Connect with us

Editorial

അവർ രാജ്യദ്രോഹികൾ!

Published

|

Last Updated

ജനാധിപത്യ വിശ്വാസികളെ ആശങ്കപ്പെടുത്തുന്നതാണ് അടൂർ ഗോപാലകൃഷ്ണൻ, രാമചന്ദ്ര ഗുഹ, മണിരത്‌നം, അപർണ സെൻ തുടങ്ങി സാഹിത്യ, സാംസ്‌കാരിക രംഗത്തെ അമ്പത് പ്രമുഖർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ സംഭവം. ജയ്ശ്രീറാം വിളിച്ചുള്ള ആൾക്കൂട്ട ആക്രമണങ്ങൾ വ്യാപകമാകുന്നതു ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തയച്ചതിന് ബിഹാറിലെ സദർ പോലീസാണ് ഇവർക്കെതിരെ രാജ്യദ്രോഹക്കുറ്റം, മതവികാരം വ്രണപ്പെടുത്തൽ, സമാധാന ലംഘനം ഉദ്ദേശിച്ചുള്ള പ്രകോപനം തുടങ്ങിയ കുറ്റങ്ങൾ ഉൾപ്പെടുത്തി എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. പിന്നാക്ക വിഭാഗങ്ങൾക്കെതിരെ നടക്കുന്ന ആൾക്കൂട്ട ആക്രമണങ്ങൾ എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരുന്നത്. അഭിഭാഷകനായ സുധീർ കുമാർ ഓജ സമർപ്പിച്ച ഹരജിയിൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് എഫ് ഐ ആർ എന്നാണ് റിപ്പോർട്ട്. കത്തിൽ ഒപ്പിട്ട അമ്പത് പേർ രാജ്യത്തിന്റെ യശസ്സിനു കോട്ടം വരുത്തിയതായും പ്രധാനമന്ത്രിയുടെ പ്രശംസനീയമായ പ്രവർത്തനങ്ങൾ അട്ടിമറിക്കാൻ ശ്രമിച്ചുവെന്നും വിഭാഗീയ ശക്തികൾക്കു കൂട്ടുനിൽക്കുന്നുവെന്നും പരാതിയിൽ സുധീർകുമാർ ഓജ ആരോപിക്കുന്നു.

സർക്കാറിന്റെ നിലപാടുകളോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നവർക്കും വിമർശകർക്കുമെതിരെ ഗുരുതര വകുപ്പുകൾ ചുമത്തി കേസെടുക്കുന്ന സംഭവങ്ങൾ രാജ്യത്ത് വർധിച്ചു വരികയാണ്. കഴിഞ്ഞ മാർച്ചിലാണ് മണിപ്പൂർ മുഖ്യമന്ത്രി ബിരെൺ സിംഗിനെ മോദിയുടെ കളിപ്പാവയെന്ന് ഫേസ്ബുക്ക് വീഡിയോയിൽ വിമർശിച്ചതിനു ദേശ സുരക്ഷാ നിയമം ഉപയോഗിച്ചു മണിപ്പൂർ മാധ്യമ പ്രവർത്തകൻ കിഷോർചന്ദ്രനെ ജയിലിലടച്ചത്. ഗൗരി ലങ്കേഷ് വധത്തിൽ മൗനം പാലിച്ച പ്രധാനമന്ത്രിയെ വിമർശിച്ചതിന് പിന്നാലെ നടൻ പ്രകാശ് രാജിനെതിരെ കേസെടുത്തിരുന്നു. ബോളിവുഡ് നടൻ ഷാരൂഖ് ഖാനെ എൻഫോഴ്‌സ്മെന്റ് വിദേശ നാണയ ചട്ട ലംഘനം ആരോപിച്ചു ചോദ്യം ചെയ്തിരുന്നത് രാജ്യത്ത് പെരുകുന്ന അസഹിഷ്ണുതയെ വിമർശിച്ചതിനായിരുന്നു.

ക്രിയാത്മകമായ വിമർശനം ജനാധിപത്യത്തിന് അനിവാര്യമാണെന്നായിരുന്നു കേന്ദ്ര സർക്കാറിന്റെ മൂന്നാം വാർഷിക വേളയിൽ, പ്രതിമാസ റേഡിയോ പരിപാടിയായ മൻ കീ ബാത്തിൽ പ്രസംഗിക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. വിജ്ഞാനമുള്ള സമൂഹത്തിനും അവബോധ സമൂഹത്തിനും വിമർശനത്തിനുളള അവസരം ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് പിന്നാക്ക വിഭാഗങ്ങൾ അകാരണമായി വേട്ടയാടപ്പെടുമ്പോൾ അതിനെതിരെ നടപടിയെടുക്കാൻ ഭരണകൂടത്തോട് ആവശ്യപ്പെടേണ്ടത് ജനാധിപത്യ വിശ്വാസികളുടെ ബാധ്യതയാണ്. ആ ഉത്തരവാദിത്വം നിർവഹിച്ചുകൊണ്ട് ക്രിയാത്മക വിമർശങ്ങളേ അടൂർ ഗോപാലകൃഷ്ണൻ ഉൾപ്പെടെയുള്ള സാംസ്‌കാരിക, സാഹിത്യ നായകന്മാർ നടത്തിയിട്ടുള്ളൂ. എന്നിട്ടും എന്തിനാണ് കേസെടുക്കുന്നത്?

