളക്കാരും പോരാളികളും ഇന്ത്യൻ ബഹുസ്വര സമൂഹത്തിന്റെ നേർപതിപ്പായിരുന്നു. അതിൽ ഹിന്ദുക്കളും മുസ്‌ലിംകളും മറ്റനേകം വിഭാഗങ്ങളുമുണ്ടായിരുന്നു. നീണ്ട സ്വാതന്ത്ര്യ സമരത്തിനൊടുവിൽ ബ്രിട്ടീഷുകാർ ഇന്ത്യക്ക് പരമാധികാരം കൈമാറിയത് അനിവാര്യമായ ഒരു ചരിത്രസന്ധിയിലായിരുന്നു. അതവർക്കു കൂടി സ്വീകാര്യമായിരുന്നു. ഒരു വേള അവരത് ആഗ്രഹിച്ചിരുന്നു. എന്നാൽ 1857ൽ താത്കാലികമായെങ്കിലും അധികാരം വിട്ടൊഴിയേണ്ടി വന്നത് ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ തൊല്ലൊന്നുമല്ല നാണക്കേടിലാക്കിയത്. അവർ ശരിക്കും ഭയന്നു പോയിരുന്നു. ഇങ്ങനെയൊരു ഐക്യം നിലനിന്നാൽ ഈ രാജ്യം ലോകത്തെ നയിക്കുന്ന നിലയിലേക്ക് വളരുമെന്ന് അവർ തിരിച്ചറിഞ്ഞു. ഈ തിരിച്ചറിവിൽ നിന്നാണ് അവർ ഭിന്നിപ്പിച്ച് ഭരിക്കൽ തന്ത്രം പുറത്തെടുത്തത്. ഈ ഭിന്നിക്കൽ രാഷ്ട്രീയത്തിന് പിന്തുണ നൽകിയത് ഹിന്ദു മഹാസഭയായിരുന്നു.

ഭിന്നിച്ചു നിൽക്കുമെന്ന് അധിനിവേശ ശക്തികൾ ഉറപ്പിച്ച ജനതയെ അത്ഭുതകരമായി ഒന്നിപ്പിക്കുന്നതിൽ ഗാന്ധിജി വിജയിച്ചുവെന്നതാണ് അദ്ദേഹത്തിന്റെ മഹത്വം. ഉപ്പ് പോലുള്ള സമരപ്രതീകങ്ങൾ എല്ലാ തരം ജനങ്ങളെയും സ്പർശിക്കുന്നതായിരുന്നു. പല തട്ടിൽ നിൽക്കുന്ന ജനങ്ങളെ ഒരു ലക്ഷ്യത്തിലേക്ക് പ്രചോദിപ്പിച്ച മഹാത്മാ ഗാന്ധിയുടെ ശ്രമങ്ങളെ അസഹിഷ്ണുതയോടെയാണ് അന്നത്തെ ഹിന്ദുത്വ നേതാക്കൾ കണ്ടത്. തങ്ങളുടെ ബ്രിട്ടീഷ് സുഹൃത്തുക്കൾക്ക് കൊടുത്ത ഭിന്നിപ്പിക്കലിന്റെ വാക്ക് ഈ ഗാന്ധി നശിപ്പിച്ചു കളഞ്ഞല്ലോ എന്നായിരുന്നു അവരുടെ ആധി. ഖിലാഫത്ത്- നിസ്സഹകരണ പ്രസ്ഥാന കാലത്തെ ഹിന്ദു- മുസ്‌ലിം ഐക്യത്തെയും ഇതിനായുള്ള ഗാന്ധിജിയുടെ ശ്രമങ്ങളെയും അപകടകരമായ പ്രവണതയായാണ് ഹെഡ്്ഗേവാർ കാണുന്നത്. അദ്ദേഹം പറയുന്നു: ‘ഗാന്ധിജിയുടെ നിസ്സഹകരണ പ്രസ്ഥാനത്തിന്റെ അനന്തര ഫലമെന്നോണം