Connect with us

Kerala

കൂടത്തായിയിലെ കൊലപാതക പരമ്പര: 11 പേര്‍ പോലീസ് നിരീക്ഷണത്തില്‍; ടോം തോമസിന്റെ വീട് പോലീസ് അടച്ചുപൂട്ടി

Published

|

Last Updated

കോഴിക്കോട്: കൂടത്തായിയില്‍ ഒരു കുടുംബത്തിലെ ആറ് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. കൃത്യത്തിന് ബന്ധുക്കളും സുഹൃത്തുക്കളും സഹായിച്ചുവെന്ന് മുഖ്യപ്രതി ജോളി മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ 11 പേര്‍കൂടി പോലീസിന്റെ നിരീക്ഷണത്തിലാണ് . അതേ സമയം ചോദ്യം ചെയ്യുന്നതിനായി ക്രൈംബ്രാഞ്ച് മൂന്നുപേരെ വിളിപ്പിച്ചു. രണ്ട് പൊതുപ്രവര്‍ത്തകരെയും ഒരു ബിഎസ്എന്‍എല്‍ ജീവനക്കാരനെയുമാണു ചോദ്യം ചെയ്യുന്നതിനായി വിളിച്ചുവരുത്തുക. ജോളിയുടെ സുഹൃത്തുക്കളാണു മൂന്നുപേരും.

ഇതില്‍ ഒരാളുടെ വീട് ക്രൈംബ്രാഞ്ച് നേരത്തേ റെയ്ഡ് ചെയ്തിരുന്നു. കേസില്‍ ജോളിയെ സഹായിച്ചെന്നു പറയപ്പെടുന്ന രാഷ്ട്രീയ നേതാക്കളടക്കം പൊലീസിന്റെ നിരീക്ഷണത്തിലാണ്. അതേസമയം കൂടത്തായി ദുരൂഹമരണങ്ങള്‍ നടന്ന ടോം തോമസിന്റെ പൊന്നാമറ്റം വീട് പൊലീസ് സീല്‍ ചെയ്തു. പ്രതികള്‍ തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചേക്കുമെന്ന ആശങ്കയിലാണ് പോലീസ് നടപടി. അതേ സമയം റോയിയുടെ മരണത്തിന് മാത്രമെ പോലീസിന് കൃത്യമായ തെളിവ് ലഭിച്ചിട്ടുള്ളു. എന്നാല്‍ മറ്റ് മരണങ്ങളെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.

കേസില്‍ അന്വേഷണ സംഘം ഇതുവരെ 212 പേരെയാണു ചോദ്യം ചെയ്തത്. ചോദ്യം ചെയ്തുവിട്ടയച്ച ചിലരെ വീണ്ടും വിളിപ്പിക്കും. കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകളും തെളിവുകളും കണ്ടെത്താനുള്ള ശ്രമവും തുടരുകയാണ്. കേസില്‍ കൂടുതല്‍ അറസ്റ്റുകളുണ്ടായേക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.