ഈ നടപടിക്കെതിരെ എന്തേ പ്രധാനമന്ത്രി പ്രതികരിക്കാത്തത്? ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിൽ വിമർശത്തിനുള്ള പങ്കിനെക്കുറിച്ചു പറയുമ്പോൾ തന്നെ മോദി വിമർശങ്ങളെ ഭയക്കുന്നുവെന്നതാണ് വസ്തുത. എതിർപ്പിന്റെ ചെറുസ്വരങ്ങൾ പോലും ഉൾക്കൊള്ളാനുള്ള മാനസിക വിശാലത അദ്ദേഹമോ ബി ജെ പി നേതൃത്വമോ പ്രകടിപ്പിക്കുന്നില്ല. സ്തുതിപാഠകരെ മാത്രം ഇഷ്ടപ്പെടുകയും വിമർശകരെ നിഷ്‌കരുണം തൂക്കിലേറ്റുകയും ചെയ്യുന്ന സ്വേഛാധിപതികളായ ഭരണാധികാരികളുടെ പതിപ്പായി മാറുകയാണ് രാജ്യത്തെ നയിക്കുന്നവർ. തങ്ങളുടെ വ്യക്തിപരവും രാഷട്രീയവുമായ താത്പര്യങ്ങൾക്കെതിരായ എത് ശബ്ദവും അനക്കവും അധികാര ദണ്ഡു കൊണ്ടു അടിച്ചമർത്തുകയാണിവർ.

മാധ്യമ പ്രവർത്തകനും ആക്ടിവിസ്റ്റുമായ ഗൗതം നവ്‌ലാഖ, കവി വരവരറാവു തുടങ്ങിയ മനുഷ്യാവകാശ പ്രവർത്തകരുടെ അറസ്റ്റിനെതിരെ ചരിത്രകാരി റൊമില ഥാപ്പറും സാമ്പത്തിക വിദഗ്ധൻ പ്രഭാത് പട്‌നായിക്കും സമർപ്പിച്ച ഹരജിയുടെ പരിഗണനാ വേളയിൽ 2018 ആഗസ്റ്റ് 29ന് സുപ്രീംകോടതി ജനാധിപത്യത്തിൽ ക്രിയാത്മക വിമർശനത്തിന്റെ അനിവാര്യതയെക്കുറിച്ച് ഊന്നിപ്പറഞ്ഞിട്ടുണ്ട്. ഭിന്നാഭിപ്രായം ജനാധിപത്യത്തിന്റെ സുരക്ഷാവാൾവാണെന്നും അതനുവദിച്ചില്ലെങ്കിൽ പ്രഷർകുക്കർ പൊട്ടിത്തെറിക്കുമെന്നുമാണ് പരമോന്നത കോടതി ഓർമിപ്പിച്ചത്. കഴിഞ്ഞ മാർച്ചിൽ അഹമ്മദാബാദിൽ ഒരു ചടങ്ങിൽ പ്രസംഗിക്കവേ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ദീപക് ഗുപ്ത നടത്തിയ പരാമർശങ്ങൾ ഇതിന് അടിവരയിടുന്നു. “സർക്കാറിനെയോ കോടതിയെയോ ബ്യൂറോക്രസിയെയോ സൈന്യത്തെയോ വിമർശിക്കുന്നത് രാജ്യദ്രോഹമാകില്ല. വിമർശങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുമ്പോൾ ജനാധിപത്യ രാജ്യമെന്നതിനു പകരം ഇന്ത്യ പോലീസ് സ്റ്റേറ്റായി മാറു”മെന്ന് അദ്ദേഹം പറഞ്ഞു. കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങൾ സംബന്ധിച്ചു ട്വീറ്റ് ചെയ്തതിനു ജമ്മു കശ്മീർ പീപ്പിൾസ് മൂവ്‌മെന്റ് നേതാവ് ഷഹ്‌ല റാശിദിനെതിരെ ഡൽഹി പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനു പിന്നാലെയായിരുന്നു ജസ്റ്റിസ് ദീപക് ഗുപ്തയുടെ ഈ പ്രതികരണം. വിമർശങ്ങളെ ഭയപ്പെടാതെ അവയോട് ക്രിയാത്മക സമീപനം സ്വീകരിച്ചവരായിരുന്നു രാജ്യത്തെ മുൻകാല ഭരണാധികാരികൾ വിശിഷ്യാ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു. വിമർശങ്ങളെ ഉൾക്കൊള്ളാനുള്ള വിശാല മനസ്‌കതയും സഹിഷ്ണുതയും നെഹ്‌റുവിന്റെ വ്യക്തിത്വത്തിലെ സവിശേഷ ഘടകങ്ങളായിരുന്നു. “അധികാരത്തിലിരിക്കുന്ന വ്യക്തി വിമർശനത്തിനു വിധേയനാകണം.

സ്‌നേഹബുദ്ധിയോടെയുള്ള വിമർശമാണെങ്കിൽ അവസാനമില്ലാത്ത വിമർശത്തിനും വിധേയനാകണം. ചിന്തയിലോ പ്രവൃത്തിയിലോ സങ്കുചിതത്വം പുലർത്തുന്നവർ നയിക്കുന്ന ഒരു രാജ്യത്തിനും മഹത്തായ രാജ്യമാകാൻ കഴിയില്ല” എന്ന് അദ്ദേഹം പറയുമായിരുന്നു. വിമർശങ്ങളെ ഭയക്കുന്ന ഇന്നത്തെ ഭരണാധികാരികൾക്ക് വഴികാട്ടിയാകേണ്ടതാണ് ഈ വാക്കുകൾ.

---- facebook comment plugin here -----

Latest