രാജ്യത്ത് ദേശീയവാദത്തോടുള്ള ആവേശം മങ്ങിത്തുടങ്ങി. അതേസമയം, ആ മൂവ്‌മെന്റ് കാരണമായി ജന്മംകൊണ്ട പല സാമൂഹിക തിന്മകളും അപകടകരമാംവിധം ഇവിടെ തല പൊക്കാനാരംഭിച്ചു. ദേശീയ പോരാട്ടങ്ങളുടെ വേലിയേറ്റം മന്ദീഭവിച്ചുതുടങ്ങിയതോടെ പരസ്പര വിദ്വേഷവും അസൂയയും പ്രത്യക്ഷപ്പെട്ടു. വൈയക്തിക തർക്കങ്ങൾ എവിടെയും നുരഞ്ഞുപൊന്തി. വിവിധ സമുദായങ്ങൾക്കിടയിൽ സംഘർഷങ്ങൾ തലപൊക്കി. ബ്രാഹ്മണനും അബ്രാഹ്മണനും തമ്മിലുള്ള സംഘർഷങ്ങളും കണ്ടുതുടങ്ങി. ഒരു സംഘടനയും പരസ്പരം ഐക്യപ്പെടുകയോ ചേർന്നുനിൽക്കുകയോ ചെയ്തില്ല.

നിസ്സഹകരണ പ്രസ്ഥാനം പാലൂട്ടി വളർത്തിയ യവന സർപ്പങ്ങൾ (അഥവാ മുസ്‌ലിംകൾ) അവരുടെ വിഷലിപ്തമായ ചീറ്റലുകൾകൊണ്ട് രാജ്യത്ത് പ്രകോപനപരമായ കലാപങ്ങൾ ഉണ്ടാക്കിക്കൊണ്ടിരുന്നു’
ഈ കാഴ്ചപ്പാടിൽ നിന്നാണ് കൂടുതൽ കർക്കശ ഘടനയുള്ള, കായികമായ ഉള്ളടക്കം കൂടുതലുള്ള ആർ എസ് എസ് രൂപം കൊള്ളുന്നത്. ഹിന്ദു രാഷ്ട്ര നിർമിതിക്കായി പ്രവർത്തിക്കുന്നവർ മാത്രമാണ് യഥാർഥ ദേശീയവാദികൾ എന്ന സവർക്കറുടെ അടിസ്ഥാന ആശയഗതി പിന്തുടർന്നയാളാണ് ഹെഡ്‌ഗേവാർ. 1938ൽ പ്രസിദ്ധീകൃതമായ ഗോൾവാൾക്കറുടെ ‘നമ്മൾ അഥവാ നമ്മുടെ ദേശീയത നിർവചിക്കപ്പെടുന്നു’ എന്ന പുസ്തകത്തിൽ ഇത് അർഥ ശങ്കക്കിടയില്ലാത്ത വിധം പ്രതിപാദിക്കുന്നുണ്ട്. ബ്രിട്ടീഷുകാർ രാജ്യം വിടുന്നത് മുസ്‌ലിം മുന്നേറ്റത്തിനേ വഴി വെക്കൂ എന്നതായിരുന്നു ആർ എസ് എസ് നേതാക്കളുടെ ചിന്താഗതി. അതുകൊണ്ട് യുവാക്കളിൽ വംശാഭിമാനം വളർത്തുന്നതിനാണ് മുന്തിയ പരിഗണന നൽകേണ്ടതെന്ന് അവർ നിഷ്കർഷിച്ചു. ലോകം കൊണ്ടാടിയ ഇന്ത്യൻ സംസ്‌കൃതി ഹൈന്ദവം തന്നെയാണ്. അത് പക്ഷേ അപാരമായ ഉൾക്കൊള്ളൽ ശേഷിയുള്ള ഒന്നാണ്. അത് അങ്ങേയറ്റം വൈവിധ്യപൂർണവുമാണ്. ഈ ഹൈന്ദവതക്ക് പകരം അക്രമാസക്ത ഹിന്ദുത്വത്തെ പ്രതിഷ്ഠിക്കുകയാണ് ആർ എസ് എസ് ചെയ്തത്.

