Connect with us

Kerala

കൊലപാതക പരമ്പര തീര്‍ത്ത ജോളി കൂര്‍മ്മ ബുദ്ധിക്കാരി: എസ് പി. കെ ജി സൈമണ്‍

Published

|

Last Updated

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിക്ക് ഒറ്റക്ക് ആറ് കൊലപാതകങ്ങളും നടത്താനുള്ള കൂര്‍മ്മ ബുദ്ധിയുണ്ടെന്ന് അന്വേഷണ സംഘ തലവന്‍ എസ് പി കെ ജി സൈമണ്‍.

ഭര്‍ത്താവിനെ പോലും താന്‍ എന്‍ ഐ ടി പ്രൊഫസറാണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ ജോളിക്ക് ഇക്കാലമത്രയും കഴിഞ്ഞത് ഇതിന് തെളിവാണെന്നും ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കവെ എസ് പി പറഞ്ഞു. ജ്വല്ലറി ജീവനക്കാരന്‍ മാത്യുവുമായി സാമ്പത്തിക കരാര്‍ ഉണ്ടാക്കിയോ എന്ന കാര്യം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നുണപരിശോധനയ്ക്ക് ആവശ്യപ്പെട്ടിരുന്നെങ്കിലും ജോളി സഹകരിച്ചിരുന്നില്ല. റോയിയുടെ പിതാവ് മരിച്ചതിനെ തുടര്‍ന്നുള്ള കേസ് പിന്‍വലിക്കണം എന്ന് ജോളി ആവശ്യപ്പെട്ടിരുന്നു.സ്വത്തുതര്‍ക്കം ഒത്തുതീര്‍പ്പാക്കാന്‍ കേസ് പിന്‍വലിക്കണമെന്നായിരുന്നു ആവശ്യം. ഇതാണ് അന്വേഷണം ജോളിയിലേക്ക് എത്തിച്ചതെന്നും എസ് പി പറഞ്ഞു.

അതേസമയം ഫോറന്‍സിക് പരിശോധനാ ഫലം വേഗത്തില്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് എസ് പി കണ്ണൂര്‍ ഫോറന്‍സിക് ലബോറട്ടറി ഡയറക്ടര്‍ക്ക് കത്തയച്ചു. കേസില്‍ അറസ്റ്റിലായ മൂന്ന് പേരെ കോടതി റിമാഡ് ചെയ്തു. രണ്ടാഴ്ചകാലത്തേക്കാണ് റിമാന്റ് ചെയ്തത്. താമരശ്ശേരി ഒന്നാം ക്ലാസ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്.പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പോലീസ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ബുധനാഴ്ച അപേക്ഷ കോടതി പരിഗണനക്കെടുക്കും