ഒരു സനാതന ഹിന്ദുവാണെന്ന് സ്വയം പ്രഖ്യാപിച്ചിട്ടും ഗാന്ധിജി ആർ എസ് എസിനും ഹിന്ദു മഹാസഭക്കും കൊല്ലപ്പെടേണ്ട വ്യക്തിയാകുന്നത് അദ്ദേഹം ഇന്ത്യൻ ദേശീയതയെ ബഹുസ്വരതയുടെ മഹത്തായ വിതാനങ്ങളിലേക്ക് ഉയർത്തിയത് കൊണ്ടാണ്. മുസ്‌ലിംകളടക്കമുള്ള ന്യൂനപക്ഷങ്ങളെയും ദളിത് സമൂഹത്തെയും ദേശീയ മുഖ്യധാരയിൽ ചേർത്ത് നിർത്താനാണ് ഗാന്ധിജി എക്കാലത്തും ശ്രമിച്ചത്. അങ്ങനെയാണ് അദ്ദേഹം രാഷ്ട്രപിതാവാകുന്നത്. ഗാന്ധിജി മാത്രമല്ല, ഹിന്ദുത്വ ശക്തികളുടെ ദേശീയതാ സങ്കൽപ്പത്തെ എതിർക്കുന്ന മുഴുവൻ പേരും ആട്ടിയോടിക്കപ്പെടേണ്ടവരാണെന്നതാണ് ആർ എസ് എസിന്റെ പ്രഖ്യാപിത നിലപാട്. ഗാന്ധി വധത്തിൽ ആർ എസ് എസിന് പങ്കില്ലെന്നാണ് അവർ ആവർത്തിക്കാറുള്ളത്. രാഹുൽ ഗാന്ധി ഇക്കാര്യത്തിൽ നടത്തിയിട്ടുള്ള പരാമർശത്തിൽ അദ്ദേഹത്തിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ആർ എസ് എസ് നൽകിയ കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്. തങ്ങൾക്ക് പങ്കില്ലെന്ന ആർ എസ് എസിന്റെ വാദം തീർത്തും സാങ്കേതികം മാത്രമാണ്. ഹിന്ദു മഹാസഭയുടെ വകഭേദം തന്നെയാണ് ആർ എസ് എസ്. ഗോഡ്‌സേ, നാരായൺ ആപ്‌തെ. വിഷ്ണു കാർക്കറെ, മദൻലാൽ പഹ്‌വ. ഇവരെയൊന്നും സംഘ്പരിവാരം തള്ളിപ്പറഞ്ഞിട്ടില്ല.

നാഥുറാം ആർ എസ് എസുകാരനായിരുന്നുവെന്ന സഹോദരൻ മദൻ ലാൽ ഗോഡ്‌സേയുടെ വാക്കുകൾ തിരുത്താൻ ആർ എസ് എസ് മെനക്കെട്ടിട്ടില്ല. ഗാന്ധിജി കൊല്ലപ്പെട്ടപ്പോൾ ആർ എസ് എസ് ആസ്ഥാനത്ത് മധുരപലഹാരം വിതരണം ചെയ്തു. രാജ്യത്താകെ ഇത്തരത്തിലുള്ള ആഘോഷങ്ങൾ നടന്നു. സ്വദേശി, സ്വരാജ്, ശുചിത്വം തുടങ്ങി തങ്ങൾക്ക് പറ്റിയ ഏതാനും ഗാന്ധിയൻ ആദർശങ്ങൾ എടുത്തിട്ട് ഗാന്ധിയെ സ്വന്തമാക്കണമെങ്കിൽ ഈ ചരിത്ര വ സ്തുതകൾ മുഴുവൻ കുഴിച്ചു മൂടേണ്ടി വരും. ഗാന്ധിയുടെ ചോര അത്ര എളുപ്പത്തിലൊന്നും ഹിന്ദുത്വ വാദികൾക്ക് കഴുകിക്കളയാനാകില്ല.